Image

നര്‍മ്മത്തിന്റേയും ചിരിയുടേയും പ്രയോജനങ്ങള്‍ (ജി. പുത്തന്‍കുരിശ്.)

Published on 04 February, 2017
നര്‍മ്മത്തിന്റേയും ചിരിയുടേയും പ്രയോജനങ്ങള്‍ (ജി. പുത്തന്‍കുരിശ്.)
നല്ല നര്‍മ്മം എന്നു പറയുന്നത് എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന ഒരു സാംക്രമിക രോഗംപോലെയാണ്. ഉച്ചത്തിലുള്ള ചിരിയുടെ ശബ്ദം മൂക്കില്‍പൊടി വലിച്ചവരുടെ തുമ്മല്‍ പോലെയും പടര്‍ന്നുപിടിക്കുന്ന വില്ലന്‍ചുമപോലെയുമാണ്. മറ്റുള്ളവരോടൊത്ത് ചിരിക്കാന്‍ കഴിയുമ്പോള്‍ അത് മനുഷ്യബന്ധങ്ങളെ കെട്ടിമുറുക്കുകയും സൗഹ്യദങ്ങളെ വളര്‍ത്തുകയും ചെയ്യുന്നു. നല്ല ചിരി ശരീരത്തില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ക്കുള്ള പ്രേരകമായി തീരുന്നു. നര്‍മ്മവും ചിരിയും നമ്മളുടെ പ്രതിരോധ ശക്തിയെ പോഷിപ്പിക്കുന്നു, ഉന്മേഷവും പ്രസരിപ്പും നല്‍കുന്നു, വേദനയെ കുറയ്ക്കുന്നു, അതുപോലെ നാശകരമായ മനക്ലേശത്തിന്റെ പിടിയില്‍ നിന്ന് വിമുക്തമാക്കുന്നു. ഇതിലെല്ലാം ഉപരി വിലമതിയ്ക്കാനാവാത്ത ഈ ഔഷധം സൗജന്യമാണ് ഉപയോഗിക്കാന്‍ എളുപ്പവുമാണ്.

ചിരിയെന്നുപറയുന്നത് മനസ്സിനും ശരീരത്തിനും പറ്റിയ നല്ലൊരൗഷധമാണ്. ചിരി മാനസിക സംഘര്‍ഷത്തിനും, മാനസിക പിരിമുറുക്കത്തിനും, വേദനയ്ക്കും ഒരു മറുമരുന്നാണ്. നല്ലൊരു ചിരിയെപ്പോലെ വളരെ വേഗത്തില്‍ നമ്മളുടെ മനസിനേയും ശരീരത്തേയും അതിന്റെ സമനിലയിലെത്തിക്കാന്‍ പറ്റിയ ഒരു മരുന്ന് വേറെയുണ്ടെന്ന് തോന്നുന്നില്ല. നര്‍മ്മം നമ്മളുടെ മാനസിക ഭാരത്തെ ലഘൂകരിക്കുന്നു, പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്നു, മറ്റുള്ളവരുമായി അടുപ്പിക്കുന്നു, കൂടാതെ സമനിലതെറ്റാതെ സൂക്ഷിക്കുന്നു, വ്യക്തതയോടെ സംഗതികളെ കാണാന്‍ സഹായിക്കുന്നു ജാഗ്രതയും ഉഷാറുമുള്ളവരാക്കുന്നു. നമ്മളുടെ ഉണങ്ങാത്ത മുറിവുകളെ ഉണക്കാനും, നമ്മളെ ചുറ്റിനില്ക്കുന്ന നിരവധി പ്രശ്‌നങ്ങളെ തരണംചെയ്യാനും ബന്ധങ്ങളെ സുദൃഡമാക്കാനും നമ്മളുടെ മനസികവും ശാരീരികവുമായ ആരോഗ്യത്തിനെ ബലപ്പെടുത്തുന്ന ഉന്നുവടിയായും ചിരി വര്‍ത്തിക്കുന്നു.

ചിരിയുടെ ഗൂണങ്ങള്‍ എണ്ണമറ്റവയാണ്. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു, മാനസിക പിരിമുറുക്കത്തിന് കാരണമായ ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുന്നു (മാരകമായ ഹൃദ്‌രോഗത്തിന്റെ ഒരു പ്രധാനകാരണം മാനസിക സംഘര്‍ഷമാണെന്ന് വിസ്മരിക്കാതിരിക്കുക), വേദനയെ ശമിപ്പിക്കുന്നു, മസിലുകള്‍ക്ക് അയവു വരുത്തുന്നു, ഹൃദയസ്തംഭനം തടയുന്നു, ജീവിതത്തിന് സന്തോഷവും ഉന്മേഷവും പകരുന്നു, ഭയവും ആകാംഷയും കുറയ്ക്കുന്നു, സംഘര്‍ഷത്തെ ലഘൂകരിക്കുന്നു, മനസ്സിന്റെ വൈകാരിക ഭാവപകര്‍ച്ചയെ മെച്ചപ്പെടുത്തുന്നു, മനോമാന്ദ്യത്തില്‍ നിന്ന് മുക്തി നല്‍കുന്നു, ബന്ധങ്ങളെ ബലപ്പെടുത്തുന്നു, മറ്റുള്ളവരെ നമ്മളിലേക്ക് ആകര്‍ഷിക്കുന്നു, ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കുന്നു, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് നല്‍കുന്നു, സാമൂഹ്യ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നു

മനസ് തുറന്നുള്ള ചിരി ശരീരത്തിലാകാമാനമുള്ള പിരിമുറുക്കത്തിന് അയവ് വരുത്തുന്നു. ഹൃദയം തുറന്നുള്ള ചിരിയുടെ ഫലം നാല്പത്തി അഞ്ചു മിനിറ്റു വരെ നീണ്ടു നില്ക്കുന്നു. നല്ലൊരു ചിരിക്ക് സംഘര്‍ഷത്തിനു കാരണമായ ഹോര്‍മോണിന്റെ അളവ് കുറയ്ക്കുകയും പ്രതിരോധ കോശങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ രോഗത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള അന്റിബോഡിയെ ഉല്‍പാതിപ്പിക്കുന്നു. ശരീരത്തിന് ആകമാന സുഖം നല്‍കുന്ന എന്‍ഡോര്‍ഫിന്‍ എന്ന രാസ വസ്തുവിനെ ജനിപ്പിക്കത്തക്കവണ്ണം അതിന്റെ ഗ്രന്ഥികള്‍ക്ക് ഉത്തേജനം നല്‍കുന്നു. രക്ത ഓട്ടം വര്‍ദ്ധിപ്പിക്കതക്ക വിധത്തില്‍ രക്തധമനികളുടെ പ്രവര്‍ത്തനക്ഷമതയെ വര്‍ദ്ധിപ്പിക്കുന്നു.

വൈകാരികമായ് ഓജസ്സുള്ളവരാക്കി നിറുത്തുവാന്‍ നല്ലൊരു ചിരി നമ്മളെ സഹായിക്കുന്നു. ചിരി കെട്ടടങ്ങിയതിനു ശേഷവും നല്ലൊരനുഭൂതി നല്‍കികൊണ്ട് അനേക മിനിറ്റുകള്‍ ചിരിയുടെ തരംഗങ്ങള്‍ നമ്മളില്‍ തങ്ങി നില്ക്കുന്നു. നര്‍മ്മം മനസിന്റെ സുനിശ്ചിതമായ ഭാവത്തെ കാത്തു സൂക്ഷിക്കുകയും പ്രതിസന്ധിയെ അഭിമുഖീകരിക്കുവാന്‍ ശുഭാപ്തിപരമായ ജീവിതവീഷണത്തെ നല്‍കുന്നു. നമ്മളുടെ മുഖത്ത് പൊട്ടിവിടരുന്ന പുഞ്ചിരിക്ക് മറ്റുള്ളവരുടെ ഹൃദയത്തില്‍ പൂത്തിരി കത്തിക്കാന്‍ കഴിയുമെന്ന് ഓര്‍ത്തിരിക്കുക. ചിരി പലപ്പോഴു നാം നമ്മളുടെ പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും മറക്കതക്കരീതിയില്‍ അത് സൃഷ്ടിക്കുന്ന വിഷമകരമായ വികാരങ്ങളെ അലിയിച്ചു കളയുന്നു. ചിരി നമ്മളെ ശാന്തമാക്കി ഊര്‍ജ്ജത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ചിരി നമ്മളുടെ ജീവിതവീക്ഷണത്തിനും കാഴ്ചപ്പാടിനും മാറ്റം വരുത്തുന്നു. ജീവിതത്തില്‍ മുങ്ങിതാഴുമെന്ന ഘട്ടത്തില്‍ നിന്ന് ഒരു നല്ല ചിരിക്ക് കരകയറ്റുവാന്‍ കഴിയും. മറ്റുള്ളവരുമായി ഇടപിഴകുമ്പോള്‍ ഉണ്ടാകാവുന്ന വിയോജിപ്പുകളേയും ഭിന്നിപ്പുകളിളേയും അകറ്റി കാര്യങ്ങളുടെ കിടപ്പിനെ ശാന്തമായി കാണുവാന്‍ സഹായിക്കുന്നു. മറ്റുള്ളവാരോട് ചേന്ന് ചിരിക്കുന്നത് ഒറ്റക്ക് ചിരിക്കുന്നതിനെക്കാള്‍ ശക്തമാണ്.

പുഞ്ചിരിയാണ് ചിരിയുടെ ആരംഭം കുറിയ്ക്കുന്നത്. ചിരിയെപ്പോലെ പുഞ്ചിരിയും സാംക്രമികമാണെന്നാണ് ചിരിതെറപ്പിയുടെ അഗ്രഗാമികള്‍ പറയുന്നത.് രസകരമായ സംഭവങ്ങള്‍ ഇല്ലാതെതന്നെ ചിരിയ്ക്കാന്‍ കഴിയുമെന്നാണ് അവരുടെ വാദം. അപരിചതരെ കാണുമ്പോള്‍ മസിലു പിടിച്ച് മുഖത്തുനോക്കാതെ അവരെ കടന്നു പോകുന്നതിനു പകരം ഒരു പുഞ്ചിരി സമ്മാനം നല്‍കി നോക്കു. ഒരു പക്ഷെ അത് ആ അപരിചിതന്റെ ഇരുണ്ട അവസ്ഥയില്‍ ഒരു മെഴുകുതിരി കത്തിക്കുകയാണോ എന്നാരറിഞ്ഞു. ചിരിക്കുക എന്നത് ജന്മസിദ്ധവും നൈസര്‍ഗ്ഗികവുമായ നമ്മളുടെ അവകാശമാണ്. ജനിച്ച ആദ്യയാഴ്ചയില്‍ തന്നെ കുഞ്ഞുങ്ങളുടെ അധരങ്ങളില്‍ ചെറുചിരി വിടരുന്നത് കാണാം. മാസങ്ങള്‍ക്കുള്ളില്‍ അത് പൊട്ടിച്ചിരിയായി മാറുന്നു. ആ ചിരി എവിടെയാണ് നമ്മള്‍ക്ക് നഷ്ടമായത്?

ചിരിയെന്ന മാസ്മര ചൈതന്യം കാലഹരണപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം ചെയ്യേണ്ടത്, കുറച്ചുനേരത്തേക്കെങ്കിലും നമ്മെയും നമ്മുടെ വ്യക്തിതാത്പര്യങ്ങളെയും വിസ്മരിക്കുകയാണ്. നമ്മുടെ സ്വാര്‍ത്ഥബുദ്ധിയാണ് നമ്മെ ചിരിയില്‍ നിന്നും അകറ്റിനിറുത്തുന്നത്. നമ്മുടെ പണം, നമ്മുടെ സ്ഥാനം, നമ്മുടെ സമുദായം, നമ്മുടെ കക്ഷി എന്നിങ്ങനെപോകുന്നു നമ്മുടെ കൊച്ചുകൊച്ച് അല്പത്തങ്ങള്‍. ഇതെല്ലാം മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് നാം സങ്കല്പിക്കുക. അപ്പോള്‍ അതിന്റെ ഫലശൂന്യതയോര്‍ത്ത് നമ്മള്‍ക്ക് ഉള്ളുതുറന്ന് ചിരിക്കാം. (ചിരിക്കാത്ത മലയാളി, പറവൂര്‍ പരമേശ്വരന്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക