Image

ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ട് വഴിനടത്തപ്പെട്ട ഒരാള്‍ (ഡി. ബാബു പോള്‍)

Published on 03 February, 2017
ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ട് വഴിനടത്തപ്പെട്ട ഒരാള്‍ (ഡി. ബാബു പോള്‍)
അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓര്‍മ്മകളാണ് എന്റെ പ്രിയ സുഹൃത്ത് ജനാബ് ഇ. അഹമ്മദ് സാഹിബിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത്. തിരുവനന്തപുരത്ത് സി.ഇ.ടിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായി വരുമ്പോള്‍ എനിക്ക് 17 വയസാണ് പ്രായം. കേരളം പിറന്നിട്ടേയുള്ളൂ. മലബാറില്‍ നിന്നും കുറെ കൂട്ടുകാര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ ജീവിച്ചിരിക്കുന്നതില്‍ എം.ഇ.എസ് നേതാവും പ്രമുഖ വ്യവസായിയുമായ ടി.പി ഇമ്പിച്ചി അഹമ്മദാണ്. കഴിഞ്ഞ വര്‍ഷം അന്തരിച്ച കോഴിക്കോട്ടുകാരന്‍ അഹമ്മദ് കോയയും (കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍), കിച്ച എന്നു വിളിച്ചിരുന്ന ഇമ്പിച്ചി അഹമ്മദും വഴിയാണ് അഹമ്മദ് സാഹിബിനെ ആദ്യം പരിചയപ്പെടുന്നത്. വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ അഹമ്മദ് കാണിച്ചിരുന്ന താത്പര്യം നാള്‍ക്കുനാള്‍ കൂടിവരികയാണുണ്ടായത്. അന്ന് എന്‍ജിനീയറിംഗ് കോളജും ഹോസ്റ്റലും ഇന്ന് പി.എം.ജിയും, ഐ.എം.ജിയും ഇരിക്കുന്ന വളപ്പിലായിരുന്നു.

ലോ കോളജ് അതിനടുത്താണല്ലോ. വൈകുന്നേരങ്ങളില്‍ തിരുവനന്തപുരത്തെ തിരക്കില്ലാത്ത വീഥികളില്‍ കൂടി നടക്കാന്‍ പോകും. കാശ്മീര്‍ ക്വാട്ടയില്‍ കേരളത്തില്‍ പഠിക്കാനെത്തിയ സയ്യിദ് റാസ ഷാ മദനിയും ഉണ്ടാകും പലപ്പോഴും. അങ്ങനെ ഞങ്ങള്‍ നടക്കാന്‍ പോകുന്ന സമയത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിനടുത്ത് കാറ്റ് കൊള്ളാനെന്ന മട്ടില്‍ നില്‍ക്കുമായിരുന്ന യുവാവായ സ്പീക്കര്‍ സി.എച്ച്. മുഹമ്മദ് കോയയെ കാണും. സി.എച്ചിന് ഈ മലബാര്‍ സുഹൃത്തുക്കളോട് സവിശേഷമായ താത്പര്യമായിരുന്നു. വിശേഷിച്ചും അഹ്മദ് അദ്ദേഹത്തിന്റെ വത്സല ശിഷ്യനായിരുന്നു. അന്നത്തെ രീതിക്ക് എന്‍ജിനീയറിംഗ് പഠിക്കുന്ന ബിച്ചയേയോ, അഹ്മദ് കോയയെയോ രാഷ്ട്രീയത്തില്‍ പ്രതീക്ഷിക്കാവുന്നതല്ലല്ലോ? അതുകൊണ്ടാകാം അഹ്മദിനോട് പ്രത്യേക വാത്സല്യം കാണിച്ചിരുന്നതെന്നു ഞങ്ങള്‍ക്ക് തോന്നിയിരുന്നു. പിന്നീട് കുറെക്കാലും അഹ്മദ് സാഹിബുമായുള്ള എന്റെ ബന്ധം കുറെക്കാലം മുറിഞ്ഞിരുന്നു. പഠനം കഴിഞ്ഞ് ഓരോരുത്തല്‍ ഓരോ വഴിക്ക് പോയതുകൊണ്ടാണ് അങ്ങനെ ഒരു ഇടവേള ഉണ്ടായത്. കണ്ണൂരില്‍ കൈത്തറി കോര്‍പറേഷന്‍ സ്ഥാപിക്കാന്‍ ഞാന്‍ നിയുക്തനായ ശേഷമാണ് പിന്നീട് ഞങ്ങളുടെ സൗഹൃദം പുതുക്കാനായത്. അത് 1968-ല്‍ ആയിരുന്നു. കണ്ണൂരില്‍ ഞാന്‍ രണ്ടുകൊല്ലം ഉണ്ടായിരുന്നു. അക്കാലത്ത് തന്നെ മുസ്‌ലീം നേതാവായി അഹമ്മദ് വളര്‍ന്നുകഴിഞ്ഞിരുന്നു. 1970-ലാണ് ഞാന്‍ കളക്ടറാകുന്നത്. എന്നെ ആദ്യം നിയമിച്ചത് കണ്ണൂര്‍ കളക്ടറായാണ്. എന്നാല്‍ ചാര്‍ജ് എടുക്കുന്നതിനു മുമ്പുതന്നെ ആ ഉത്തരവ് റദ്ദാക്കുകയും എന്നെ പാലക്കാട് നിയമിക്കുകയും ചെയ്തു. അഹമ്മദ് ഇടപെട്ടാണ് എന്റെ നിയമനം മാറ്റിയത്. അദ്ദേഹത്തിന് എന്നോട് വിരോധമൊന്നും ഉണ്ടായിട്ടല്ല എന്നെ അവിടെനിന്നും മാറ്റിയത്. അദ്ദേഹം തന്നെ പില്‍ക്കാലത്ത് എന്നോട് വിശദീകരണം എന്നപോലെ പറഞ്ഞിട്ടുള്ളത്, സുഹൃത്തായ ഞാന്‍ കളക്ടറായി വരുന്നത് രണ്ടുപേര്‍ക്കും അസൗകര്യമായിരിക്കുമെന്നാണ്. ചിലപ്പോള്‍ അതു സൗഹൃദത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയേക്കാം എന്ന തിരിച്ചറിവ് അഹമ്മദിനുണ്ടായിരുന്നു. ഒന്നോര്‍ത്താല്‍ അതു ശരിയല്ലേ? നാട്ടിലെ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും എന്തും ഏതും ശിപാര്‍ശയായി അവതരിപ്പിക്കാന്‍ അഹമ്മദ് ബാധ്യസ്ഥന്‍. വ്യക്തിബന്ധം എത്രതന്നെ ഉറച്ചതാണെങ്കിലും ഔദ്യോഗിക തീരുമാനങ്ങള്‍ നിയമത്തിനും ചട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നും എടുക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍. അതു മുന്‍കൂട്ടി കാണാന്‍ എന്റെ പ്രിയ സുഹൃത്തിന് കഴിഞ്ഞു. അതിനെ ഞാന്‍ ദീര്‍ഘദര്‍ശിത്വം എന്നു പറയും. അഹമ്മദ് പില്‍ക്കാലത്ത് താണ്ടിയെത്തിയ ഔന്നിത്യങ്ങളിലേക്ക് വഴിനടത്തിയത് പടച്ചവന്റെ കാരുണ്യവും ഭാഗ്യവും മാത്രമല്ല, അഹമ്മദിന്റെ ക്രാന്തദര്‍ശിത്വം കൂടിയായിരുന്നുവെന്നു ഞാന്‍ പറയുന്നത് ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ഞാന്‍ അഞ്ചുവര്‍ഷം കളക്ടറായും ഏഴുകൊല്ലം ടൈറ്റാനിയം, കെ.എസ്.ആര്‍.ടി.സി, ഫിഷറീസ് വകുപ്പുകളിലും പ്രവര്‍ത്തിച്ചശേഷം ഫിനാന്‍സ് സെക്രട്ടറിയായപ്പോഴാണ് വീണ്ടും അഹമ്മദുമായി അടുത്തിടപഴകാന്‍ സൗകര്യമുണ്ടായത്. 1982-ല്‍ എന്റെ സുഹൃത്ത് വ്യവസായ മന്ത്രിയായി. ഫിനാന്‍സ് സെക്രട്ടറിയുടെ ഔദ്യോഗിക മുറി മാത്രമാണ് അത്ര കാലമായിട്ടും മാറാതെയുള്ള ഒരേ ഒരു മുറി. അതിനോട് ചേര്‍ന്ന് വലിയൊരു മുറിയുണ്ടായിരുന്നു മന്ത്രിമാര്‍ക്കായി. അത് പിന്നീട് രണ്ടാക്കി. അതില്‍ ഒരു ഭാഗത്ത് മന്ത്രി കമലവും മറ്റേ മുറിയില്‍ മന്ത്രി അഹമ്മദും ആയിരുന്നു. ഫിനാന്‍സ് സെക്രട്ടറിയിക്ക് അക്കാലത്ത് എട്ടൊമ്പത് മണിയെങ്കിലും ആകാതെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ല, വ്യവസായ മന്ത്രിക്കും ധാരാളം തിരക്കുകളുണ്ട്. എന്നാല്‍ അഹമ്മദ് അല്‍പം സന്ദര്‍ശകബാഹുല്യം കുറഞ്ഞ ദിവസങ്ങളില്‍ ആറരയൊക്കെ ആകുമ്പോള്‍ എന്നെ ഇന്റര്‍കോമില്‍ വിളിക്കും. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തി അന്ന് സെക്രട്ടറിടേറ്റിലെ സ്ഥിര വിഭവമായിരുന്ന ഉഴുന്നുവട കഴിക്കും. സംഭാഷണം വെറും നാട്ടുവര്‍ത്തമാനമായിരുന്നില്ല. ആദ്യമായി മന്ത്രിയാകുകയാണ് അഹമ്മദ്. അതുകൊണ്ട് പലപ്പോഴും രണ്ടോ മൂന്നോ ഫയലുകള്‍ എന്നോട് ചര്‍ച്ച ചെയ്യാന്‍ മാറ്റിവെച്ചിട്ടുണ്ടാകും. അത് ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരിഗണിക്കേണ്ട ഫയലുകളായിരുന്നില്ല. വ്യവസായവകുപ്പ് മന്ത്രി എന്ന നിലയില്‍ അഹമ്മദ് തീരുമാനമെടുക്കേണ്ട ഫയലുകളാണവ. എന്റെ അഭിപ്രായം അറിയാനാണ് ആ ഫയലുകള്‍ മാറ്റിവെച്ചിരുന്നത്. എന്നാല്‍ അത്രയ്ക്ക് വിശ്വാസം പഴയ സുഹൃത്തിനുണ്ടായിരുന്നു എന്നര്‍ത്ഥം.

ആ സായാഹ്‌നങ്ങളിലെ ഒരു സംഭാഷണ ശകലം ഇന്നും ഞാന്‍ കൗതുകത്തോടെയാണ് ഓര്‍ക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഏതോ ഒരു നിയമനം സംബന്ധിച്ചായിരുന്നു. മൊത്തം സീനിയോറിറ്റി നോക്കിയാല്‍ മുകളിലുള്ള ഒരു മുസ്‌ലീം. ആ കമ്പനി കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പി.എച്ച്.ഡി ഉണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് എതിര്‍ഭാഗത്ത്. സീനിയര്‍ ആയ മുസ്‌ലീമിനെ മാറ്റിനിര്‍ത്തി വിഷയത്തില്‍ വിദഗ്ധനായ നമ്പൂതിരിയെ വിളിക്കണം എന്നാണ് ആ ഫയലില്‍. ഞന്‍ ആ ഫയല്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ എന്റെ അഭിപ്രായം പറഞ്ഞു. സീനിയറിന് കൊടുക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. അ#്‌ദേഹത്തിന്റെ കാലാവധി കഴിഞ്ഞാല്‍ പിന്നെയുമുണ്ട് വിഷയവിദഗ്ധന് സര്‍വീസ്. എങ്കിലും നമ്പൂതിരിക്ക് കൊടുത്താല്‍ അഹമ്മദ് ജാതി നോക്കിയെന്ന അപശബ്ദം ഒഴിവിക്കാന്‍ കഴിയും എന്നായിരുന്നു എന്റെ നിര്‍ദേശം. എന്നാല്‍ അഹമ്മദിന്റെ മറുപടി ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു. "ഞാന്‍ മാന്യനാണ് എന്നു തെളിയിക്കാന്‍ വേണ്ടി സീനിയറായ ഉദ്യോഗസ്ഥനെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തണോ ബാബു' തന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ബോധത്തെക്കാള്‍ അദ്ദേഹം കരുതിയത് ആയുഷ്കാലം മുഴുവന്‍ ഒരു സ്ഥാപനത്തിനുവേണ്ടി പണിയെടുത്ത ഒരാള്‍ അവസാനത്തെ കസേര അടുത്തെത്തുമ്പോള്‍ അതു നിഷേധിക്കപ്പെട്ട് നിരാശനാകരുത് എന്ന ചിന്തയായിരുന്നു. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് ഫയലുകളുടെ കഥകള്‍ എന്റെ മനസ്സില്‍ വരുന്നുണ്ട്. അധികം വൈകാതെ ഞാന്‍ കേന്ദ്ര സര്‍വീസിലേക്കു പോയി. തിരിച്ചുവന്നപ്പോഴേയ്ക്കും അഹമ്മദ് ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഔദ്യോഗിക രംഗത്ത് പിന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്ദര്‍ഭം ഉണ്ടായില്ല. എങ്കിലും കൂടെക്കൂടെ കാണുമായിരുന്നു. പലപ്പോഴും വിമാനത്തില്‍ വച്ചായിരിക്കും. അവസാനകാലത്ത് മറ്റൊരു കാര്യത്തിലും ഞങ്ങള്‍ തുല്യദുഖിതരായി. രണ്ടുപേരും വിഭാര്യരായി ഭവിച്ചു. അത് നന്മകള്‍ തരുന്ന ഈശ്വരന്റെ കൈപ്പുസ്തകത്തില്‍ കുറിച്ച അജണ്ടയില്‍പ്പെടും എന്നു ഞങ്ങള്‍ രണ്ടുപേരും ആശ്വസിക്കുകയും ചെയ്തു.

എന്‍ജിനീയറിംഗ് കോളജിലും ലോ കോളജിലും ആയി പഠിച്ച കാലത്ത് ഊഷ്മളമായ സ്‌നേഹം അവസാനം കാണുന്നതുവരെ ആ നല്ല മനുഷ്യന്‍ നിലനിര്‍ത്തിയെന്നത് ഈറനണിഞ്ഞ കണ്ണുകളോടെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതകാലത്ത് പ്രതീക്ഷിക്കാന്‍ കഴിയുമെന്നതിനേക്കാള്‍ എത്രയോ ജന്മത്തില്‍ എത്തിയിട്ടാണ് എന്റെ സുഹൃത്തോഈ ലോകത്തോട് വിടപറയുന്നത് എന്നോര്‍ക്കുമ്പോള്‍, അദ്ദേഹം ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ട്, വഴിനടത്തപ്പെട്ടവനായിരുന്നുവെന്ന് എനിക്ക് വ്യക്തമായും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ആ മഹാത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.
ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ട് വഴിനടത്തപ്പെട്ട ഒരാള്‍ (ഡി. ബാബു പോള്‍)
Join WhatsApp News
ഇവാൻഞ്ചലി 2017-02-03 20:37:47
ദൈവത്താൽ തിരഞ്ഞടുക്കപ്പെട്ട വ്യക്തിയാണ് ട്രമ്പെന്നാണ് കൃത്യാനികൾ പറയുന്നത്.  ഹിലാരിക്ക് വോട്ട് ചെയ്ത 62 മില്യൺ നരകത്തിൽ പോകും .ട്രമ്പിനോടൊത്ത് ആയിരമാണ്ട് ബാക്കിയുള്ളവർ ജീവിക്കും. അവന്റ നാമം വാഴ്ത്തപ്പെടുമാറാകട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക