Image

കാരുണ്യത്തിന്റെ മാലാഖ മണ്മറഞ്ഞിട്ട് രണ്ടു വര്‍ഷം

മഞ്ജു മണിക്കുട്ടന്‍ Published on 25 January, 2017
കാരുണ്യത്തിന്റെ മാലാഖ മണ്മറഞ്ഞിട്ട് രണ്ടു വര്‍ഷം
വീണ്ടും ഒരു ജനുവരി 26 കൂടി ...

വേദനിപ്പിയ്ക്കുന്ന ഓര്‍മ്മകളുടെ ഒരു ദിവസം ...

ഞങ്ങളുടെ പ്രിയപ്പെട്ട സഖാവ് സഫിയ അജിത്ത് വിടവാങ്ങിയിട്ട് ജനുവരി 26ന് രണ്ടു വര്‍ഷം തികയുകയാണ്.

എന്റെ ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാനാകാത്ത ഓര്‍മ്മകളില്‍ സഫിയ നിറഞ്ഞു നില്‍ക്കുന്നു. മരണം വരെ അവ മായുകയുമില്ല.

സൗദി അറേബ്യയിലെ ജീവകാരുണ്യരംഗത്ത് ധൈര്യമായി ഒരു വനിതയ്ക്ക് കടന്നു വരാമെന്നും, ഇവിടത്തെ കര്‍ശനമായ നിയമവ്യവസ്ഥിതിയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ നൂറുകണക്കിന് സ്ത്രീകള്‍ക്കും, അശരണരായ പ്രവാസികള്‍ക്കും രക്ഷയേകാന്‍ കഴിയുമെന്നും തെളിയിച്ച കരുത്തേറിയ ഒരു ജീവിതമായിരുന്നു സഫിയ അജിത്ത്.

വെറുമൊരു വീട്ടമ്മയായി ഭര്‍ത്താവും, ജോലിയും, കുട്ടികളിലും ഒതുങ്ങിക്കൂടിയ എന്നെ അശരണരുടെയും, ആലംബഹീനരുടെയും കഷ്ടതകളില്‍ പങ്കു ചേരുവാനും, അവര്‍ക്ക് വേണ്ടി നമുക്കും എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചു തന്നതും പ്രിയപ്പെട്ട സഫിയായിരുന്നു. അവരുമൊത്തുള്ള സഹവര്‍ത്തിത്വമാണ് എന്നെ ജീവകാരുണ്യരംഗത്ത് വരുവാന്‍ പ്രേരണ നല്‍കിയത്. ജീവകാരുണ്യരംഗത്ത് ആ സ്‌നേഹമേറിയ വ്യക്തിത്വം എന്റെ വഴികാട്ടിയായി. എന്റെ അവധിദിവസങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു കൂടി, ഒരു കുടുംബം പോലെ ഒന്നിച്ചു ചിലവിട്ട നാളുകള്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയില്ല.

സ്വയം വേദനിയ്ക്കുമ്പോഴും അത് പുറത്തു കാണിയ്ക്കാതെ, മറ്റുള്ളവരുടെ വേദനകളില്‍ പരിതപിയ്ക്കുന്ന സഫിയയ്ക്ക്, ക്യാന്‍സര്‍ എന്ന മാരകരോഗമാണെന്നത് വളരെ വൈകിയാണ്, ഒരുമിച്ചു പ്രവര്‍ത്തിച്ച ഞാന്‍ പോലും അറിഞ്ഞത്.
സ്വന്തം കാര്യം മാത്രം നോക്കി ജീവിയ്ക്കുന്ന പ്രവാസി കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായി, കഷ്ടതകളില്‍ വീണു പോയ അശരണരെ സ്വന്തം വീട്ടില്‍ കൊണ്ടു വന്നു താമസിപ്പിച്ചു ശിശ്രൂഷിയ്ക്കുകയും, അവരുടെ നിയമനടപടികള്‍ ഒക്കെ പൂര്‍ത്തിയാക്കി നാട്ടിലയയ്ക്കുന്നത് വരെ അഭയം നല്‍കുകയും ചെയ്യാറുള്ള ആ പുണ്യജീവിതം, വ്യത്യസ്തമായ ഒരു ജീവിതാനുഭവമായിരുന്നു.


വനിതാ അഭയകേന്ദ്രത്തില്‍ വരുന്ന ഇന്ത്യന്‍ വനിതകളുടെ രക്ഷകയായിരുന്നു സഫിയ. അവിടത്തെ സൗദി ഉദ്യോഗസ്ഥര്‍ വരെ അവരോട് വളരെ ബഹുമാനത്തോടെ പെരുമാറുന്നത് കാണുമ്പോള്‍ എനിയ്ക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍, ലേബര്‍ കോടതി, ജവാസാത്ത്, തര്‍ഹീല്‍ തുടങ്ങിയ ഗവണ്‍മെന്റ് ഓഫീസുകളില്‍ ഭയമേതുമില്ലാതെ കടന്നു ചെന്ന്, നിയമക്കുരുക്കുകളില്‍ പെട്ട് കഷ്ടതയനുഭവിയ്ക്കുന്നവരുടെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള അവരുടെ ധൈര്യം എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ പോലെ യാഥാസ്ഥിതകമായ ഒരു സമൂഹത്തില്‍, പോലീസ്, ജവാസത്ത് ഉദ്യോഗസ്ഥരെ കാണുമ്പോള്‍ തന്നെ ഭയക്കുന്ന സാമാന്യ പ്രവാസിസമൂഹത്തിലാണ്, ഒരു സ്ത്രീ ഇത്രയും സാമൂഹ്യസേവനം ചെയ്തത് എന്നോര്‍ക്കുമ്പോള്‍ സഫിയയുടെ മഹത്വം നമുക്ക് മനസിലാക്കാം.

നവയുഗം സാംസ്‌കാരിക വേദിയുടെ കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റ് ആയിരുന്ന സഫിയയുടെ പ്രവര്‍ത്തനങ്ങള്‍, നവയുഗത്തിന് പ്രശസ്തിയും, പ്രവാസികള്‍ക്കിടയില്‍ അംഗീകാരവും നേടിക്കൊടുത്തു. ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് ഒരു കൂട്ടം പ്രവര്‍ത്തകരുടെ കൂട്ടായ്മ ഉണ്ടാക്കി, നവയുഗത്തിന് പുതിയ ദിശ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ, നവയുഗത്തിന്റെ ജീവകാരുണ്യവേദിയിലൂടെ വളരെയധികം പ്രവാസികളുടെ ദുരിതങ്ങള്‍ പരിഹരിയ്ക്കാന്‍ സഫിയയ്ക്ക് കഴിഞ്ഞു.

ഏറെ പുരസ്‌കാരങ്ങള്‍ സഫിയയെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കും അപ്പുറത്ത് പ്രവാസിമനസ്സുകളില്‍ അവര്‍ നേടിയ സ്ഥാനം വളരെ വലുതാണ്. അവര്‍ വിടവാങ്ങിയപ്പോള്‍, പ്രവാസലോകം ഒന്നടങ്കം അനുഭവിച്ച വേദന വിലാപമായി മാറിയത്, ആ ജീവിതം നല്‍കിയ നന്മയുടെ തൂവല്‍സ്പര്‍ശത്തെ തിരിച്ചറിഞ്ഞത് കൊണ്ടാണ്.

ഞങ്ങളെ വിട്ടുപോയെങ്കിലും സഫിയ ഞങ്ങളിലൂടെ ജീവിയ്ക്കുന്നു. അവര്‍ തെളിയിച്ച വഴികളിലൂടെ നവയുഗം ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ., തുടര്‍ച്ച കെടാത്ത കൈത്തിരിനാളമായ് ഞങ്ങള്‍ ആ ഓര്‍മ്മകള്‍ നിലനിര്‍ത്തും..

സഫിയ ആകാന്‍ ആര്‍ക്കും കഴിയില്ല... പക്ഷെ അവരെപ്പോലെയാകാന്‍ നമുക്ക് ശ്രമിച്ചു കൂടെ...

സ്‌നേഹപൂര്‍വ്വം

മഞ്ജു മണിക്കുട്ടന്‍
(നവയുഗം കോബാര്‍ മേഖല വൈസ്പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകയുമാണ് ലേഖിക)
കാരുണ്യത്തിന്റെ മാലാഖ മണ്മറഞ്ഞിട്ട് രണ്ടു വര്‍ഷം
കാരുണ്യത്തിന്റെ മാലാഖ മണ്മറഞ്ഞിട്ട് രണ്ടു വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക