Image

പെര്‍ത്തില്‍ ആറ്റുകാല്‍ പൊങ്കാല വഴിപാട് മാര്‍ച്ച് 11ന്

Published on 05 February, 2017
പെര്‍ത്തില്‍ ആറ്റുകാല്‍ പൊങ്കാല വഴിപാട് മാര്‍ച്ച് 11ന്

ര്‍ത്ത്: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാലമ്മയ്ക്ക് സ്ത്രീകള്‍ നടത്തുന്ന വഴിപാടായ പൊങ്കാല അതെ തനിമയോടെ ഇത്തവണ പെര്‍ത്തിലെ ശ്രീമുരുഗന്‍ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ അറിയിച്ചു. 

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരവും ആത്മസമര്‍പ്പണവുമായാണ് പൊങ്കാലയെ ഹിന്ദു സമൂഹം കാണുന്നത്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് സ്ത്രീകള്‍ പൊങ്കാലയെ കരുതിപ്പോരുന്നത്. വ്രതശുദ്ധി, മനഃശുദ്ധി, ശരീരശുദ്ധി എന്നിവയോടെ തികഞ്ഞ ചിട്ടവട്ടങ്ങളോടെ തലേന്നുമുതല്‍ സ്ത്രീകള്‍ തങ്ങളുടെ വഴിപാടൊരുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങും. തുടര്‍ന്നു പുലര്‍ച്ചെ പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങില്‍ തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ ആചാരപൂര്‍വം സമര്‍പ്പിച്ച് പുതിയ മണ്‍കലത്തില്‍ പൊങ്കാല ഇടുന്നതാണ് ചടങ്ങ്.

പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ് തിളച്ച് അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നുമാണ് സങ്കല്പം. ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര അടുപ്പില്‍ തീ കത്തിച്ചതിനുശേഷം മറ്റ് അടുപ്പുകളിലേക്ക് തീ പകര്‍ന്നുകൊടുക്കുന്നു. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ഥം തളിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ സമാപിക്കും. 

ഹൈന്ദവ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ആണ് ഭക്തര്‍ക്കായി പൊങ്കാല വഴിപാട് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 11ന് (ശനി) രാവിലെ എട്ടരയോടെ പെര്‍ത്തിലെ ബാല മുരുഗന്‍ ക്ഷേത്രാങ്കണത്തില്‍  പ്രത്യേകം തയാറാക്കുന്ന പൊങ്കാല അടുപ്പുകളില്‍ ക്ഷേത്ര പൂജാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചയോടെ സമാപിക്കും. ദ്രവ്യങ്ങളും മണ്‍കലവും വിറകും സാമഗ്രികളും അടങ്ങുന്ന ഉല്പന്നങ്ങളടക്കം 40 ഡോളറാണ് പൊങ്കാല വഴിപാടിന് ചെലവ് വരുന്നത്. 

പൊങ്കാല ഇടുന്ന സ്തീകള്‍ ഹിത നായര്‍ 0422302092, ദീപ്തി ആകര്‍ഷ് 047018716, സുജിത ധനീഷ് 0413443430 എന്നിവരുമായി ബന്ധപ്പെട്ട് കൂപ്പണുകള്‍ കരസ്ഥമാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.പി. ഷിബു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക