Image

ഒരു ശതമാനം ശതകോടീശ്വരന്മാരുടെ സ്വന്തം ഇന്‍ഡ്യ (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 30 January, 2017
ഒരു ശതമാനം ശതകോടീശ്വരന്മാരുടെ സ്വന്തം ഇന്‍ഡ്യ (ഡല്‍ഹികത്ത് : പി.വി.തോമസ്)
നൂറ്റി ഇരുപത്തി അഞ്ച് കോടിയിലേറെ ജനങ്ങള്‍ ഉള്ള ഇന്‍ഡ്യയെ സ്വന്തമാക്കിയിരിക്കുന്നത് വെറും 57 ശതകോടീശ്വരന്മാര്‍ ആണ്. അവര്‍ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരും. പക്ഷേ, ഈ 57 വ്യക്തികള്‍ ആണ് ഇന്‍ഡ്യയുടെ 70 ശതമാനത്തോളം സമ്പത്ത് കൈക്കലാക്കിയിരിക്കുന്നത്.
ഇത് ഞാന്‍ പറയുന്നത് അല്ല. വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്റെ വാര്‍ഷീക സമ്മേളനത്തോട് അനുബന്ധിച്ച് ഓക്‌സ് ഫാം നടത്തിയ സര്‍വ്വെയുടെയും, 99 ശതമാനമായിട്ടുള്ള ഒരു സമ്പദ് വ്യവസ്ഥ എന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആണ്. ഇത് മാധ്യമങ്ങള്‍ വ്യാപകമായി പ്രസിദ്ധീകരിച്ചതും ആണ്.

ഇത് തികച്ചം അസ്വസ്ഥജനകമായ ഒരു സംഭവ വികാസം ആണ്. 125-ലേറെ കോടി ജനങ്ങളില്‍ വെറും ഒരു ശതമാനം രാജ്യത്തിന്റെ 70 ശതമാനം സമ്പത്ത് കയ്യാളി അനുഭവിക്കുക! അതിന്റെ അര്‍ത്ഥം അവര്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഈ ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഭാഗധേയവും നിര്‍ണ്ണയിക്കുന്നത്. എന്താ കഥ? എന്താ ജനാധിപത്യം?
ഓക്‌സ്ഫാമിന്റെ ഈ പഠനപ്രകാരം ഇന്‍ഡ്യയിലെ 57 ശതകോടീശ്വരന്മാര്‍ ആണ് 216 ലക്ഷം കോടി ഡോളര്‍ സ്വന്തമാക്കി വച്ചിരിക്കുന്നത്. ഇത് താഴെക്കിടയിലുള്ള 70 ശതമാനം ജനങ്ങളുടെ സ്വത്തിന് തുല്യമാണ്!

ഈ പഠനം പ്രകാരം ഇന്‍ഡ്യയില്‍ ഇപ്പോള്‍ 84 ശതകോടീശ്വരന്മാര്‍ ആണ് ഉള്ളത്. ഇവരുടെ കൈവശം ആണ് രാജ്യത്തിന്റെ 248 ശതകോടി ഡോളര്‍. രാജ്യത്തിന്റെ മൊത്തം ധനം 3.1 മഹാകോടി ഡോളര്‍ ആണ്. 84 ശതകോടീശ്വരന്മാരെ നയിക്കുന്നത് റിലയന്‍സിന്റെ മുകേഷ് അംബാനി ആണ്. അദ്ദേഹത്തിന്റെ സമ്പത്ത് 19.3 ബില്ല്യണ്‍ ഡോളര്‍ ആണ്. അദ്ദേഹത്തിന്റെ മുംബൈയിലെ ഭവനം മാത്രം 4000 കോടി രൂപയുടേതാണ്. ദീലീപ് സാഗ് വി(സണ്‍ഫാമ- 16.9 ബില്ല്യണ്‍ ഡോളര്‍) ഹിന്ദുജ കുടുംബം( 15.2 ബില്യണ്‍ ഡോളര്‍) അസിം പ്രേംജി(15 ബില്ല്യണ്‍ ഡോളര്‍) എന്നിവര്‍ പിന്നാലെ ഉണ്ട്.
ഓക്‌സ്ഫാമിന്റെ പഠനപ്രകാരം അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ 500 ഇന്‍ഡ്യക്കാര്‍ 2.1 മഹാകോടി ഡോളറുകള്‍ അന്തരാവകാശികള്‍ക്ക് കൈമാറും ഇത് ഇന്‍ഡ്യയുടെ മൊത്തം ദേശീയ വരുമാനത്തെക്കാള്‍ പതിന്മടങ്ങ് അധികമാണ്.

ഇവര്‍ ആയിരിക്കും ഇന്‍ഡ്യ ഭരിക്കുക. ഇത് ഓക്‌സഫാമിന്റെ പഠനം അല്ല. എന്റെ നിഗമനം ആണ്. നേരിട്ടോ അല്ലാതെയോ. എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ ശതകോടീശ്വരന്മാര്‍ കഴിഞ്ഞ രണ്ട് ദശാബ്ദം ആയി 15 ശതമാനത്തിലേറെ വളര്‍ന്നത്? (ചൈനയും ലാവോസും ഇന്‍ഡോനേഷ്യയും ബംഗ്ലാദേശും ശ്രീലങ്കയും ഇതിന് അപവാദം അല്ല). ഇതിന് കാരണമായി ഓക്‌സ്ഫാം പറയുന്നത് വളരെയേറെ വിവേചനാത്മകമായ സാമ്പത്തീക നയവും വേതനവും, പ്രത്യേകിച്ചും സ്ത്രീകളുടെ ആണ്. ഇത് മാത്രം അല്ല. ഞാന്‍ അത് വഴിയെ വിശദീകരിക്കാം. ശരിയാണ് ഇന്‍ഡ്യയില്‍ ഏറ്റവും മോശമായ ലിംഗവിവേചനം ഉണ്ട് വേതന വ്യവസ്ഥയില്‍. ഓക്‌സ്ഫാമിന്റെ ഈ കണ്ടെത്തലും അംഗീകരിക്കാം.
ഓക്‌സ്ഫാമിന്റെ പഠനം അനുസരിച്ച് റഷ്യ കഴിഞ്ഞാല്‍ ഏറ്റവും അസന്തുലിത സാമ്പത്തിക വ്യവസ്ഥ ഇന്‍ഡ്യയില്‍ ആണ്. ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് രാജ്യം ആയിരുന്ന റഷ്യ എങ്ങനെ ഇക്കാര്യത്തില്‍ മുമ്പിലെത്തിയെന്നത് അതിശയകരം ആണ്.

ഇന്‍ഡ്യ ഈ സാമ്പത്തിക അസമത്വം, വിവേചനം തുടരുവാന്‍ അനുവദിച്ചാല്‍ അത് ഒരു വന്‍ സാമൂഹ്യ വിവപത്തിലേക്ക് നീങ്ങുകയാണെന്നാണ് ഇന്റര്‍ നാഷ്ണല്‍ മോണിറ്ററി ഫണ്ടിന്റെ താക്കീത്. ഇതും നിസാരമായി തള്ളുവാന്‍ സാധിക്കുകയില്ല. ഇന്‍ഡ്യയുടെ നികുതിവ്യവസ്ഥയും ഉല്പാദനപ്രക്രിയയും ചട്ടകൂടും കുത്തക മുതലാളിമാരെയും വ്യവസായികളെയും സഹായിക്കുന്നതാണ് എന്നാണ് ഗവേഷണ നിഗമനങ്ങള്‍. അതുകൊണ്ടാണ് ധനികരും, വ്യവസായികളും ശതകോടീശ്വരന്മാരും കൂടുതല്‍ കൂടുതല്‍ ധനം ആര്‍ജ്ജിക്കുന്നതും നിര്‍ദ്ധനര്‍ കൂടുതല്‍ കൂടുതല്‍ നിര്‍ദ്ധനര്‍ ആകുന്നതും എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇത് ശരിയാണ് താനും. ഇത് അനുഭവം ആണ് താനും. എന്തുകൊണ്ട് ധനികരെയും പാവപ്പെട്ടവരെയും ഒരു പോലെ നേരിട്ടല്ലാത്ത നികുതി ചുമത്തലിന്‍ ഇരകളാക്കുന്നു? എന്തുകൊണ്ട് ധനികര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരു പോലെ സബ്‌സിഡി നല്‍കുന്നു? ഇത് തെറ്റായ സാമ്പത്തീക ആസൂത്രണം അല്ലെ? എന്തുകൊണ്ട് കോടീശ്വരന്മാരെയം ശതകോടീശ്വരന്മാരെയും വന്‍ നികുതി ചുമത്തലിന് വിധേയരാക്കി ആ പണം അടിസ്ഥാന സൗകര്യ വികസനത്തിനും, വിദ്യാഭ്യാസ വ്യവസ്ഥയ്ക്കും, ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കുന്നില്ല? സംവരണം ഒരു താല്‍കാലിക ആശ്വാസം മാത്രം ആണ്. അത് സാമൂഹ്യ-സാമ്പത്തിക അസമത്വത്തിനുള്ള ഒരു ശാശ്വത പരിഹാരം അല്ല. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇത് വോട്ട് ബാങ്ക് പൊളിറ്റിക്‌സിന്റെ ഭാഗമായി ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം.
1990 കളിലെ സാമ്പത്തീക പരിഷ്‌ക്കരണവും ഈ സാമ്പത്തീക ഉച്ചനീചത്വത്തെ ഊട്ടി വളര്‍ത്തുക മാത്രം ആണ് ചെയ്തതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിവര സാങ്കേതികമേഖലയിലും, ബാങ്കിംങ്ങിലും ടെലികോം-വ്യോമയാനം തുടങ്ങിയ ഉന്നത ശ്രേണികളില്‍ ഇവ ജോലിയും വികസനവും ഉറപ്പ് വരുത്തി. പക്ഷേ, കാര്‍ഷീക, തൊഴില്‍, ഉല്പാദന മേഖലകളെ അവഗണിച്ചു. ഇതും ഗണ്യമായ സാമ്പത്തീക അസമത്വാവസ്ഥ ഉളവാക്കി.

ചങ്ങാത്ത മുതലാളിത്വത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ഒരു സാമ്പത്തീക വളര്‍ച്ചയാണ് ഭരണാധികാരികള്‍ ദശാബ്ദങ്ങളായി വിഭാവന ചെയ്തത്. അതുകൊണ്ടാണഅ ഈ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്മാര്‍ ഇന്ന് ഇന്‍ഡ്യയുടെ 70 ശതമാനം സമ്പത്ത് അനുഭവിക്കുന്നത്. ആരും 99 ശതമാനത്തെ പരിഗണിച്ചില്ല. അതാണ് നരേന്ദ്രമോഡി ചെയ്യേണ്ടത്. അംബാനിയും അഡാനിയും ഇല്ല ഇന്‍ഡ്യ. അരണ്‍ ജെയ്റ്റിലിയടെ ബജറ്റ് ഇത് പരഗണിക്കുമോ?
ഒരു ശതമാനം ശതകോടീശ്വരന്മാര്‍ അടക്കി വാഴുന്ന സാമ്പത്തീക ഇന്‍ഡ്യയാണ് ആന്ധ്രയിലെയും ഛത്തീസ് ഘട്ടിലെയും ഝാര്‍ഖണ്ഡിലെയും മാവോയിസ്റ്റ് ഒളിപ്പോരാളികളെ വളര്‍ത്തുന്നത്. ആന്ധ്രയിലെ അദിലാബാദ് മുതല്‍ ഒഡീഷയിലെ ശ്രീകാകുളം വരെ വ്യാപിച്ചുകിടക്കുന്ന നക്‌സലൈറ്റുകളുടെ ചുവപ്പ് ഇടനാഴിക ഇതിന്റെയൊക്കെ സൃഷ്ടിയാണ്. ഭരണകൂടത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ടുള്ള കൊലപാതക- അക്രമണ രാഷ്ട്രീയത്തെ ആരും അംഗീകരിക്കുകയില്ല. പിന്തുണക്കുകയില്ല. പക്ഷേ, ഒഡീഷയിലെയും ഛത്തീസ് ഘട്ടിലെയും ഝാര്‍ഖണ്ഡിലെയും കല്‍ക്കരി ഖനികളെ വന്‍വ്യവസായികള്‍ കൊള്ളയടിച്ച് അവിടങ്ങളിലെ ദരിദ്രര്‍ ആയ ആദിവാസികളെയും സാധാരണക്കാരെയും ചൂഷണം ചെയ്യുമ്പോള്‍ ആ രാഷ്ട്രീയ-സാമ്പത്തീക-ഭരണവ്യവസ്ഥയെ ആര്‍ അംഗീകരിക്കും? അതാണ് ഓക്‌സ്ഫാമിന്റെ ഈ പഠനം ഉളവാക്കുന്ന അസ്വസ്ഥത.

സാമ്പത്തീക ഉച്ചനീചത്വങ്ങള്‍ സാമൂഹ്യ അരക്ഷിതാവസ്ഥയും അരാജകത്വവും വിതക്കും. അതിനെ അടിച്ചമര്‍ത്തുവാന്‍ തല്‍ക്കാലത്തേക്ക് ഭരണാധികാരികള്‍ക്കും അവരടെ പോലീസിനും അര്‍ദ്ധസൈന്യത്തിനും പട്ടാളത്തിനും കഴിഞ്ഞേക്കാം. പക്ഷേ, വസന്തത്തിന്റെ നെഞ്ചിലെരിയുന്ന തീ അത്രപെട്ടെന്ന് അണയുകയില്ല. ജംരാഗ്നി കത്തിപ്പടരുന്നവന്റെ കണ്ണിലെ കനല്‍ ആണ് അത്. അത് വസന്തത്തിന്റെ ഇടിമുഴക്കവും ആണ്.

ഭരണാധികാരികള്‍ ഓക്‌സ്ഫാമിന്റെ ഈ പഠന റിപ്പോര്‍ട്ടിന് പുല്ലുവില പോലും കല്പിക്കുകയില്ല എന്ന് അറിയാം. പക്ഷേ, ഇന്‍ഡ്യ ഒരു ശതമാനം ശതകോടീശ്വരന്മാരുടെ മാത്രം സ്വന്തം ആകുവാന്‍ അനുവദിക്കരുത്.

ഒരു ശതമാനം ശതകോടീശ്വരന്മാരുടെ സ്വന്തം ഇന്‍ഡ്യ (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
Vayanakkaran 2017-01-30 01:47:28
I say all political parties in India are resposible for this enequlity. All our Indian leaders including present prime minsiter modi says india is in advanced stage in all respect. Where is advanced/ Where is progress. The rich gettinbg better and better. Our Us so called petty Malayalee leaders carry our visiting indian dignataries and worship them. Boycot them. Ask questions to them. More injustice and in eqalities in india. Please do not bring indian type of eneuality and injustice culture to USA by promoting Indian type of of politicians and Indian type of religions, indian type of priests from all denominations. Get rid of them. Adopt what is good from here and some thing, small percentage good indian culture. Especially get rid of indian political and religious leaders or choose and pick.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക