Image

നവയുഗത്തിന്റെ സമ്മർദ്ദങ്ങൾക്കൊടുവിൽ സ്പോൺസർ വഴങ്ങി; മാല നാട്ടിലേയ്ക്ക് മടങ്ങി.

Published on 29 January, 2017
നവയുഗത്തിന്റെ സമ്മർദ്ദങ്ങൾക്കൊടുവിൽ സ്പോൺസർ വഴങ്ങി; മാല നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോൺസറുടെ പിടിവാശി കാരണം നാട്ടിൽ പോകാനാകാതെ നാല് മാസത്തോളം വനിതാ അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന കർണ്ണാടകക്കാരിയായ വീട്ടുജോലിക്കാരി,  നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കർണ്ണാടകയിലെ കോലാർ സ്വദേശിനിയും, വിവാഹശേഷം തമിഴ്‌നാട് മധുരയിൽ സ്ഥിരം താമസക്കാരിയുമായ മാല ജീവരാജ്‌ എട്ടു മാസങ്ങൾക്കു മുൻപാണ് ദമ്മാമിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാൽ വന്നിട്ട് മാസം നാല് കഴിഞ്ഞിട്ടും ഒരു റിയാൽ പോലും സ്പോൺസർ ശമ്പളമായി നൽകിയില്ല. രാപകൽ പണിയെടുപ്പിച്ചിട്ട് ശമ്പളം നൽകാത്തതിനെതിരെ മാല പ്രതികരിച്ചപ്പോൾ, ശകാരവും ഭീക്ഷണിയും മാത്രമാണ് തിരികെ കിട്ടിയത്. ഒടുവിൽ ഒരു ദിവസം ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തുകടന്ന അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. സൗദി പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തിൽ കണ്ടുമുട്ടിയ നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനോട് മാല തന്റെ ദുരാവസ്ഥ പറഞ്ഞ്, നാട്ടിലേയ്ക്ക് തിരികെ പോകാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മാലയുടെ കേസ് ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്ത മഞ്ജു, നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർക്കൊപ്പം മാലയുടെ സ്‌പോൺസറെ നേരിട്ട് കണ്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. എന്നാൽ തനിയ്ക്ക് നല്ലൊരു തുക നഷ്ടപരിഹാരം നൽകിയാൽ മാത്രമേ മാലയ്ക്ക് ഫൈനൽ എക്സിറ്റ് നൽകൂ എന്ന കർശനമായ നിലപാടിലായിരുന്നു സ്പോൺസർ. മാലയ്ക്ക് ഫൈനൽ എക്സിറ്റും കുടിശ്ശിക ശമ്പളവും നൽകണമെന്ന കർശ്ശനനിലപാടായിരുന്നു നവയുഗം ജീവകാരുണ്യപ്രവർത്തകർ സ്വീകരിച്ചത്. ആ അഭിപ്രായവ്യത്യാസം കാരണം ചർച്ചകൾ വഴിമുട്ടി. മാലയുടെ വനിതാ അഭയകേന്ദ്രത്തിൽ താമസം നാല് മാസത്തോളം നീണ്ടു പോയി.

നവയുഗം ജീവകാരുണ്യപ്രവർത്തകർ നിരന്തരമായി മാലയുടെ സ്പോൺസറിൽ സമ്മർദ്ദം തുടർന്നു കൊണ്ടിരുന്നു. മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥരെകൊണ്ടും  സ്പോൺസറോട് പലതവണ സംസാരിപ്പിച്ചു. നിരന്തരസമ്മർദ്ദങ്ങൾക്ക് ഒടുവിൽ, നഷ്ടപരിഹാരം ഒന്നും വാങ്ങാതെ മാലയ്ക്ക് ഫൈനൽ എക്സിറ്റ് നൽകാമെന്നും, മൂന്നു മാസത്തെ കുടിശ്ശികശമ്പളം നൽകാമെന്നും സ്പോൺസർ സമ്മതിച്ചു.

സ്പോൺസർ എക്സിറ്റ് അടിച്ച പാസ്സ്പോർട്ടും, കുടിശ്ശിക ശമ്പളവും നൽകിയപ്പോൾ, മാല നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സ്വയമെടുത്തു. നിയമനടപടികൾ പൂർത്തിയാക്കി തന്നെ സഹായിച്ചവർക്ക് നന്ദി പറഞ്ഞ് അവർ നാട്ടിലേയ്ക്ക് മടങ്ങി.

നവയുഗത്തിന്റെ സമ്മർദ്ദങ്ങൾക്കൊടുവിൽ സ്പോൺസർ വഴങ്ങി; മാല നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക