Image

ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്ക് റേഷനിംഗ്

Published on 05 February, 2017
ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്ക് റേഷനിംഗ്

ലണ്ടന്‍: ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്ക് റേഷനിംഗ് ഏര്‍പ്പെടുത്തി. ഐസ്ബര്‍ഗ്, ലെറ്റിയൂസ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികള്‍ക്ക് കടുത്ത ക്ഷാമം ഉണ്ടായതിനെ തുടര്‍ന്നാണ് മിക്കയിടങ്ങളിലും ഓരോരുത്തര്‍ക്ക് വാങ്ങാന്‍ കഴിയുന്ന അളവില്‍ പരിധി നിശ്ചയിച്ചിരിക്കുന്നത്.

മെഡിറ്ററേനിയന്‍ രാജ്യങ്ങളിലെയും സ്‌പെയ്‌നിലെയും സ്ഥിരതയില്ലാത്ത ശൈത്യകാലവും മഴയും വെള്ളപ്പൊക്കവും ഒക്കെയായി പ്രതികൂല കാലാവസ്ഥ കാരണം ഉദ്പാദനം കുറഞ്ഞതാണ് ക്ഷാമത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്. ഇറ്റലിയില്‍ നിന്നുള്ള പച്ചക്കറികളുടെ വരവിനും കാര്യമായ ഇടിവുണ്ടായി. ഇതിനു പരിഹാരം കാണാന്‍ പുതിയ സ്ഥലങ്ങളില്‍ നിന്നുള്ള ഇറക്കുമതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആലോചിക്കുന്നുണ്ട്. 

ടെസ്‌കോയില്‍ ലെറ്റിയൂസ് വാങ്ങാനെത്തുന്നവര്‍ക്ക് പരമാവധി മൂന്നെണ്ണമേ നല്‍കൂ. മോറിസണ്‍സില്‍ ഇതു രണ്ടു മാത്രം. ബ്രോക്കോളി മൂന്നേ കൊടുക്കൂ.

ഈ ഉത്പന്നങ്ങളുടെ വിലയിലും കാര്യമായ വര്‍ധനയാണ് കാണുന്നത്. 42 പെന്‍സ് മാത്രമായിരുന്ന ഐസ്ബര്‍ഗ് ലെറ്റിയൂസിന് ലിഡ്‌ലില്‍ ഇപ്പോള്‍ 1.19 പൗണ്ടാണ് വില. എന്നാല്‍ ആല്‍ദിയും ലിഡ്‌ലും പറയുന്നത് സ്‌റ്റോക്കില്‍ കുറവില്ലെന്നാണ്. ഇവര്‍ വില്പന നിയന്ത്രിക്കുന്നുമില്ല. പല പച്ചക്കറികള്‍ക്കും പോയ വാരത്തേക്കാള്‍ ഇരട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. ബ്രിട്ടന് ആവശ്യമായ പച്ചക്കറികളുടെ അന്പതു ശതമാനവും പഴവര്‍ഗങ്ങളുടെ തൊണ്ണൂറു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

വിന്റര്‍ സീസണില്‍ യൂറോപ്പിന് ആവശ്യമായ പച്ചക്കറിയില്‍ എണ്‍പതു ശതമാനവും ഉദ്പാദിപ്പിക്കുന്നത് സ്‌പെയിനിലെ തെക്കുകിഴക്കന്‍ മേഖലകളില്‍ നിന്നാണ്. എന്നാല്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലായ ഈ പ്രദേശങ്ങള്‍ ഇക്കുറി നല്‍കിയത് കേവലം മുപ്പത് ശതമാനത്തോളം പച്ചക്കറികള്‍ മാത്രം. ഈ കുറവാണ് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക