Image

പാക്കരന്‍ചേട്ടന്റെ പകലുകള്‍

സന്തോഷ്‌ പാലാ Published on 22 February, 2012
പാക്കരന്‍ചേട്ടന്റെ പകലുകള്‍
അതിരാവിലെ
പാലുമായി
ആടിത്തൂങ്ങി വരുന്ന
പാക്കരന്‍ചേട്ടന്‍
ഒരു അയ്യോ പാവവും
പതുങ്ങിയിരിക്കുന്ന
സ്വഭാവക്കാരനാണെന്നും
കരുതിയാല്‍ തെറ്റി.

പതിവ്‌ സാധനം
അകത്തുചെല്ലുമ്പോള്‍
അടിവച്ചടിവച്ചൊരു കേറ്റമുണ്ട്‌
ലഡാക്ക്‌ മലനിരകളിലേക്ക്‌.
അവിടെ വിശാലമായ
റെജിമെന്റുകളിലിരുന്ന്‌
കൂറ്റന്‍ പാറ്റന്‍ ടാങ്കുകളുതിര്‍ക്കും.
പാക്കികളെ പറത്തിയ
പീരങ്കികൊണ്ടമിട്ടുകള്‍ പൊട്ടിക്കും.
ബ്രിഗേഡിയര്‍
ഹര്‍ദീപ്‌ സിംഗില്‍നിന്ന്‌
കിട്ടിയ
വീരപ്പതക്കത്തിന്റെ കഥ
ഒരിക്കല്‍ കൂടി
ചാര്‍മീനാര്‍ പുകച്ചുരുളില്‍
ചന്തയ്‌ക്കൊരു ചന്തമായി
ചീന്തേരിട്ടിറക്കും.

രാജ്യത്തോടുള്ള
കറതീര്‍ന്ന കടപ്പാട്‌
കോട്ട കെട്ടി
കാത്തതെങ്ങിനെയെന്ന്‌
കൊട്ടിഘോഷിക്കും.
ആനപ്പുറത്തേറിവരുന്ന
അനങ്ങാതമ്പുരാക്കന്മാരെ
കുതിരപ്പട്ടാളക്കാരെക്കൊണ്ട്‌
അടിച്ചോടിക്കുന്ന
സൂത്രവിദ്യകളുടെ
രഹസ്യമഴിക്കും.

കുട്ടപ്പന്‍ചേട്ടന്റെ
ചായപ്പീടികയിലെ
ഉണക്കബെഞ്ചില്‍
ഒരു ഉന്തിയരശുണ്ടാക്കിയ*
ആഘാതത്തില്‍
ഉത്‌കണ്‌ഠാകുലനായിരിക്കുമ്പോഴും,
നേരും നെറിയുമില്ലാതെ
നിരങ്ങാനെത്തുന്ന
ശത്രു ജവാന്മാരുടെ മുമ്പില്‍
തലകുനിക്കില്ലെന്ന്‌
ചുറ്റും കൂടിയിരിക്കുന്നവരോട്‌
വീമ്പ്‌ പറയും.

കൂട്ടച്ചിരിക്കിടയില്‍
ഓടവക്കിലെ
ഊഷരഭൂവിലേക്ക്‌
വേച്ച്‌വേച്ച്‌ വീഴും.
ഭാരത്‌ മാതാ കീ
എന്ന്‌ വിളിക്കുന്നതിന്‌
മുന്‍പേ സരോജിനിചേച്ചി
പറന്നെത്തി
`ഈ മനുഷ്യനെക്കൊണ്ട്‌
ഞാന്‍ തോറ്റന്നും' പറഞ്ഞ്‌
വാ പൊത്തും.
യുദ്ധത്തില്‍
വെട്ടിവീഴ്‌ത്തിയവരുടെ
മൃതശരീരങ്ങള്‍
പാക്കരേട്ടന്റെ പോക്കറ്റില്‍ നിന്നും
പീടികത്തിണ്ണയിലേക്കെറിയും.

പിന്നെ
പകലിന്റെ
പടികടന്ന്‌
പഞ്ചായത്ത്‌ റോഡെ
ഒരു ഓട്ടന്തുള്ളല്‍
ഒടിഞ്ഞ താളത്തില്‍
കഥാപ്രസംഗവുമായി
മത്സരിച്ച്‌
അടുത്ത അരങ്ങിന്റെ
ആരവത്തിനായി
മന്ദം മന്ദം
മലകയറി അപ്രത്യക്ഷമാവും.

(* ചതുരംഗത്തില്‍ കാലാള്‍ കൊണ്ടുള്ള അരശ്‌( ചെക്ക്‌))
(കമ്മ്യൂണിസ്റ്റ്‌ പച്ച എന്ന കവിതാസമാഹാരത്തില്‍ നിന്നും)

സന്തോഷ്‌ പാലാ
mcsanthosh@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക