Image

ഫ്‌ളോറിഡായില്‍ കാറിലിരുന്ന് കുഞ്ഞു ചൂടേറ്റ് മരിച്ചു

പി.പി.ചെറിയാന്‍ Published on 08 February, 2017
ഫ്‌ളോറിഡായില്‍ കാറിലിരുന്ന് കുഞ്ഞു ചൂടേറ്റ് മരിച്ചു
പൈന്‍ക്രസ്റ്റ്(ഫ്‌ളോറിഡ): സൗത്ത് ഫ്‌ളോറിഡായിലെ വീട്ടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഒരു മണിക്കൂര്‍ കഴിയേണ്ടി വന്ന ഒരു വയസ്സുള്ള കുഞ്ഞ് ചൂടേറ്റു മരിച്ചതായി ഫെബ്രുവരി 7(ചൊവ്വാഴ്ച) മയാമി പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

ജനുവരി 20ന് ഒരു വയസ്സ് പൂര്‍ത്തീകരിച്ച സാമുവേല്‍ ജൊസ്തനലിനെ അബോധാവസ്ഥയിലാണ് കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ദിവസം മുഴുവനും കുടുംബാംഗവുമായി ഒന്നിച്ചു കഴിഞ്ഞിരുന്ന കുഞ്ഞ് സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് വീടിനു മുമ്പിലെത്തിയത്. എന്നാല്‍ കുഞ്ഞിനെ കാറില്‍ നിന്നെടുക്കുന്നതിന് മറന്നു പോയതാണ് കാരണമെന്ന് ഡിറ്റക്റ്റീവ് ജെനിഫര്‍ കേപറ്റ് പറഞ്ഞു.

അമേരിക്കയിലെ പല സംസ്ഥാനങ്ങളും കഠിന തണുപ്പിന്റെ പിടിയില്‍ കഴിയുമ്പോഴും, ഫ്‌ളോറിഡായില്‍ താപനില 80 ഡിഗ്രിയില്‍ മുകളിലായിരുന്നു.

 തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ കുഞ്ഞുങ്ങളെ മറന്നുപോകുന്ന സംഭവങ്ങള്‍ വിരളമല്ല. കാറിനകത്ത് കുടുങ്ങി 38ലധികം കുട്ടികളാണ് വര്‍ഷം തോറും സൂര്യതാപമേറ്റു മരിക്കുന്നതെന്ന് കിഡ്‌സ് ആന്റ് കാര്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനകത്തെ താപനില ഓരോ പത്തുമിനിട്ട് കഴിയുമ്പോഴും 20 ഡിഗ്രിവെച്ചു വര്‍ദ്ധിക്കുമെന്ന കാര്യം വിസ്മരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ പിന്‍സീറ്റ് പലപ്പോഴും പരിശോധിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. ഇന്നലെ നടന്ന സംഭവത്തെ കുറിച്ചു വിവരങ്ങള്‍ അറിയാവുന്നവര്‍ 305 471 8477, 866 471 8477 എന്ന നമ്പറില്‍ വിളിക്കേണ്ടതാണെന്നും അധികൃതര്‍ പറഞ്ഞു.

ഫ്‌ളോറിഡായില്‍ കാറിലിരുന്ന് കുഞ്ഞു ചൂടേറ്റ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക