Image

വിസ വിലക്കിനെതിരെ കമ്പനികള്‍ പ്രതിഷേധിക്കുന്നില്ല എന്നാരോപണം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 05 February, 2017
വിസ വിലക്കിനെതിരെ കമ്പനികള്‍ പ്രതിഷേധിക്കുന്നില്ല എന്നാരോപണം (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്കും വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്കും വിലക്ക് കല്‍പ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെതിരെ കമ്പനികള്‍ കാര്യമായി പ്രതിഷേധിച്ചില്ല എന്ന് പരാതി ഉയരുന്നു. കുടിയേറ്റക്കാരെ കൂടുതലായി നിയമിക്കുന്ന മാക് കമ്പനികള്‍ ധാരാളമായുള്ളത് സിലികണ്‍ വാലി, ന്യൂയോര്‍ക്ക്, നോര്‍ത്ത് ടെക്‌സസ്  മേഖലകളിലാണ്. ഇവയില്‍ സിലിക്കണ്‍ വാലി, ന്യൂയോര്‍ക്ക് കമ്പനികള്‍ ചെറുതായെങ്കിലും പ്രതിഷേധിച്ചപ്പോള്‍ നോര്‍ത്ത് ടെക്‌സസ് കമ്പനികള്‍ നാമമാത്രമായി പോലും പ്രതിഷേധിച്ചില്ല എന്നാണ് ആരോപണം.

എ ടി ആന്റ് ടി, ടെക്‌സസ് ഇന്‍സ്ട്രമെന്റ് മുതലായ കമ്പനികള്‍ പ്രതികരിക്കുവാന്‍ പോലും കൂട്ടാക്കിയില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമലൈഗിക, വിദ്യാഭ്യാസ, ബ്ലാക്ക്‌ലൈവ്‌സ് മാറ്റര്‍ പ്രശ്‌നങ്ങളില്‍  വളരെ സജീവമായി ഇടപെട്ടിരുന്ന കമ്പനികളാണ് ഇവ. ട്രമ്പിനെ കമ്പനികള്‍ ഭയപ്പെടുകയാണോ എന്നപവരെ ചോദ്യം ഉയരുന്നു. തന്റെ ട്വിറ്ററിലൂടെ കമ്പനികളെ നേരിട്ട് ബന്ധപ്പെടുന്നതില്‍ ട്രമ്പ് പ്രസിദ്ധനാണ്. പിന്തുണക്ക് വേണ്ടി കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം എന്ന സംശയവും നിലനില്‍ക്കുന്നു. ട്രമ്പിന്റെ അജണ്ടയിലെ മറ്റിനങ്ങളായ നികുതി ഇളവ്, നിബന്ധനകളില്‍ ചില ഇളവുകള്‍ എന്നിവയില്‍ ആകൃഷ്ടരായി കമ്പനികള്‍ മൗനം പാലിക്കുകയാണ് എന്ന് സംശയം ഉണ്ട്.

ട്രമ്പിന്റെ യാത്രാ നിരോധനം അഭയാര്‍ത്ഥികളയും കുടിയേറ്റക്കാരെയും വഴി മദ്ധ്യേ കുടുങ്ങി കിടക്കുവാനും എയര്‍പോര്‍ട്ടുകളില്‍ കുഴപ്പവും വിദേശതൊഴിലാളികളുടെ യാത്രാ പരിപാടികള്‍ താറുമാറാക്കുവാനും കാരണമായി. അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശീയരില്‍ അങ്കലാപ്പും എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ സൃഷ്ടിച്ചു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇവരുടെ സംഭാവനകള്‍ നിര്‍ണ്ണായകമാണ്.

ഗൂഗിള്‍, ആപ്പിള്‍, ഫെയ്‌സ്ബുക്ക് തൊഴിലുടമകള്‍ നിരോധനത്തില്‍ പ്രതിഷേധിച്ചു. എങ്കിലും വിദേശ തൊഴിലാളികളെ നിയമിക്കുന്ന മറ്റ് ആയിരക്കണക്കിന് തൊഴിലുടമകള്‍ കാര്യമായി പ്രതികരിച്ചില്ല.

2005 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അമേരിക്കയില്‍ ഉണ്ടായ തൊഴില്‍ മേഖലാവര്‍ധന 2.6% ആണെന്ന് കാണാം. വിദേശീയരായ ജീവനക്കാര്‍ വര്‍ദ്ധിച്ചത് 18.7% ആണ്. ടെക്‌സസിലാണ് വിദേശീയരായ ജീവനക്കാരില്‍ വളരെ പ്രകടമായ വര്‍ധന ഉണ്ടായത്. ആകെ ജീവനക്കാര്‍ 12% വര്‍ധിച്ചപ്പോള്‍ വിദേശീയരായ ജീവനക്കാര്‍ വര്‍ധിചചത് 38.9% ആണ്.

ഭിന്നലിംഗക്കാര്‍ എതിര്‍ക്കുന്ന ബാത്ത്‌റൂം ബില്‍ ടെക്‌സസിലെ 1200 ല്‍ അധികം തൊഴിലുടമകളും എതിര്‍ക്കുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്ററിനും വളരെ സജീവമായ പിന്തുണയാണ് ഉള്ളത്.

ഒരു ഫെഡറല്‍ കോടതി യാത്രാവിലക്കുകള്‍ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത് അമേരിക്കയുടെ വാതിലുകള്‍ തുറന്നു എന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നയന്‍ത് യു എസ് സര്‍ക്യൂ കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക