Image

നവയുഗവും എംബസ്സിയും തുണച്ചു; പീഡനപര്‍വ്വത്തില്‍ നിന്നും രക്ഷപ്പെട്ട് ആന്ധ്രാക്കാരി നാട്ടിലേയ്ക്ക് മടങ്ങി.

Published on 26 January, 2017
നവയുഗവും എംബസ്സിയും തുണച്ചു; പീഡനപര്‍വ്വത്തില്‍ നിന്നും രക്ഷപ്പെട്ട് ആന്ധ്രാക്കാരി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോണ്‍സറുടെ വീട്ടിലെ ദുരിതജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയും ചെന്നൈയില്‍ താമസക്കാരിയുമായ അങ്കമ്മ വെമുല ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് ജുബൈലില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. രാപകലില്ലാതെ ജോലി, സ്‌പോണ്‍സറുടെ ഭാര്യയുടെ വക ശകാരം, വിശ്രമമില്ലായ്മ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിങ്ങനെ പ്രശ്നങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അവര്‍ക്കു നേരിടേണ്ടി വന്നു. ആദ്യത്തെ മൂന്നു മാസം ശമ്പളം കിട്ടിയെങ്കിലും, പിന്നീട് അതും കിട്ടാതെയായി. അഞ്ച് മാസത്തോളം ശമ്പളം കിട്ടാതായപ്പോള്‍, അതിനെതിരെ പ്രതിഷേധിച്ചതിന്, സ്‌പോണ്‍സറുടെ ഭാര്യ തന്നെ മര്‍ദിച്ചതായി അങ്കമ്മ പറയുന്നു. ജീവിതം പൂര്‍ണ്ണമായും ദുരിതമയമായപ്പോള്‍, ആരോടും പറയാതെ പുറത്തു കടന്ന അവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. പോലീസ് അവരെ ദമ്മാമിലുള്ള വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് അങ്കമ്മ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും അങ്കമ്മയുടെ സ്‌പോണ്‍സറോട് സംസാരിച്ചെങ്കിലും, ഒരു തരത്തിലുള്ള സഹകരണത്തിനോ, ഒത്തുതീര്‍പ്പിനോ സ്‌പോണ്‍സര്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഇവര്‍ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തതിനാല്‍ അങ്കമ്മയുടെ മടക്കയാത്ര വീണ്ടും നീണ്ടു പോയി. അവരുടെ ദുരവസ്ഥ നവയുഗം പ്രവര്‍ത്തകരില്‍ നിന്നും കേട്ട, ദമ്മാമിലെ സിറ്റി ഫഌര്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനി അവര്‍ക്കുള്ള വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സമ്മാനങ്ങളും സൗജന്യമായി നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അങ്കമ്മ വെമുല നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: അങ്കമ്മ വെമുലയ്ക്ക് മഞ്ജു മണിക്കുട്ടന്‍ യാത്രരേഖകള്‍ കൈമാറുന്നു.

നവയുഗവും എംബസ്സിയും തുണച്ചു; പീഡനപര്‍വ്വത്തില്‍ നിന്നും രക്ഷപ്പെട്ട് ആന്ധ്രാക്കാരി നാട്ടിലേയ്ക്ക് മടങ്ങി.
അങ്കമ്മ വെമുലയ്ക്ക് മഞ്ജു മണിക്കുട്ടന്‍ യാത്രരേഖകള്‍ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക