Image

ഫിലിപ്പ് ഉമ്മനെന്ന മാര്‍ ക്രിസോസ്റ്റം റെയില്‍വേ പോര്‍ട്ടറായ കഥ

Published on 31 January, 2017
ഫിലിപ്പ് ഉമ്മനെന്ന മാര്‍ ക്രിസോസ്റ്റം റെയില്‍വേ പോര്‍ട്ടറായ കഥ
മാര്‍ത്തോമ്മാ സഭയുടെ മേല്‍പ്പട്ടസ്ഥാനത്ത് അറുപതുവര്‍ഷം തികച്ച് ചരിത്രം സൃഷ്ടിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, നൂറാം ജന്‍മദിനാഘോഷങ്ങളുടെ നിറവില്‍ സഭയുടെയും സമൂഹത്തിന്റെയും പൂമുഖത്തിരുന്നു ശുശ്രൂഷയുടെ ഉപഹാരങ്ങള്‍ അനവരതം കൈമാറുകയാണ്...യാത്രകള്‍, സന്ദര്‍ശനങ്ങള്‍, പ്രസംഗങ്ങള്‍, എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന നര്‍മോക്തികള്‍ ഒക്കെയായി. എത്രദൂരം യാത്രചെയ്തും സ്‌നേഹം വാങ്ങി മടങ്ങും. ആറടിയിലേറെ ഉയരവും 92 കിലോഗ്രാം ഭാരവുമുള്ള ഉടല്‍ 100 വയസിലേയ്ക്ക് കടക്കുന്നത് വരുന്ന ഏപ്രില്‍ 17നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. ക്രിസോസ്റ്റം വലിയ തിരുമേനിയോടുള്ള ആദര സൂചകമായി മാര്‍ത്തോമാ സഭ ചെന്നൈ-ബംഗളൂരു ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്കായി ജന്‍മ ശതാബ്ദി ഫണ്ട് ഏര്‍പ്പെടുത്തുകയുണ്ടായി. ഭദ്രാസനത്തിന്റെ ആദ്യ സംഭാവന വലിയമെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഡോ. മാത്യൂസ് മാര്‍ മക്കാറിയോസിന് ഭദ്രാസന ട്രഷറര്‍ സാബു ജോണ്‍ കൈമാറി.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഫണ്ട് എന്നു ചോദിച്ചാല്‍, വൈദിക പഠനത്തിനു മുമ്പ് മാര്‍ ക്രിസോസ്റ്റം റെയില്‍വേ പോര്‍ട്ടറുടെ വേഷം കെട്ടിയെന്ന് ഉത്തരം. ആ കഥയിങ്ങനെ. എഴുപത് കൊല്ലം മുമ്പാണ് ഫിലിപ്പ് ഉമ്മന്‍ എന്ന യുവാവ് റെയില്‍വേ ചുമട്ടുകാരനായത്. തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട് റെയില്‍വേ സ്റ്റേഷനിലായിരുന്നു ആ പകര്‍ന്നാട്ടം. അങ്കോലയിലെ മിഷന്‍ ഫീല്‍ഡ് പ്രവര്‍ത്തനത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. പക്ഷെ, ജോലാര്‍പേട്ടിലെത്തിയപ്പോഴെയ്ക്കും തീവണ്ടി പുറപ്പെട്ടിരുന്നു. അടുത്ത വണ്ടിക്കായി പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുന്നതിനിടെ പോര്‍ട്ടര്‍മാരുടെ സംസാരം ഫിലിപ്പ് ഉമ്മന്‍ ശ്രദ്ധിച്ചു. പുകവലിയും മദ്യപാനത്തിനും തെറ്റായ ജീവിതത്തിനും അടിമകളാണവരെന്ന് യുവ ക്രിസോസ്റ്റം മനസിലാക്കി. അവരെ ഉപദേശിച്ച് നേരെയാക്കാന്‍ അദ്ദേഹം പോര്‍ട്ടര്‍മാര്‍ക്കൊപ്പം കൂടാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ ഉപദേശവുമായെത്തിയ പച്ചപരിഷ്‌കാരിയെന്ന് തോന്നിപ്പിച്ച യുവാവിനെ ചുമട്ടുകാര്‍ക്കിഷ്ടപ്പെട്ടില്ല. 

''തനിക്ക് പറ്റുമെങ്കില്‍ ഞങ്ങളുടെ ജോലി എന്താണെന്നറിഞ്ഞിട്ട് ഉപദേശിക്ക്...'' ഒരു പോര്‍ട്ടറുടെ ഈ വെല്ലുവിളി ഫിലിപ്പ് ഉമ്മന്‍ ശിരസാ വഹിച്ചു. അദ്ദേഹം നാട്ടിലേയ്ക്കുള്ള യാത്ര മാറ്റിവച്ച് പോര്‍ട്ടര്‍മാരിലൊരാളായി മാറി. അവരുടെ തെറ്റായ ശീലങ്ങള്‍ മാറ്റാന്‍ തന്നാലാവും വിധം ശ്രമിച്ചു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞപ്പോള്‍ മാര്‍ത്തോമാ സഭയുടെ മെത്രാപ്പോലീത്തയായിരുന്ന സൂഹാനോന്‍ മാര്‍ത്തോമാ ഫിലിപ്പ് ഉമ്മനെ നാട്ടിലേയ്ക്ക് നിര്‍ബന്ധപൂര്‍വം വിളിച്ചു. ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ വൈദിക പഠനത്തിന് ചേരാന്‍ വേണ്ടിയായിരുന്നു ആ വിളി. ആങ്ങനെ അദ്ദേഹം പഠിക്കാന്‍പോയി. ജോലാര്‍പേട്ടിലെ മൂന്നുമാസത്തെ പോര്‍ട്ടര്‍മാരോടൊത്തുള്ള ജീവിതം തനിക്ക് പരിചയപ്പെടുത്തിത്തന്നത് വലിയൊരു ലോകമാണെന്ന് ബംഗളൂരുവിലെ ചടങ്ങില്‍ ഫിലിപ്പ് ഉമ്മനെന്ന മാര്‍ ക്രിസോസ്റ്റം പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 17ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യു.സി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.1944ല്‍ ശെമ്മാശ-കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു.1953ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954ലും 1968ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1999 ഒക്ടോബര്‍ 23ന് സഭയുടെ 20മത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ ഇന്നും സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാര്‍ ക്രിസോസ്റ്റം.

ഫിലിപ്പ് ഉമ്മനെന്ന മാര്‍ ക്രിസോസ്റ്റം റെയില്‍വേ പോര്‍ട്ടറായ കഥ
Join WhatsApp News
Joseph Padannamakkel 2017-01-31 07:06:00
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക പ്രതിഭകളിൽ സമുന്നത സ്ഥാനം വഹിക്കുന്ന രണ്ടു മഹാന്മാരാണ് മാര്‍ ഫീലിപ്പോസ്‌ ക്രിസോസ്റ്റവും ഫ്രാൻസിസ് മാർപ്പാപ്പയും. മഹാനായ ഫിലിപ്പോസ് മെത്രാപ്പോലീത്തായ്ക്ക് നൂറു വയസു തികയുന്നുവെങ്കിൽ അദ്ദേഹം ഇതിനോടകം പത്തു ജന്മങ്ങൾ പൂർത്തികരിക്കേണ്ട കടമകൾ ചെയ്തുകഴിഞ്ഞു. നൂറാംവയസിലും കർമ്മനിരതനായി, ബുദ്ധിവൈഭവത്തോടെ പ്രവർത്തിക്കുന്നതും ഒരു പ്രവാചക തുല്യമായ മനസുള്ളതുകൊണ്ടാണ്. 

ഇത്രയും എളിയവനായ ഒരു മെത്രാപ്പോലീത്തായെ ലോകം മുഴുവനുമുള്ള അഭിഷിക്ത ലോകത്തിൽ ചികഞ്ഞാലും കണ്ടു മുട്ടില്ല. ഒരുവന്റെ മതമോ വിശ്വസമോയല്ല കാര്യം. മനുഷ്യ സ്നേഹിയായ ഈ ബിഷപ്പ് അത് കർമ്മ ഫലങ്ങളിൽക്കൂടി തെളിയിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തിനു യാതൊരു പ്രയോജനവുമില്ലാത്തവരെ പിതാവെന്നും തിരുമേനിയെന്നും വിളിക്കുന്ന വിളികൾ നിറുത്തണം. അങ്ങനെയുള്ള വിളികൾ സുവിശേഷങ്ങൾക്കും എതിരാണ്. എന്നാൽ ക്രിസോസ്റ്റം സുവിശേഷത്തിലെ വചനങ്ങൾക്കൊപ്പം ജീവിക്കുന്ന വ്യക്തിയും ആദ്ധ്യാത്മിക വിപ്ലവകാരിയുമാണ്.  ആരെങ്കിലും അദ്ദേഹത്തെ തിരുമേനിയെന്നു വിളിക്കുന്നുവെങ്കിൽ അദ്ദേഹം അതിനു യോഗ്യനുമാണ്. 

എല്ലാ ക്രിസ്ത്യാനികളും അക്രൈസ്തവരും ചിരിയുടെ വലിയ മെത്രാപ്പോലീത്തായെ ബഹുമാനിക്കുന്നു. സമൂഹത്തിന്റെ സ്വത്തായ ഈ വലിയമനുഷ്യൻ എന്നും ആരോഗ്യവാനായി ആയുഷ്മാനായി സുദീർഘ കാലം തന്റെ അനുഗ്രഹീതമായ ജീവിതം തുടരട്ടെയെന്നു ആശംസിക്കുന്നു. 

ഏകദേശം രണ്ടു വർഷത്തിന് മുമ്പ് 'ചിരിയുടെ തിരുമേനി'യെന്ന തലവാചകത്തിൽ അദ്ദേഹത്തെപ്പറ്റി 'ഇമലയാളി'യിൽ ഒരു ലേഖനം ഞാൻ എഴുതിയിരുന്നു. വായിക്കുക. 

http://emalayalee.com/varthaFull.php?newsId=98643
Anthappanj 2017-01-31 07:48:12

If there was no organized religion we would not have heard about Chrysostom or Francis.  Though they do certain things different from their predecessors, ultimately they are bound to follow the protocol of their denomination.    Medias work for these people and project them as great and prophets (Prophets in Old Testament were instilling fear in the mind of people so that they would go back to their religion and stick with them – Prophets were the propagandists of Jewish religion).  We meet ordinary people in our life and experience their unconditional love through their action.  Their religion never prevents them from doing the good things.  So stop calling them Mahathamavu   


ജോണി 2017-02-02 08:30:28
ചിരിയുടെ തിരുമേനിക്ക് എല്ലാവിധ ഭാവുഗങ്ങളും. 
മോർ ക്രിസോസ്റ്റം തിരുമേനിയുടെ തമാശകളിൽ ഒരെണ്ണം. 
വിവിധ സഭകളിലെ തിരുമേനിമാരുടെ ഒരു മീറ്റിങ് ആയിരുന്നു വേദി. യേശുദേവൻ എന്താണ് പഠിപ്പിച്ചത് "എന്റെ  വചനങ്ങൾ അനുസരിച്ചു നടക്കുന്നവർ സ്വർഗത്തിൽ പോകും" കൂടാതെ "എന്റെ സാക്ഷികൾ ആയി പ്രവർത്തിക്കുന്നവർ സ്വർഗത്തിൽ പോകും" എന്നാൽ യേശു ആരെയാണ് സ്വർഗത്തിൽ കൊണ്ടുപോയത് ?  തന്നോടൊപ്പം കുരിശിൽ കിടന്ന ഒരു കള്ളനെ മാത്രം. അതുകൊണ്ടാണെന്നു തോന്നുന്നു നമ്മുടെ കൂട്ടരിൽ  പലരും സ്വർഗത്തിൽ പോകാൻ നന്നായി ശ്രമിക്കുന്നത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക