Image

നാലുമാസത്തെ വനിതാ അഭയകേന്ദ്ര ജീവിതം അവസാനിപ്പിച്ച് നസ്രീന്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 06 February, 2017
നാലുമാസത്തെ വനിതാ അഭയകേന്ദ്ര ജീവിതം അവസാനിപ്പിച്ച് നസ്രീന്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോണ്‍സറുടെ പിടിവാശി മൂലം നാലുമാസക്കാലം വനിതാഅഭയകേന്ദ്രത്തില്‍ കഴിയേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയും, ബാംഗ്ലൂരില്‍ താമസക്കാരിയുമായ നസ്രീന്‍ സുല്‍ത്താന, ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് ജുബൈലിലെ ഒരു സൗദി കുടുംബത്തില്‍ ജോലിക്കാരിയായി എത്തിയത്. അഞ്ചുമാസക്കാലം രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും, ഒരു മാസത്തെ ശമ്പളമേ നസ്രീന് ആ വീട്ടുകാര്‍ കൊടുത്തുള്ളൂ. കുടിശ്ശിക ശമ്പളം ചോദിച്ചാല്‍, ശകാരവും, ഭീക്ഷണിയും മാത്രമേ കിട്ടിയിരുന്നുള്ളൂ. ഒടുവില്‍ സഹികെട്ട് നസ്രീന്‍ ആ വീട് വിട്ടിറങ്ങി ദമ്മാമില്‍ എത്തുകയും, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ പോയി പരാതി പറയുകയും ചെയ്തു. എംബസ്സി അധികൃതര്‍ അവരെ സൗദി പോലീസിന്റെ സഹായത്തോടെ ദമ്മാമിലെ വനിതാഅഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി.

വനിതഅഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് നസ്രീന്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും നസ്രീന്റെ സ്‌പോണ്‍സറെ ബന്ധപ്പെടുകയും, ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തെങ്കിലും, തനിയ്ക്ക് ഇരുപതിനായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കിയാലേ ഫൈനല്‍ എക്‌സിറ്റ് തരികയുള്ളൂ എന്ന നിലപാട് സ്‌പോണ്‍സര്‍ എടുത്തതിനാല്‍, ചര്‍ച്ചകള്‍ വഴിമുട്ടി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ പലവിധ ചര്‍ച്ചകളും സമ്മര്‍ദ്ദങ്ങളും നടത്തിയെങ്കിലും, സ്‌പോണ്‍സര്‍ പിടിവാശി തുടര്‍ന്നു. അതിനാല്‍ നസ്രീന് നാലുമാസക്കാലം വനിതഅഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നു.

ഇന്ത്യന്‍ എംബസ്സി വഴി നസ്രീന് ഔട്ട്പാസ്സ് എടുത്തുകൊടുത്ത മഞ്ജു മണിക്കുട്ടന്‍, വനിതഅഭയകേന്ദ്രത്തിലെ മുതിര്‍ന്ന അധികാരികള്‍ക്ക് നസ്രീന്റെ ദയനീയാവസ്ഥ വിവരിച്ചു കൊടുത്ത്, അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിനെത്തുടര്‍ന്ന് സൗദി അധികാരികളുടെ ഇച്ഛാശക്തിയുള്ള ഇടപെടലിന് ഒടുവില്‍ നസ്രീന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു കിട്ടി.

നവയുഗം പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച്, നസ്രീന് അല്‍മന്‍സൂരി കമ്പനിയിലെ ജോലിക്കാരനായ ബഷീര്‍ വിമാനടിക്കറ്റ് നല്‍കി. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നസ്രീന്‍ സുല്‍ത്താന നാട്ടിലേയ്ക്ക് മടങ്ങി.

നാലുമാസത്തെ വനിതാ അഭയകേന്ദ്ര ജീവിതം അവസാനിപ്പിച്ച് നസ്രീന്‍ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക