Image

ഉപദേശി (ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)

Published on 27 January, 2017
ഉപദേശി (ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)
കഴുത്തിനൊപ്പം ചീന്തിഇറക്കിവച്ച കോലന്‍മുടി. കറുത്ത ഇരുമ്പുകമ്പികള്‍ പോലുള്ള രോമങ്ങള്‍ .തിങ്ങിനിറഞ്ഞ കട്ടപുരികം, ഇടയിലോരൊന്ന് പ്രായാധിക്യത്താല്‍ വെളുക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്നൊരുസംശയം. ഒരല്‍പം രക്തവര്‍ണംപുരണ്ട ഉണ്ടക്കണ്ണുകള്‍, മൂക്കിനുതാഴെ ഇരുവശങ്ങളിലേയ്ക്കായിപിരിച്ചുവച്ച കട്ടമീശ, ഉയരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഒരാജാനബാഹു. വണ്ണത്തിന്റെ കാര്യത്തില്‍തീര്‍ത്തും ഒരുഭീമന്‍തന്നെ. വെളുത്തമുണ്ടുംവെളുത്തനിറത്തിലുള്ള കുര്‍ത്തയും, ചുണ്ടില്‍സ്ഥിരമായി കാണുന്നഅരബീഡിയും,എല്ലാം മൂപ്പരുടെകൂടെത്തന്നെജനിച്ചതാണെന്നുതോന്നും.ഇത ില്‌നിന്നുമെല്ലാം പ്രത്യേകംശ്രദ്ധിയ്ക്കപ്പെടേണ്ട ഒന്നാണ് അദ്ദേഹം നട ക്കുന്നതിനുമുന്നിലായി കുലുങ്ങിചിരിച്ചുകൊണ്ടിരിയ്ച്ചുകൊണ്ട്‌നടക്കുന്ന കുടവയര്‍. ചുരുക്കത്തില്‍ ഉണ്ണി, നാട്ടുകാരുടെ 'ഉണ്ണിമാഷ്' (ബഹുമാനസൂചകമായി ഒരു 'മാഷ്' ചേര്‍ത്ത് വിളിയ്ക്കാന്‍നാട്ടുകാര്‍ശീലിച്ചു.

അല്ലാതെ അദ്ദേഹം അദ്ധ്യാപകനൊന്നുമല്ല).തീര്‍ത്തും ആ പേരിനെകളങ്കപ്പെടുത്തുന്ന രൂപം.
ഭാര്യ ഉമ്മയും, മകന്‍ അപ്പുവുംഅടങ്ങുന്നതാണ് ഉണ്ണിമാഷിന്റെ കുടുംബം. നാലുവയസ്സുകാരന്‍ അപ്പു തീര്‍ത്തും ഒരു വികൃതി ക്കാരനാണ് തൊട്ടടുത്തുതന്നെ താമസിയ്ക്കുന്ന ശാരദടീച്ചറാണ് അപ്പുവിനെ നഴ്‌സറിക്ലാസ്സില്‍ പഠിപ്പിയ്ക്കുന്നത്. ഒരുദിവസം ടീച്ചര്‍ എല്ലാവരോടും അവരവരുടെ അച്ച്ഛനമ്മമാരെ കുറിച്ച് ചോദിച്ചു .ഓരോരുത്തരോടായി ടീച്ചര്‍ചോദിച്ചു.അടുത്ത ഊഴം അപ്പുവിന്റേതാണ് "അപ്പുഇനി അപ്പുവിന്റെ അച്ച്ഛനെക്കുറിച്ച് പറയു" ടീച്ചര്‍ ചോദിച്ചു. ഉടനെത്തന്നെ എഴുന്നേറ്റുനിന്ന് ഒരല്പം ആലോചിച്ച് അപ്പു മറുപടിപറഞ്ഞു "എന്റെ അച്ഛന്റെ പേര് ഉണ്ണി.അച്ച്ഛന്‍ ഉപദേശിയാണ്"."ഉപദേശിയോ!! ടീച്ചര്‍ ചോദിച്ചു. എല്ലാവരും കൂട്ടച്ചിരിയായി. എന്താണ്‌സംഭവമൊന്നും അപ്പുവിന് മനസ്സിലായില്ല. എല്ലാവരും അവന്റെ അച്ഛനെ ഉപദേശി എന്നാണു വിളിയ്ക്കുന്നതെന്നുഅവന്‍ കേട്ടിട്ടുണ്ട്.

ആ പ്രദേശത്ത് ഉണ്ണിമാഷിനെ അറിയാത്തവരായി ആരുംകാണില്ല. നാട്ടുകാരുടെപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, അതിനുവേണ്ടി അവര്‍ പറയുന്ന പുകഴ്ത്തലില്‍ സ്വയംമറന്നു നടക്കുകഇതാണ് ഉണ്ണിമാഷിന്റെ തൊഴില്‍. എല്ലാവര്ക്കും തന്നോട് ബഹുമാനമാണെന്നാണ് ഉണ്ണിയുടെവിചാരം. നാട്ടിലെവിടെയും അതിരുത്തര്‍ക്കങ്ങളുണ്ടെങ്കില്‍ അവസാനം തീര്‍പ്പുകല്‍ പ്പിയ്ക്കുന്നത്ഉണ്ണിമാഷാകും. ഏതെങ്കിലുംകുടുംമ്പത്തില്‍ ഭാര്യയും, ഭര്‍ത്താവുംഉണ്ടാകുന്ന സൗന്ദര്യപ്പിണക്കം, സംശയം, ഇറങ്ങിപ്പോകല്‍, അമ്മായിയമ്മ മരുമകള്‍ തുടങ്ങി എല്ലാപ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ നാട്ടുകാര്‍ക്ക് ഉണ്ണിമാഷിന്റെ സേവനംവേണം. പീടികത്തിണ്ണയില്‍ അടുത്തിടെ ഉണ്ടായരാഷ്ട്രീയത്തെ ചൊല്ലിയുള്ള അടിപിടിസംസാരിച്ച് ഒത്തുതീര്‍പ്പിലാക്കിയത് ഉണ്ണിമാഷിന്റെ കഴിവുതന്നെ. വടക്കേതിലെ അമ്മുവിന്‍റെ മകള്‍ സൗമിനി, അവളെ സ്ത്രീധനത്തിന്റെ പേരില്‍ പോരടിച്ച്തിരിച്ച്വീട്ടില്‍ കൊണ്ടുവിട്ടതാണ്.അമ്മായിയമ്മയെ കണ്ട് ഉണ്ണിമാഷ് ഉപദേശിച്ച് ദേ ഇപ്പോള്‍ അവര്‍ വന്നു സൗമിനിയെ കൂട്ടികൊണ്ടുപോയി .

ഇതും ഉണ്ണിമാഷിന്റെ സാമര്‍ത്ഥ്യംതന്നെ. അവിടെഅടുത്തതായി ഒരുപോലീസ്സ്‌റ്റേഷനുണ്ടെങ്കിലും അതിന്റെആവശ്യം ആ ഗ്രാമക്കാര്‍ക്ക ്ഉണ്ടോ എന്നുവരെ തോന്നിപ്പോകും.
മാഷിന്റെ വീടിനുനാല് വീടുകള്‍ക്കപ്പുറത്തായി ഒരു െകാച്ചുവീടുണ്ട്. അവിടെആകെയുള്ളത് ഒരുവൃദ്ധയായകാളിത്തള്ളയും മുപ്പത്തിയൊന്നാംവയസ്സില്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച നിര്‍ഭാഗ്യവതിയായ മകള്‍ ശോഭയുമാണ്. അവരുടെകാണപ്പെട്ട ദൈവമാണ് ഉണ്ണിമാഷ്.സന്ധ്യസമയം ഏഴുകഴിഞ്ഞാല്‍ ഉണ്ണിമാഷിന്റെ സ്ഥാനം ശോഭയുടെ വീടിന്റെ അരത്തിണ്ണയിലാണ്.

ഏകദേശം ഒമ്പതുമണിയായാല്‍ കാളിത്തള്ളയ്ക്ക് കിടക്കണം.പിന്നീട് വീടിനുള്ളിലിരുന്നാണ് ചര്‍ച്ച. രാത്രി ഏകദേശംപതിനൊന്നുമണിയോളം ശോഭയുമായുള്ള ചര്‍ച്ചനീണ്ടുനില്‍ക്കും. ഈ ചര്‍ച്ചയെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം അറിയാം .അതും മൂപ്പരുടെ സേവനമായേ നാട്ടുകാര്‍ കാണാറുള്ളു. ഭാര്യഉമ്മയ്ക്കുംഇക്കാര്യം അറിയാത്തതല്ല. ഉണ്ണിമാഷിന്റെ ഈ പൊതുപ്രവര്‍ത്തനവും സേവനവുംഅവര്‍ക്ക് വ്വെറുപ്പാണ്. അവര്‍ ബീഡിതെറുത്തുണ്ടാക്കുന്ന വരുമാനം കൊണ്ടാണ ്കുടുംമ്പംമുന്നോട്ടുപോകുന്നത്. രാവിലെകുളിയും ഒരുക്കവുംകഴിഞ്ഞവീട്ടില്‍ നിന്നിറങ്ങുന്നഭര്‍ത്താവ് എവിടെപോകുന്നുവെന്നോ, എന്ത് ചെയ്യുന്നുവെന്നോഒന്നും തിരക്കാന്‍ അവര്‍ക്കവകാശമില്ലായിരുന്നു. പലപ്പോഴുംഇതേചൊല്ലി വാക്കുതര്‍ക്കമുണ്ടാകാറുണ്ട്. എങ്കിലുംഒരുപാട് ഉത്തരവാദിത്വങ്ങളും, സാമ്പത്തികമായി വളരെശോഷിച്ചതുമായ ഒരുകുടുമ്പത്തില്‍ നിര്‍ഭാഗ്യവതിയായ താന്‍ ജനിച്ചുപോയി എന്നസ്വന്തം പോരായ്മകള്‍, എല്ലാം സഹിച്ച്ജീവിയ്ക്കാന്‍ അവരെപ്രേരിപ്പിച്ചു.

അപ്പുവിന്റെ ആഗ്രഹങ്ങളും, അഭിലാഷങ്ങളും സാധിപ്പിച്ചുകൊടുക്കാന്‍ അവര്‍ പ്രതേകംശ്രദ്ധിച്ചു.
ചിലസമയങ്ങളില്‍ അനാവശ്യകാര്യങ്ങള്‍ക്കായി അപ്പുവാശിപിടിച്ചാല്‍ ഉമയുടെ സമനിലതെറ്റും. ചിലപ്പോള്‍ ഉമപറയും "നിന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചുതരാന്‍ എന്താണ് വിഷമം?നിന്റെഅച്ഛന്‍ എന്നുംകൊണ്ടുവരുന്ന സല്‍കീര്‍ത്തിയും ജനപ്രീതിയുമുണ്ടല്ലോ! നാട്ടുകാരുടെ കണ്ണിലുണ്ണിയായ ഉണ്ണിമാഷ് വിചാരിച്ചാല്‍ എന്താസാധിയ്ക്കാത്തത്? നിന്റെ അച്ഛന്‍ ഉപദേശിയല്ലേ?നാട്ടുകാരുടെ ഉപദേശി! എന്റെ തലവിധിഅല്ലാതെ എന്താ" അതിനുശേഷം അപ്പുവിനെ അടിയ്ക്കും.മനസ്സിലെവിഷമങ്ങള്‍ തീര്‍ക്കാന്‍ ഉമയ്ക്കുണ്ടായിരുന്ന ഏകമാര്‍ഗ്ഗംഇതാണ് പാവം അപ്പു അവനൊന്നും മനസ്സിലായില്ല. 'അമ്മപറഞ്ഞതില്‍ നിന്ന് അവനൊന്നുമാത്രം അറിയാം അവന്റെ അച്ഛന്‍ ഒരുഉപദേശിയാണെന്ന്.

ഒരുദിവസം നഴ്‌സറിക്ലാസ്സില്‍ നിന്ന്അപ്പുവിനെ കൊണ്ടുവരാനായി എത്തിയ ഉമയോട് ടീച്ചര്‍ പറഞ്ഞു "ഉമേ അപ്പുവിനെന്തോ സുഖമില്ലെന്നു തോന്നുന്നു. നല്ലപനിയുണ്ട്. ശരിയ്ക്കും വിറയ്ക്കുകയായിരുന്നു.ഞാന്‍ ഗുളിക കൊടുത്തപ്പോഴാണ് പനികുറഞ്ഞത്".
"എന്തുപറ്റി?അവന് രാവിലെ വരുമ്പോള്‍ ഒരുകുഴപ്പവുമില്ലായിരുന്നല്ലോ!" എന്നുപറഞ്ഞു ഉമ അപ്പുവിനെ തൊട്ടുനോക്കി. "ഏയ് ഇപ്പോള്‍ പണിയൊന്നുമില്ല"
അപ്പുവിനെയും കൂട്ടിഉമവീട്ടില്‍ തിരിച്ചെത്തി. അപ്പുപതിവുപോലെ കളികളില്‍ മുഴുകി.ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അപ്പു ഉറങ്ങി.ഭക്ഷണം കഴിയ്ക്കാന്‍ വിളിച്ചിട്ടും അവന്‍ എഴുന്നേറ്റില്ല. അടുത്തുചെന്ന് ഉമ അവനെതൊട്ടുനോക്കി.പൊള്ളുന്ന പനിഉടനെ അവ നെ എഴുനേല്‍പ്പിച്ചിരുത്തി മരുന്ന്‌കൊടുത്തു. കുറച്ച്ഭക്ഷണമെടുത്ത് നല്ലതുപോലെ കുഴച്ച്അവനെ നിര്‍ബന്ധിച്ച്കഴിപ്പിച്ചു. അപ്പുവീണ്ടുംഉറങ്ങി.ഉമഅവന്റെഅരികില്‍ ത്തന്നെയിരുന്നു. ഇടയ്ക്കിടയ്ക്ക് അവന്റെ നെറ്റിയില്‍ കൈവച്ചുനോക്കി. പനിഒട്ടും കുറയുന്നില്ല.

പരിഭ്രമംമൂത്ത് ഇടയ്ക്കിടയ്ക്ക് ഉണ്ണിമാഷിനെ പ്രതീക്ഷിച്ച് ഉമ്മറത്ത്വന്നു നോക്കും.ഫോണ്‍ കറക്കിനോക്കി. എല്ലാം നിരാശയില്‍ തന്നെ അവസാനിച്ചു.വീണ്ടും വന്നഅപ്പുവിനെ തൊട്ടുനോക്കും.ഓ രോനിമിഷത്തിലും പനിയുടെ ശക്തിവര്‍ദ്ധിയ്ക്കുന്നതുപോലെ. ഉമയുടെ ഹൃദയമിടിപ്പുകൂടി വീണ്ടുംവരാന്തയില്‍ ചെന്ന്‌നോക്കും. അറിയാവുന്നമനസ്സില്‍ തെളിഞ്ഞദൈവങ്ങളെയെല്ലാം വിളിച്ചുപ്ര ാര്‍ത്ഥിച്ചു.അപ്പുവിനെഡോക്ടറകാണിയ്ക്കുവാനുള്ളപണത്തിന്റെ കാര്യത്തെപ്പറ്റിയും അവര്‍ ഓര്‍ത്തു.കയ്യില്‍ ആകെനൂറുരൂപ മാത്രം.വീണ്ടുംഉമ്മറത്ത്‌ചെന്ന്‌നോക്കിയപ്പോള്‍ ദൂരത്തുനിന്നും മിന്നാമിനുങ്ങുപോലെഅടുത്തുവരുന്ന ബീഡിയുടെ ജ്വാലഉമകണ്ടു.രാത്രിപ്രഭാതത്തെ പുല്‍കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മനസ്സിലൊരല്പം ആശ്വാസംതോന്നി.ഓടിച്ചെന്ന് ഉമ്മറത്തെ അഴിവാതില്‍ തുറന്നു.പരിഭ്രമംകൊണ്ട് അവള്‍ക്കൊന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. ഉമ്മയുടെമുഖത്തു പോലുംശ്രദ്ധിയ്ക്കാതെ ഉണ്ണിമാഷ് അകത്തേയ്ക്കുകടന്നു.
"ഉണ്ണിയേട്ടാ ....ഉണ്ണിയേട്ടാ" ഉമവിളിച്ചു
"ഉം" ഒരല്‍പംഗൗരവത്തോടെ അയാള്‍ മൂളി
"നമ്മുടെ അപ്പുവിനെന്തോ സുഖമില്ല" ഇടറുന്ന ശബ്ദത്തോടെ ഉമ പറഞ്ഞു.
"ഉം എന്തുപറ്റി?" ഉണ്ണിമാഷ് ചോദിച്ചു
"പൊള്ളുന്നപനി"

ഉറങ്ങി തളര്‍ന്നു കിടക്കുന്ന അപ്പുവിന്റെ അടുത്തുചെന്ന് തൊട്ടുനോക്കി അയാള്‍ പറഞ്ഞു "ഓ ഇത്രയുംപേടിയ്ക്കാനുള്ളതൊന്നുമല്ല. അത് ഈ കാലാവസ്ഥയുടെതാണ്. എല്ലാ കുട്ടികള്‍ക്കുമുണ്ട്.പിന്നെപുറമെയുള്ള അവന്റെ കളിയല്ലേ! നിനക്കുണ്ടോ അവനെ നോക്കാന്‍ സമയം! ഒന്നുറങ്ങിയാല്‍ എല്ലാം ശരിയാകും"
അതൊരു സ്വയംരക്ഷപ്പെടലായി മാത്രമേ ഉമയ്ക്ക്‌തോന്നിയുള്ളൂ.നിറഞ്ഞ കണ്ണുകളോടെ ഉമവീണ്ടും പറഞ്ഞു "അല്ലഉണ്ണിയേട്ടാ..നല്ലപനിയുണ്ട്.മരുന്ന് കൊടുത്തിട്ടുപോലും കുറയുന്നില്ല. നമുക്കവനെ ഏതെങ്കിലും ഡോക്ടറെ കാണിയ്ക്കാം"

"ഒരല്‍പംഉറക്കെ തുമ്മിയാല്‍ ഡോക്ടററെ കാണിയ്ക്കുന്ന ഈ അമ്മമാരുടെ സ്വഭാവമാണ്മറ്റുള്ളവരെ കൂടിപേടിപ്പിയ്ക്കുന്നത്.ഈ രാത്രിയില്‍ എവിടെകൊണ്ടുപോകാനാണ്? വെറുംഒരുനിസ്സാരപനി ഇത്രയുംഊതി വീര്‍പ്പിയ്ക്കാതെ ഭക്ഷണമുണ്ടെങ്കില്‍ വിളമ്പിവയ്ക്ക്. ഒരുപാട്ക്ഷീണവും വിശപ്പുമുണ്ട്. നാളെ രാവിലെഅവന്‍ ഉഷാറാകും.അഥവാ നാളെ പണിയുണ്ടെങ്കില്‍ നീ അവനെ ഡോക്ടറകാണിയ്ക്ക്. (ഒരുപുച്ഛത്തോടെ) നീ നാളെ നിന്റെ ഉദ്ദ്യോഗത്തിനു പോകണ്ട. നാളെ രാവിലെ എനിയ്ക്ക്‌നേരത്തെ പോകണം ആ പണിയ്ക്കരുടെ വീട്ടിലെ ഭൂമിനാളെ ഭാഗംവയ്ക്കലാണ്. ഞാന്‍ അവിടെയില്ലെങ്കില്‍ ശരിയാകില്ല പിള്ളേര് തര്‍ക്കങ്ങള്‍ ഉണ്ടാക്കും അതുകൊണ്ട് ഞാന്‍ അവിടെവേണമെന്ന് പണിയ്ക്കര്‍ പ്രത്യേകംപറഞ്ഞിട്ടുണ്ട്" ഉണ്ണിമാഷ് തുടര്‍ന്നു.

ഉണ്ണിമാഷിന്റെ വിശദീകരണമൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഉമ. അപ്പുവിന്റെ നെറ്റിയില്‍ ഒരുപ്രാവശ്യം കൂടെകൈവച്ചുനോക്കി മനസ്സില്ലാമനസ്സോടെഅവര്‍ അവിടെനിന്നും എഴുനേറ്റുപോയി ഭര്‍ത്താവിന് ഭക്ഷണംകൊടുത്തു. സുഭിക്ഷയയായിശാപ്പാടടിച്ച് കിടന്നഉണ്ണിമാഷ്ഉടനെ കൂര്‍ക്കം വലിതുടങ്ങി.അപ്പുവിന്റെ ശരീരത്തില്‍ കൈവച്ച് ഉമകിടന്നു.പനിയ്ക്ക് യാതൊരു കുറവുമില്ല. ഭയന്നുവിറച്ചമനസ്സുമായി പുലരാനുള്ള മണിക്കൂറുകള്‍ എണ്ണികിടക്കുകയാണ് ഉമ. അവളെ വശംവദയാക്കാന്‍ നിദ്രയ്ക്കായില്ല. ചുമരില്‍ കിടക്കുന്ന ക്‌ളോക്കിന്റെ ഹൃദയമിടിപ്പ്മാത്രം അവള്‍ ശ്രദ്ധിച്ചു. സമയസൂചികള്‍ മുന്നോട്ടുപോകാത്തതുപോലെ. അപ്പുവിനെപുതപ്പിച്ചപുതപ്പുമാറ്റി നെറ്റിയില്‍ കൈവച്ച്‌നോക്കി.അപ്പുവല്ലാതെ വിറയ്ക്കുന്നു.
"ഉണ്ണിയേട്ടാ....ഉണ്ണിയേട്ടാ......." കൂര്ക്കംവലിച്ചുറങ്ങുന്ന ഉണ്ണിയെ ഉമ വിളിച്ചു.ശരീരത്തില്‍ തൊട്ടു വിളിയ്ക്കുന്ന ഉമയുടെ കൈകള്‍ തട്ടിമാറ്റി ഉണ്ണിപറഞ്ഞു "ശ്ശേഎന്തൊരുശല്യമാണ്‌സ്വയംഉറക്കമില്ല. മറ്റുള്ളവനെ ഉറങ്ങാനും സമ്മതിയ്ക്കില്ല"
എല്ലാദൈവങ്ങളെയും വിളിച്ച്തന്റെ മകനെ മടിയില്‍ കിടത്തി ഉമചാരിയിരുന്നു. കണ്ണടച്ച്പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഉമയുടെ കണ്‍പീലികള്‍ പുലരിയുടെകുളിര്‍മഅറിയാതെയൊന്ന് തഴുകിപ്പോയി.പക്ഷെ ആ മയക്കത്തിനധികംആയുസ്സില്ലായിരുന്നു.ഭയന്ന് ഞെട്ടിയുണര്‍ന്ന ഉമ അപ്പുവിനെതൊട്ടു നോക്കി.. സമയം ഏകദേശംപുലരെനാലരയായി പുലര്‍ക്കാലത്തിനു വെളിയില്‍വരാനുള്ളനാണം മാറിയില്ല. അപ്പുവിന്റെ ശരീരമാകെ തണുത്തിരിയ്ക്കുന്നു.പുതപ്പുമാറ്റി ഉമ അപ്പുവിനെ കുലുക്കിവിളിച്ചു. അപ്പുകണ്ണുതുറന്നില്ല! "ഉണ്ണിയേട്ടാ........ അപ്പുഎന്തെ എഴുനേല്‍ക്കാത്തത്?" ഉമകൂവിക്കരഞ്ഞു.

അര്‍ദ്ധമയക്കത്തില്‍ കണ്ണുതുറന്ന ഉണ്ണിപറഞ്ഞു "ഇന്നലത്തെ പനിയുടെ ക്ഷീണമായിരിയ്ക്കും. ഞാന്‍ പറഞ്ഞില്ലേ അവന്റെപണിയെല്ലാം മാറുമെന്ന്"
"അപ്പൂ........ അപ്പു..." അയാള്‍ വിളിച്ചു
അപ്പു എഴുന്നേറ്റില്ല. ഉണ്ണിമാഷിനെന്തോ പന്തികേടുതോന്നി.ഉമയില്‍ നിന്നും വാരിയെടുത്ത് അയാള്‍ അവനെമടിയില്‍ വച്ചു.ഒരിയ്ക്കലും കണ്ണുതുറക്കാനാകാത്തവിധം ദീര്‍ഘമായ നിദ്രയില്‍ അപ്പു ലയിച്ച്കഴിഞ്ഞു.

ഒന്നുംമനസ്സിലാകാത്തതെ ഉമഅപ്പുവിനെയും ഉണ്ണിയേയുംമാറിമാറിനോക്കി.
വിതുമ്പികൊണ്ട് ഇടറുന്ന ശബ്ദത്തോടെഅയാള്‍ പറഞ്ഞു "ഉമേ നമ്മുടെ മകന്‍ ഈ അച്ഛനെ ഒരുപാഠം പഠിപ്പിച്ചിരിയ്ക്കുന്നു.

കുടുംമ്പബന്ധങ്ങള്‍ക്ക് വിലകല്പിയ്ക്കാതെ പേരിനും പെരുമയ്ക്കും വേണ്ടിമാത്രം നെട്ടോട്ടമോടിയ എന്നെഅവനൊരുപാഠംപഠിപ്പിച്ചു.വേദാന്തങ്ങള്‍ ഉരുവിടാന്‍, ഉപദേശങ്ങള്‍ നല്‍കാന്‍ ഏതൊരുവനും എളുപ്പമാണ്. പക്ഷെതന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ പലരുംമറന്നുപോകുന്നു.അതാണ ്ഉമേ ഈ ഉപദേശിയുടെ ജീവിതത്തിലും സംഭവിച്ചത്.എന്റെ ഈ വാക്കുകള്‍ക്ക് നമ്മളെസാന്ത്വനപ്പെടുത്താനാകില്ലെന്നറിയാം......ഇടറിയവാക്കുകള്‍ വെളിയില്‍ വരാന്‍ പറ്റാത്തവിധത്തില്‍ ഗദ്ഗദമായിമാറി.
നിറഞ്ഞ കണ്ണുകളോടെ ഉണ്ണിഅപ്പുവിനെയും ഉമയെയും നോക്കി .ഉമ സ്വയംനിയന്ത്രണം വിട്ടിരുന്നു.
ഉപദേശി (ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)
Join WhatsApp News
girishnair 2017-01-28 02:20:22
നാട്ടുകാരെ നന്നാക്കാൻ നടക്കുന്ന എല്ലാവരും
മറക്കുന്ന ഒന്നാണ് സ്വന്തം കുടുംബം. 
ജ്യോതിലക്ഷ്മിയുടെ ഉപദേശം നന്നായിരിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക