Image

മാവോയിസ്റ്റ് ഭീതിയില്‍ കുത്തകകളും അഴിമതിയുടെ ആര്‍ത്തിപ്പണ്ടാരങ്ങളും

എ.എസ് ശ്രീകുമാര്‍ Published on 27 January, 2017
മാവോയിസ്റ്റ് ഭീതിയില്‍ കുത്തകകളും അഴിമതിയുടെ ആര്‍ത്തിപ്പണ്ടാരങ്ങളും
കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ സംസ്ഥാനത്ത് ഉന്‍മൂലന പ്രസ്ഥാനത്തിന്റെ വളര്‍ച്ച വ്യാപിക്കുകയാണെന്നതിന് കൂടുതല്‍ തെളിവേകുന്നു. അതിനുമപ്പുറം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യം നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ അനുകൂലവുമാണ്. വയനാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസികളില്‍ നിന്നും തോട്ടം തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നും മാവോയിസ്റ്റുകള്‍ക്ക് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. ഭരണകൂട-ബ്യൂറോക്രാറ്റിക് അരുതായ്കകള്‍ക്കെതിരെ ജനകീയമായ വിഷയങ്ങളില്‍ ഇടപെടാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ആക്രമണങ്ങള്‍. ദക്ഷിണേന്ത്യയില്‍ തന്നെ 124 ഓളം നക്‌സല്‍ ഗ്രൂപ്പുകള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നുണ്ട്. അതിന് പുറമെ ചൈനയില്‍ നിന്നുള്ള രഹസ്യ സഹായവുമുണ്ടത്രേ. ഇക്കഴിഞ്ഞ നവംബര്‍ 23ന് നിലമ്പൂര്‍ കാട്ടില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ച് കൊന്നത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

അജിത, കുപ്പുദേവരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കുപ്പു ദേവരാജിന്റെ ശരീരം തുളച്ച് മൂന്ന് വെടിയുണ്ടകള്‍ പുറത്തേക്കു പോയി. നാല് വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്നും കണ്ടെത്തി. ഇയാളുടെ ഇരു കാലുകളുടേയും മുട്ടിനു താഴെ തകര്‍ന്ന നിലയിലായിരുന്നു. വൃഷണവും തകര്‍ന്നു. അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ 13 എണ്ണം ശരീരം തുളച്ച് പുറത്തു പോയി. നെഞ്ചിന്റെ ഭാഗത്താണ് കൂടുതല്‍ മുറിവുകള്‍. ആന്തരികാവയവങ്ങള്‍ ചിതറിയ നിലയിലായിരുന്നു. നട്ടെല്ലും പലയിടങ്ങളിലായി തകര്‍ന്നു. പിന്‍ഭാഗത്താണ് കൂടുതലും വെടിയേറ്റത്. ഇത് പോലീസിന്റെ വ്യാജ ഏറ്റുമുട്ടലാണെന്നാരോപിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്‍ നക്‌സലൈറ്റുകാരും ചില തീവ്ര സാഹിത്യകാരും രംഗത്തുവന്നതോടെ പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. സംസ്ഥാന പോലീസ് മേധാവിയും ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ബോധപൂര്‍വം ഒഴിഞ്ഞുമാറി. 

കഴിഞ്ഞ വര്‍ഷം ഇതേ സമയം വയനാട്ടിലെ തിരുനെല്ലി, കളമശേരി, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായി. പാലക്കാട്-മലപ്പുറം വനാതിര്‍ത്തിയോടു ചേര്‍ന്ന ബെങ്കിത്തപാല്‍ വനമേഖലയില്‍ മാവോവാദികളെന്ന് കരുതുന്നവര്‍ വിശ്രമിക്കുന്ന ചിത്രം തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന് അന്ന് ലഭിച്ചിരുന്നു. വനമേഖലയില്‍ ചിത്രങ്ങളെടുക്കാന്‍പോയ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ചിത്രം ലഭിച്ചത്. അജിത, കുപ്പുസ്വാമി എന്നിവരെ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകള്‍ കൂടുതല്‍ ശക്തരായിട്ടുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം. കേരളത്തിലെ കൊടും അഴിമതിക്കാരായ നാല്‍പതിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്‌കെച്ച് എടുത്തുകൊണ്ട് അവരെ വകവരുത്താനുള്ള നീക്കത്തിലാണിപ്പോള്‍ മാവോയിസ്റ്റുകള്‍. കള്ളപ്പണത്തില്‍ ചീര്‍ത്ത കുത്തകകള്‍ക്കും പകല്‍ കോഴയുടെ മൊത്തക്കച്ചവടക്കാര്‍ക്കും ഇപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. 

ഇതിനിടെ മാവോയിസ്റ്റുകള്‍ വനത്തിനകത്ത് ആയുധങ്ങളേന്തി യോഗം ചേരുന്ന ദൃശ്യങ്ങള്‍ ഈയിടെ പുറത്ത് വരികയുണ്ടായി. നിലമ്പൂര്‍ വനത്തിനകത്ത് നടന്ന ട്രെയിനിങ് പരിപാടിയുടെ ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പതാക ഉയര്‍ത്തിയ ശേഷം നേതാവ് പ്രസംഗിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. നിലമ്പൂര്‍ വനത്തിനകത്ത് നടന്നതാണ് ഈ പരിപാടിയെന്നാണ് പൊലീസ് വാദം. എന്നാല്‍ പ്രസംഗവും പ്രതിജ്ഞയും മലയാളത്തിലല്ല. ഭരണകൂടത്തെ വിശ്വസിക്കരുതെന്നും പോരാട്ടം തുടരണമെന്നും പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ക്ക് പദ്ധതിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മാവോയിസ്റ്റുകളുടെ ഷെഡ്ഡില്‍ നിന്നും മുപ്പതിലധികം പെന്‍ഡ്രൈവുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിടുന്നതെന്നാണ് പൊലീസ് പറയുന്നത്. 
$$$
വാസ്തവത്തില്‍ എന്താണ് മാവോയിസം...? ചൈനയുടെ പരമോന്നത നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ ചിന്തകളെയാണ് മാവോയിസം എന്നു പറയുന്നത്. മാവോയുടെ അഭിപ്രായങ്ങളില്‍ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിനാധാരം. ഇത് റിവിഷനിസത്തിനെതിരായ ഒരു മാര്‍ക്‌സിയന്‍ തത്വചിന്തയായി പരിഗണിക്കപ്പെടുന്നു. 1950കളിലും 1960കളിലുമാണ് ഇത് ഉരുത്തിരിഞ്ഞത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദാര്‍ശനികമായ വഴികാട്ടിയായാണ് ഈ നിലപാടുകളെ പരിഗണിച്ചിരുന്നതെങ്കിലും 1978ല്‍ ഡെങ് സിയാവോ പിങ് സാമ്പത്തിക പരിഷ്‌കരണമാരംഭിച്ചതോടെ ചൈനയില്‍ മാവോയിസം പുറന്തള്ളപ്പെട്ടു.

മാവോയിസ്റ്റ് സംഘടനകള്‍ ലോകത്തിന്റെ പലഭാഗത്തും ഗ്രാമീണരെ ഒളിപ്പോരിലൂടെ ഭരണകൂടത്തിനെതിരേ കലാപം നയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പെറുവിലെ ഷൈനിംഗ് പാത്ത്, ഇന്ത്യയിലെ മാവോയിസ്റ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ പ്രധാന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഒന്നാണ് സി.പി.ഐ മാവോയിസ്റ്റ്. 2004 സെപ്റ്റംബര്‍ 21ന് സി.പി.ഐ (എം.എല്‍), പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, ഇന്ത്യയിലെ രണ്ട് വലിയ മാവോയിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് രൂപം കൊണ്ടു. നക്‌സല്‍ബാരി കാര്‍ഷിക കലാപം ജന്മം നല്കിയ നക്‌സൈലൈറ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണി ഉയരുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ന് പതിമൂനിലേറെ സംസ്ഥാനങ്ങളില്‍ നക്‌സല്‍ പ്രസ്ഥാനത്തിന് സജീവമായ പ്രവര്‍ത്തനങ്ങളുണ്ട്. പല സംസ്ഥാനങ്ങളും ഈ പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ആക്രമണങ്ങള്‍ നടത്തി ദക്ഷിണേന്ത്യയില്‍ വ്യാപിക്കാന്‍ നക്‌സലുകള്‍ ശ്രമം നടത്തുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ് മലപ്പുറത്തും വയനാട്ടിലും മറ്റും നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍. കേരളത്തല്‍ മാവോയിസ്റ്റുകള്‍ക്ക് കരുത്താര്‍ജ്ജിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചൈനയില്‍ നിന്നുമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പാലക്കാട്ടും വയനാട് വെള്ളമുണ്ടയിലും നടന്ന ആക്രമണങ്ങള്‍ ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റുകള്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ആദിവാസി മേഖലയിലും മറ്റ് പിന്നോക്ക പ്രദേശങ്ങളിലും ആളുകളുടെ മോശം ജീവിത സാഹചര്യങ്ങള്‍ മുതലെടുത്ത് കേരളത്തില്‍ വേരുറപ്പിക്കാനാണ് മാവോയിസ്റ്റ് നീക്കം. പശ്ചിമഘട്ടത്തില്‍ തങ്ങളുടെ വേരോട്ടം ശക്തിപ്പെടുത്താനാണ് മാവോയിസ്റ്റുകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സി.പി.ഐ മാവോയിസ്റ്റ് ഏറ്റവുമധികം ശക്തി കേന്ദ്രീകരിക്കുന്നത് കേരളത്തിലാണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രശനങ്ങള്‍ നടക്കുന്ന സംസ്ഥാനമെന്ന പേരും കേരളത്തിനുണ്ട്. ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് കൊണ്ട് തങ്ങള്‍ക്കനുകൂലമായ സാഹചര്യം വളര്‍ത്തിയെടുക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണങ്ങളില്‍ പോലും ഇത് പ്രകടമായിരുന്നു. കേരളത്തില്‍ വടക്കന്‍ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും കര്‍ണാടകയില്‍ മൈസൂര്‍, കൊടക്, ഉഡുപ്പി, ചിക്കമലഗലൂര്‍, ഷിമോഗ എന്നിവിടങ്ങളിലുമാണ് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളത്.

കേരളത്തില്‍ അടിത്തറ പാകിയ ശേഷം അയല്‍ സംസ്ഥാനങ്ങളിലേയ്ക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം. ചൈനയില്‍ നിന്നും മാവോയിസ്റ്റ് അനുകൂലികള്‍ ശ്രീലങ്കയിലേയ്ക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേയ്ക്കും തുടര്‍ന്ന് കേരളത്തിലേയ്ക്കും എത്തുന്നു. തമിഴ് വികാരം തന്നെയാണ് തമിഴ്‌നാട്ടില്‍ മാവോയിസത്തെ വളര്‍ത്തുന്നത്. തമിഴ് പുലികളുടെ യുഗം അവസാനിച്ചെങ്കിലും ഇന്നും പുലികളോട് അനുഭാവമുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തമിഴ് ജനതയില്‍ ഉണ്ട്. എല്‍.ടി.ടി.ഇയോടുള്ള സഹാനുഭൂതിയും തമിഴന്റെ ശ്രീലങ്കന്‍ വിരുദ്ധ വികാരവും നക്‌സലുകള്‍ക്ക് തുണയാവുകയാണ്. ഒട്ടേറെ എല്‍.ടി.ടി.ഇ അനുഭാവികളാണ് തമിഴ്‌നാട്ടില്‍ മാവോയിസത്തെ പിന്തുണയ്ക്കുന്നത്. ആന്ധ്രപ്രദേശിലെ ദണ്ഡകാരണ്യത്തില്‍ നടന്ന നക്‌സുകളുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തവരില്‍ ഏറെയും എല്‍.ടി.ടി.ഇ അനുഭാവികളായിരിരുന്നു. ഇവര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. 

വിഭജിക്കപ്പെട്ട ആന്ധ്ര പ്രദേശിനെ പോലെ മാവോയിസ്റ്റുകള്‍ കര്‍ണാകടയ്ക്കും തലനേദനയുണ്ടാക്കിയിരുന്നു. തോട്ടം മേഖലയിലായാലും നിര്‍മാണ മേഖലയിലായാലും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ഒട്ടേറെ തൊഴിലാളികള്‍ എത്തുന്ന സംസ്ഥാനമാണ് കര്‍ണാടക. ഈ തൊഴിലാളികളെ തന്നെയാണ് മാവോയിസ്റ്റുകള്‍ ആയുധമാക്കാനൊരുങ്ങുന്നത്. തങ്ങളുടെ വേതനത്തെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും തൊഴിലാലികളെ ബോധവത്ക്കരിക്കുക, തങ്ങളുടെ നിലപാടുകളോട് യോജിപ്പുള്ളവരെ ഒപ്പം കൂട്ടുക ഇതാണ് മാവോയിസ്റ്റ് തന്ത്രം. മാവോയിസം കര്‍ണാടകത്തില്‍ ഒരിക്കല്‍ കൂടി എത്തില്ലെന്ന വിശ്വാസം വച്ച് പുലര്‍ത്തുമ്പോഴും നിലവിലെ സാഹചര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയാണ് കര്‍ണാടക. എന്നാല്‍ കാട്ടിലൊളിച്ച് പോലിസിന്റെ കണ്ണുവെട്ടിച്ച് ഇടയ്ക്കിടയ്ക്ക് നാട്ടിലിറങ്ങുന്ന മാവോയിസ്റ്റുകളെ ഒന്നാകെ കുടുക്കാന്‍ കേരളത്തിലെ നിയമപാലകര്‍ക്കിതുവരെയും കഴിഞ്ഞിട്ടില്ല. 

മാവോയിസ്റ്റ് ഭീതിയില്‍ കുത്തകകളും അഴിമതിയുടെ ആര്‍ത്തിപ്പണ്ടാരങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക