Image

നിലാവ് കുവൈത്ത് ചര്‍ച്ച സംഘടിപ്പിച്ചു

Published on 07 February, 2017
നിലാവ് കുവൈത്ത് ചര്‍ച്ച സംഘടിപ്പിച്ചു

 
കുവൈത്ത്: ലോക കാന്‍സര്‍ ദിനത്തില്‍ നിലാവ് കുവൈത്ത് ചര്‍ച്ച സംഘടിപ്പിച്ചു. കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് കാന്‍സര്‍ ദിനം ആഗോളമായി ആചരിക്കുന്നത്. 

ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ സെമിനാറിന്റെ ഭാഗമായിട്ടാണ് കാന്‍സര്‍ ദിനം സംഘടിപ്പിച്ചത്. കാന്‍സര്‍ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ഇന്നു മാറിയിരിക്കുകയാണ്. കേരളത്തില്‍ വര്‍ഷം പ്രതി അരലക്ഷത്തോളം കാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് ആരോഗ്യ രംഗത്തെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടു പ്രകാരം രാജ്യത്ത് ഉള്ള കാന്‍സര്‍ രോഗികളില്‍ നല്ലൊരു ശതമാനം രോഗികള്‍ ആതുരാലയങ്ങളില്‍ എത്തുന്നില്ല എന്നാണ് കണക്ക്. രോഗത്തെ കുറിച്ച അജ്ഞതയും രോഗ ഭയവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാമൂഹ്യ ബോധവത്കരണമാണ് ഇതിന് മുഖ്യമായും ചെയ്യേണ്ടതന്ന് സെമിനാര്‍ വിലയിരുത്തി. കാന്‍സറിനെ നേരിടുന്നതിന് സമൂഹത്തിന്റെ കരുതലും കൈത്താങ്ങും വേണമെന്ന് ഓര്‍മിപ്പിക്കുകയാണ് കാന്‍സറിനെതിരെയുള്ള കരുതല്‍ മുദ്രാവാക്യത്തിലൂടെ നിലാവ് കുവൈത്ത് ലക്ഷ്യം വയ്ക്കുന്നതന്ന് പദ്ധതികള്‍ വിശദീകരിച്ച അബ്ദുള്‍ ഫത്താഹ് തൈയില്‍ പറഞ്ഞു. 

പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. കാന്‍സര്‍ രോഗത്തെ കുറിച്ച് ഡോ. അമീര്‍ അഹമ്മദ് ക്ലാസെടുത്തു. രാജന്‍ റാവുത്തര്‍, സത്താര്‍ കുന്നില്‍, മുഹമ്മദ് റിയാസ്, തോമസ് കടവില്‍, ബഷീര്‍ ബാത്ത, ഫാറൂഖ് ഹമദാനി, നിസാര്‍, റഫീഖ് തായത്ത്, ഗഫൂര്‍ വയനാട്, ജന. സെക്രട്ടറി ഹമീദ് മാഥൂര്‍, ശരീഫ് താമരശേരി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക