Image

യുവതി ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

Published on 02 February, 2017
യുവതി ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ കഷ്ടപ്പാട് മൂലം വലഞ്ഞ് വനിതാഅഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളി യുവതി  ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തൃശൂര്‍ സ്വദേശിനിയായ ബിന്ദു ജൈസണ്‍ ആണ് രണ്ടു മാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതത്തിന്റെ അനിശ്ചിതങ്ങള്‍ക്കിടയില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. ബിന്ദു ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ ജോലിക്കാരിയായി എത്തിയത്. എന്നാല്‍ വിശ്രമമില്ലാതെ കഠിനമായ ജോലിയും, ശകാരവും കാരണം ബിന്ദുവിന്റെ പ്രവാസജീവിതം നരകതുല്യമായി. ആദ്യമൊക്കെ ശമ്പളം കിട്ടിയിരുന്നെങ്കിലും പിന്നീട് അതും കുടിശ്ശികയാകാന്‍ തുടങ്ങി. ഒടുവില്‍ ആറുമാസത്തെ ജോലി മതിയാക്കി ബിന്ദു, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ബിന്ദു സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു ഈ വിവരം ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ബിന്ദുവിന്റെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിയ്ക്കുകയും ചെയ്തു. എന്നാല്‍ ബിന്ദുവിന്റെ ഒരു കാര്യവും തനിയ്ക്കറിയണ്ട എന്ന നിഷേധ നിലപാടിലായിരുന്നു സ്‌പോണ്‍സര്‍. ഒരു തരത്തിലുള്ള സഹകരണത്തിനോ, ഒത്തുതീര്‍പ്പിനോ സ്‌പോണ്‍സര്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ബിന്ദുവിന് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

കോബാറിലെ നവയുഗം പ്രവര്‍ത്തകര്‍ ബിന്ദുവിന് വിമാനടിക്കറ്റും, നാട്ടില്‍ കൊണ്ടുപോകാന്‍ ബാഗും, സമ്മാനങ്ങളും കൊടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ബിന്ദു നാട്ടിലേയ്ക്ക് മടങ്ങി.

യുവതി ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക