Image

പത്മരാജനെ കടമെടുക്കുന്നവരോട്‌...

Published on 22 February, 2012
പത്മരാജനെ കടമെടുക്കുന്നവരോട്‌...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചലച്ചിത്രലോകത്ത്‌ ഒരു വാര്‍ത്ത പരന്നിരിക്കുന്നു. പത്മരാജന്റെ വിഖ്യാത തിരക്കഥ തകര റീമേക്ക്‌ ചെയ്യുന്നുവെന്ന്‌. ഒരു കാലത്ത്‌ പ്രേക്ഷകരില്‍ കോളിളക്കം സൃഷ്‌ടിച്ച സിനിമയാണ്‌ തകര. 1980ലാണ്‌ തകര റിലീസിനെത്തുന്നത്‌. പത്മരാജന്റെ തിരക്കഥയില്‍ ഭരതനാണ്‌ ചിത്രമൊരുക്കിയത്‌. പ്രതാപ്‌ പോത്തന്‍, നെടുമുടി വേണു, സുരേഖ, കെ.ജി മേനോന്‍, ശാന്താദേവി എന്നിവര്‍ പ്രധാന താരങ്ങളായി എത്തി. ഇന്നും പ്രേക്ഷകര്‍ മലയാള സിനിമയില്‍ ക്ലാസിക്കല്‍ ചിത്രം എന്നു തന്നെ തകരയെ നിരീക്ഷിക്കുന്നു. കാരണം മറ്റൊന്നുമല്ല അത്‌ പത്മരാജന്റെ രചനാ വൈദഗ്‌ധ്യത്തില്‍ ഭരതന്റെ അനുപമമായ സംവിധാന മികവില്‍ ഒരുങ്ങിയ ചിത്രമാണ്‌ എന്നതുകൊണ്ടു തന്നെ. അല്‌പമൊന്ന്‌ കൈപാളിപ്പോയാല്‍ വെറുമൊരു ഇക്കിളിപ്പടമായി മാറുമായിരുന്ന ചിത്രം തന്നെയാണ്‌ തകര. സുരേഖയുടെ കൊതിപ്പിക്കുന്ന രംഗങ്ങള്‍ പലതുണ്ടായിരുന്നു ചിത്രത്തില്‍. പക്ഷെ അതിനെ ലൈംഗീകതയുടെ മാത്രം കാഴ്‌ചപ്പാടിലേക്ക്‌ കൊണ്ടുപോകാതെ പ്രേക്ഷകരെ ഇരുത്തിചിന്തിപ്പിച്ച ഇമോഷണല്‍ തലങ്ങളിലൂടെ കൊണ്ടുപോയത്‌ ഇന്നും കാലത്തെ അതിജീവിക്കുന്ന ഭരതന്‍ പത്മരാജന്‍ പ്രതിഭകള്‍ തന്നെയായിരുന്നു.

ഭരതന്‍ പത്മരാജന്‍ ടീമിന്റെ രതിനിര്‍വേദത്തിനു പിന്നാലെ തകര കൂടി റീമേക്കിനെത്തുന്നു എന്ന വാര്‍ത്ത പത്മരാജന്‍ എന്ന വിഖ്യാത സാഹിത്യകാരനെ തിരക്കഥാകൃത്തിനെ, ചലച്ചിത്രകാരനെ സ്‌നേഹിക്കുന്നവര്‍ അല്‌പമൊരു ആശങ്കയോടെ തന്നെയാണ്‌ കണ്ടത്‌. കാരണം ഒരിക്കലും നല്ല ഉദ്ദേശത്തോടെയല്ല ഈ ചിത്രം റീമേക്കിന്‌ തയാറെടുക്കുന്നത്‌ എന്നതു തന്നെ. പത്മരാജന്‍ കഥകളുടെയും തിരക്കഥകളുടെയും അവകാശം ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി രാധാലക്ഷമിക്കാണ്‌. തകരയുടെ റീമേക്കിനായി പലരും അടുത്തിടെ രാധാലക്ഷമിയെ സമീപിച്ചിരുന്നു. എന്നാല്‍ രതിനിര്‍വേദം റീമേക്ക്‌ ചെയ്യപ്പെട്ടതിനു ശേഷം ഒരു പത്മരാജന്‍ ചിത്രവും റീമേക്ക്‌ ചെയ്യാനുള്ള അവകാശം ആര്‍ക്കും നല്‍കുന്നില്ല എന്നു ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. ഭരതന്റെ ഭാര്യ കെ.പി.എ.സി ലളിതയുടെ തീരുമാനം ഇതു തന്നെയായിരുന്നു. ഇരുവരും ചേര്‍ന്ന്‌ ഈ തീരുമാനം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തകരയുടെ നിര്‍മ്മാണ കമ്പിനിയുടെ ഇപ്പോഴത്തെ അവകാശികളില്‍ നിന്നും റീമേക്ക്‌ അവകാശം കൈക്കലാക്കാനായിരുന്നു ചിലരുടെ നീക്കം. രതിനിര്‍വേദം റീമേക്ക്‌ ചെയ്‌തവരും ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു. പക്ഷെ രാധാലക്ഷമിയുടെ അഭ്യര്‍ഥന മാനിച്ച്‌ തകരയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരും ഇപ്പോള്‍ ഈ ചിത്രം റീമേക്കിന്‌ നല്‍കുന്നില്ലെന്ന്‌ ഉറപ്പു പറഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഒരു പത്മരാജന്‍ സൃഷ്‌ടി വികൃതമാകാതെ രക്ഷപെട്ടു എന്നു സംശയിക്കാം.

റീമേക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സ്വാഭാവികമായും തകര എന്ന ചിത്രത്തിന്റെ ക്വാളിറ്റയിലല്ല ശ്രദ്ധ വെക്കുന്നത്‌ എന്നത്‌ ഇവിടെ പകല്‍പോലെ വ്യക്തമാണ്‌. പത്മരാജന്‍ ചിത്രങ്ങളില്‍ തെളിഞ്ഞു നിന്നിരുന്ന രതികാമനകളുടെ മായിക ലോകമാണ്‌ അവര്‍ക്ക്‌ താത്‌പര്യം. പക്ഷെ ഈ മായിക ലോകത്തെ പുനസൃഷ്‌ടിക്കാന്‍ പത്മരാജനെയോ ഭരതനെയോ പോലോ ക്രാഫ്‌റ്റുള്ളവര്‍ വേണമെന്നത്‌ മറ്റൊരു കാര്യം. അല്ലാത്തവര്‍ ഈ തിരക്കഥകളെ ഏറ്റെടുക്കുമ്പോള്‍ അതൊക്കെ വെറും ഇക്കിളിപ്പടങ്ങളുടെ നിലവാരത്തിലേക്ക്‌ തരംതാഴുന്നു. ഒരുപരിധിവരെ രതിനിര്‍വേദം നല്‍കിയ പാഠം അതു തന്നെയാണ്‌.

ഭരതനും പത്മരാജനും ഒരുക്കിയ രതിനിര്‍വേദം പുതിയ കാലത്തിന്റെ ഭാഷ്യവുമായി എത്തിയപ്പോള്‍ അത്‌ എത്രത്തോളം സത്യസന്ധത പുലര്‍ത്തിയിരുന്നു എന്നത്‌ പ്രേക്ഷകര്‍ക്ക്‌ തന്നെ ആലോചിച്ച്‌ മനസിലാക്കാവുന്നതാണ്‌. ഈ ചിത്രത്തിന്‌ ലഭിച്ച പബ്ലിസിറ്റിയും കൊമേഴ്‌സ്യല്‍ കളക്ഷനും മാത്രമായിരുന്നു നിര്‍മ്മാണ വിഭാഗത്തിന്റെ ലക്ഷ്യമെന്നതില്‍ ഒരു സംശയവുമില്ല. രതിനിര്‍വേദത്തിലൂടെ നേടിയ സാമ്പത്തിക ലാഭം ആവര്‍ത്തിക്കാനുള്ള താത്‌പര്യം തന്നെയാണ്‌ തകരയുടെ റീമേക്കിനുള്ള ശ്രമത്തിനും പിന്നില്‍.

ചട്ടക്കാരി, ഇണ, അവളുടെ രാവുകള്‍ തുടങ്ങി ഒരു നിര ചിത്രങ്ങള്‍ വീണ്ടും റീമേക്കിന്‌ തയാറെടുക്കുന്നതിലെ രഹസ്യവും മറ്റൊന്നാണെന്ന്‌ കരുതാന്‍ തരമില്ല. റീമേക്കിന്‌ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ ഒരു ആന്തരിക സ്വഭാവം ശ്രദ്ധിച്ചാല്‍ ഇത്‌ മനസിലാകും. എല്ലാ ചിത്രങ്ങളും രതികാമനകള്‍ക്ക്‌ പ്രാധാന്യമുള്ള ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ കലാപരമായ മേന്മയെ ഇവിടെ ലക്ഷ്യം വെക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. കലാമൂല്യമുള്ള ചിത്രങ്ങള്‍ റീമേക്ക്‌ ചെയ്യാനുള്ള ആഗ്രഹമാണ്‌ ഇനി ഈ നിര്‍മ്മാതാക്കള്‍ക്കെങ്കില്‍ അതിനായി മേല്‍പറഞ്ഞതിലും എത്രയോ മികച്ച സിനിമകള്‍ മലയാളത്തിന്റെ ഒരു സുവര്‍ണ്ണകാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളായി നില്‍പ്പുണ്ട്‌.

എന്നാല്‍ ഇത്തരം ചിത്രങ്ങളിലേക്കൊന്നും ശ്രദ്ധിക്കാതെ ഇണയും അവളുടെ രാവുകളും മുതല്‍ രതിപ്രസരമേറിയ തമ്പുരാട്ടിപോലുള്ള ചിത്രങ്ങള്‍ വരെ റീമേക്ക്‌ ചെയ്യാന്‍ മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ പോലും മത്സരിക്കുകയാണിപ്പോള്‍. ഇവിടെ സിനിമയെന്ന കലാരംഗത്തിന്റെ മൂല്യങ്ങള്‍ യാതൊരു വിലയും കല്‌പിക്കപ്പെടുന്നില്ല. ചട്ടക്കാരിയുടെ റീമേക്കില്‍ അഭിനയിക്കില്ലെന്ന പറഞ്ഞതിന്‌ നിത്യാമേനോനെ വിലക്കിയതു പോലും സമീപകാലത്ത്‌ വലിയ വാര്‍ത്ത സൃഷ്‌ടിച്ച സംഭവമാണ്‌. ഒരു പറ്റം നിര്‍മ്മാതാക്കളുടെ പണക്കൊതി ഇങ്ങനെ മലയാള സിനിമയെ മോശം അവസ്ഥയിലേക്ക്‌ കൊണ്ടു പോകും എന്നതില്‍ സംശയമില്ല.

മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക്‌ നഷ്‌ടങ്ങളുടെ കണക്കുകള്‍ ഏറെയുണ്ടെന്നത്‌ ശരി തന്നെ. പക്ഷെ നഷ്‌ടം നികത്താനുള്ള വഴി ഒരുകാലഘട്ടത്തിലെ പ്രതിഭകളുടെ സുന്ദര സൃഷ്‌ടികളെ വികൃതമാക്കിക്കൊണ്ടാവരുത്‌. പത്മരാജനെയും ഭരതനെയും പോലുള്ള പ്രതിഭകളെക്കുറിച്ച്‌ മലയാളികളുടെ മനസില്‍ എന്നും ഒരു സ്ഥാനമുണ്ട്‌. ഇന്നും ടെലിവിഷനില്‍ അവരുടെ ചിത്രങ്ങളെത്തുമ്പോള്‍ പ്രേക്ഷകരെ ലഭിക്കുന്നു. പഴയകാല പത്മരാജന്‍ ചിത്രങ്ങളുടെ ഡിവിഡികള്‍ക്കും ഇന്ന്‌ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റ്‌ തന്നെയാണ്‌. എന്നാല്‍ ഇവരുടെ സിനിമകള്‍ അപക്വമായ രീതിയില്‍ റീമേക്ക്‌ ചെയ്യുന്നത്‌ അവരുടെ ചലച്ചിത്രകാഴ്‌ചപ്പാടിനെ മോശമാക്കാന്‍ മാത്രമേ സഹായിക്കു എന്നത്‌ സിനിമ ലോകം ആദ്യം തിരിച്ചറിയേണ്ടതുണ്ട്‌.

ഇപ്പോഴും തകരയും, തുവാനത്തുമ്പികളും, ലോറിയുമൊക്കെ റീമേക്ക്‌ ചെയ്യാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തകൃതിയാണ്‌. എന്നാല്‍ ഒരു പത്മരാജന്‍ ചിത്രവും ഇനി റീമേക്കിനില്ലെന്ന രാധാലക്ഷമിയുടെ ഉറച്ച നിലപാട്‌ പത്മരാജന്റെ കൈയ്യൊപ്പ്‌ പതിഞ്ഞ ചിത്രങ്ങളെ മോശമാക്കാതെ രക്ഷിക്കുമെന്ന്‌ പ്രതീക്ഷിക്കാം.
പത്മരാജനെ കടമെടുക്കുന്നവരോട്‌...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക