Image

നാടിനോടും ജീവിക്കുന്ന സമൂഹത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ സാഹിത്യകാരന്മാര്‍ക്കു ബാധ്യതയുണ്ട്: മധുസൂദനന്‍ നായര്‍

Published on 27 January, 2017
നാടിനോടും ജീവിക്കുന്ന സമൂഹത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ സാഹിത്യകാരന്മാര്‍ക്കു ബാധ്യതയുണ്ട്: മധുസൂദനന്‍ നായര്‍


 
ജുബൈല്‍: തലമുറകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ വിടവും ചിന്തകളുടെ വ്യത്യസ്തമായ ഉള്‍ക്കാഴ്ചകളും സമകാലിക ലോകത്തിന്റെ ആസക്തികളുമെല്ലാം പകര്‍ത്തി നല്കാന്‍ എഴുത്തുകാരന് കഴിയണമെന്ന് പ്രശസ്ത മലയാള സാഹിത്യകാരന്‍ പ്രഫ. വി. മധുസൂദനന്‍ നായര്‍. നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി. പിള്ള പുരസ്‌കാരം 2016 നോടനുബന്ധിച്ച് മലയാള സാഹിത്യവും സമകാല പ്രവണതകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സാഹിത്യസദസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായങ്ങള്‍ പറയുന്ന സാഹിത്യകാരെയും കലാകാരന്മാരെയും ഭീക്ഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സങ്കുചിത രാഷ്ട്രീയ അജണ്ടകള്‍ എതിര്‍ക്കേണ്ടത് വര്‍ത്തമാനകാല സമൂഹത്തിന്റെ അടിയന്തര കടമയാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദപര്‍സാനെ, കല്‍ബുര്‍ഗി മുതലായവരുടെ കൊലപാതകവും പെരുമാള്‍ മുരുകന്‍, എം.ടി.വാസുദേവന്‍ നായര്‍, കമല്‍ എന്നിവര്‍ക്ക് എതിരെ നടന്ന സംഘടിത ആക്രമണങ്ങളും ഒക്കെ വിരല്‍ ചൂണ്ടുന്നത് നമ്മുടെ നാടിന്റെ ഇപ്പോഴത്തെ ഈ ദുരവസ്ഥയെയാണ്. ഇത്തരം ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ശക്തമായ ജനകീയ സാംസ്‌കാരിക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെപിഎസി അഷറഫ്, പ്രവാസി സാഹിത്യകാരായ ജോസഫ് അതിരിങ്കല്‍, അബു ഇരിങ്ങാട്ടിരി, അലി കളത്തിങ്കല്‍, ബിജു ബാലകൃഷ്ണന്‍, ഡോ. ടെസി റോണി, മാലിക് മക്ബൂല്‍, സോഫിയ ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷിഹാബ് എം. ഹസന്റെ മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്ന പുസ്തകം അബു ഇരിങ്ങാട്ടിരിക്ക് നല്‍കി പ്രഫ. വി.മധുസൂദനന്‍ നായര്‍ പ്രകാശനം ചെയ്തു. ഷഹീറ നസീറിന്റെ ജാലകകാഴ്ചകള്‍ എന്ന കഥാസമാഹാരം ടി.സി.ഷാജിക്കു നല്‍കി പ്രഫ. വി. മധുസൂദനന്‍ നായര്‍ സദസിന് പരിചയപ്പെടുത്തി. ബിജു ബാലകൃഷ്ണന്‍, എസ്.ഡി.ഷിബു, ബാപ്പു തേഞ്ഞിപ്പാലം, സന്തോഷ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. പ്രവാസി സാഹിത്യകാരന്‍ പി.ജെ.ജെ ആന്റണി മോഡറേറ്ററായിരുന്നു. 

ബെന്‍സി മോഹന്‍.ജി, മാധവ്.കെ.വാസുദേവ്, ബാപ്പു തേഞ്ഞിപ്പാലം, നിഷാന്ത് കോടമന, ഡോ. ഐഷാ ഗഫൂര്‍, സാറാഭായ് സെയ്ഫുദ്ദീന്‍, ജെയിംസ് കൈപ്പള്ളി എന്നീ പ്രവാസി സാഹിത്യകാരും സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരായ ഉമേഷ് കളരിക്കല്‍, പ്രേംരാജ്, അഡ്വ:ആന്റണി, നൂഹ് പാപ്പിനിശേരി, സാബു മേലതില്‍, റൗള്‍ഫ് മേലേത്ത്, ഷാജഹാന്‍ മനയ്ക്കല്‍, അബ്ദുള്‍ അസീസ്, അഷറഫ് ചെട്ടിപ്പടി, അബുബക്കര്‍ പട്ടണത്ത്, ജീവകാരുണ്യപ്രവര്‍ത്തകരായ മണിക്കുട്ടന്‍ പദ്മനാഭന്‍, ഷിബു കുമാര്‍, മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടി.സി. ഷാജി, ടി.എ. തങ്ങള്‍, ടി.പി. റഷീദ്, കെ.ആര്‍. സുരേഷ്, എം.ജി. മനോജ്, പുഷപകുമാര്‍, ഷെറിന്‍, എം.സ്. മുരളി, ഗിരീഷ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക