Image

ജൊവാക്കിം ഗൗക്ക്‌ പുതിയ ജര്‍മന്‍ പ്രസിഡന്റ്‌ ആകും

Published on 21 February, 2012
ജൊവാക്കിം ഗൗക്ക്‌ പുതിയ ജര്‍മന്‍ പ്രസിഡന്റ്‌ ആകും
ബെര്‍ലിന്‍: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന്‌ രാജിവച്ച പ്രസിഡന്റ്‌ ക്രിസ്‌റ്റിയന്‍ വുള്‍ഫിന്‌ പകരക്കാരനായി ജൊവാക്കിം ഗൗക്ക്‌ പുതിയ ജര്‍മന്‍ പ്രസിഡന്റ്‌ ആകും. ജര്‍മന്‍ പാര്‍ലമെന്റ്‌ ഇനി ഇതിന്‌ അംഗീകാരം നല്‍കണം.

പാര്‍ട്ടി രഹിതനായ ഗൗക്കിന്റെ സ്‌ഥാനാര്‍ഥിത്വം ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഞായറാഴ്‌ച വൈകിട്ട്‌ അംഗീകരിച്ചു. എഴുപത്തിരണ്ടുകാരനായ ഗൗക്ക്‌ കിഴക്കന്‍ ജര്‍മന്‍കാരനും പ്രൊട്ടസ്‌റ്റന്റ്‌്‌ പാസ്‌റ്ററും ജര്‍മനിയില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും കൂടിയാണ്‌. 2010ല്‍ അദ്ദേഹം ക്രിസ്‌ത്യന്‍ വുള്‍ഫിനെതിരെ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മല്‍സരിച്ച്‌ പരാജയപ്പെട്ടിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളായ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയും ഗ്രീന്‍പാര്‍ട്ടിയുമാണ്‌ ഗൗക്കിനെ വീണ്ടും പ്രസിഡന്റ്‌ സ്‌ഥാനത്തേയ്‌ക്ക്‌ പരിഗണിച്ചത്‌.

പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ചാന്‍സലര്‍ മെര്‍ക്കല്‍ സ്വന്തം പാര്‍ട്ടിക്കാരെ പലരെയും പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ പരിഗണിച്ചെങ്കിലും ഒടുവില്‍ പ്രതിപക്ഷ സ്‌ഥാനാര്‍ഥി ഗൗക്കിനെ അംഗീകരിക്കുകയായിരുന്നു.

ഗൗക്കിനെ ജര്‍മനിയുടെ പുതിയ പ്രസിഡന്റായി കാണാന്‍ 54 ശതമാനം ജര്‍മന്‍കാര്‍ ആഗ്രഹിക്കുന്നതായി അഭിപ്രായ വോട്ടെടുപ്പ്‌ വ്യക്‌തമാക്കി.

കിഴക്കന്‍ ജര്‍മനിയിലെ റോസ്‌റ്റോക്കില്‍ 1940 ജനുവരി 24ന്‌ ആണ്‌ ഗൗക്കിന്റെ ജനനം. ദൈവശാസ്‌ത്രം പഠിച്ച്‌ ഇവന്‍ജലിക്കല്‍ വൈദികനായി റോസ്‌റ്റോക്കില്‍ സേവനം ചെയ്‌ത ഗൗക്ക്‌ പലപ്പോഴും കിഴക്കന്‍ ജര്‍മനിയില്‍ കമ്യൂണിസ്‌റ്റ്‌ ഭരണകൂടത്തിന്‌ ഭീഷണിയായിരുന്നു. ഇതിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌. നാലു മക്കളുടെ പിതാവായ ഗൗക്ക്‌ 1991ല്‍ ഭാര്യയുമായി പിരിഞ്ഞ്‌ ഇപ്പോള്‍ കൂട്ടുകാരിയോടൊപ്പമാണ്‌ താമസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക