Image

കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടും വേണം: കമല്‍ഹാസന്‍

Published on 25 January, 2017
കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടും വേണം: കമല്‍ഹാസന്‍
ചെന്നൈ: ''കേരളത്തില്‍ മദമിളകിയ ആനകളുടെ കുത്തേറ്റ് എത്രയോ ആളുകള്‍ മരിക്കുന്നു. എത്രയോ നാശനഷ്ടമുണ്ടാകുന്നു. എന്നിട്ടും അവയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം വെയിലത്തു നിര്‍ത്തി അടുത്തുനിന്ന് ചെണ്ട കൊട്ടുന്നു. വെടിക്കെട്ട് നടത്തുന്നു. അവയൊക്കെ അതിനുവേണ്ടി പരിശീലിപ്പിക്കപ്പെട്ടു കഴിഞ്ഞു. പിന്നെ എന്തിനാണ് ജെല്ലിക്കെട് നിരോധിക്കുന്നത്...?'' ചോദിക്കുന്നത് ഉലകനായകന്‍ കമല്‍ഹാസന്‍. തമിഴ്നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജല്ലിക്കെട്ടെന്ന് കമല്‍ പറഞ്ഞു. കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടും വേണം. എല്ലാവരും ഒരുപോലെ നികുതി നല്‍കുന്നവരാണെന്നിരിക്കെ, കേരളത്തിനും തമിഴ്നാടിനും രണ്ടു നിയമം എന്ന രീതി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.


ജെല്ലിക്കെട്ടില്‍ മരിക്കുന്നതിലേറെ ആളുകള്‍ വാഹനാപകടങ്ങളിലും മറ്റും മരിക്കാറുണ്ടെന്നും ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും വാഹനങ്ങള്‍ നിരോധിക്കുന്നില്ല. അപകടകരമാണെന്ന് അറിയാമെങ്കിലും വാഹന റേസിങ് നിരോധിക്കുന്നില്ല. ജെല്ലിക്കെട്ടിന് മാത്രമാണ് നിരോധനമുള്ളത്. ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ വര്‍ഷം മുഴുവനും കാളകളെ നല്ല ഭക്ഷണവും മറ്റും കൊടുത്ത് പരിചരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെല്ലിക്കെട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണ് വേണ്ടതെന്നു കമല്‍ അഭിപ്രായപ്പെട്ടു. സമരക്കാര്‍ക്കെതിരായ പൊലീസ് നടപടി ശരിക്കും ഞെട്ടിച്ചു. ഇത് ഒഴിവാക്കേണ്ടതായിരുന്നു. 

വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണ്. തമിഴ്നാട് മുഖ്യമന്ത്രി മറീന ബീച്ചിലെ സമരമുഖം സന്ദര്‍ശിക്കേണ്ടതായിരുന്നു. എംജിആര്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം ഉറപ്പായും സമരക്കാരെ സന്ദര്‍ശിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനിടെ പൊലീസുകാര്‍ ഓട്ടോറിക്ഷകള്‍ കത്തിക്കുന്ന വിഡിയോ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ലഭിച്ചാല്‍ സമരക്കാര്‍ ശാന്തരായേനെയെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക