Image

ഗുണ്ടര്‍ട്ടിന്റെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്!!! (FB) കഥ: മുരളി ഗോപി)

Published on 08 February, 2017
ഗുണ്ടര്‍ട്ടിന്റെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്!!! (FB) കഥ: മുരളി ഗോപി)
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, പണ്ട്, മലയാളത്തില്‍ കുറേ fb പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ നാട്ടുകാരായ ചില ജര്‍മ്മന്‍ "ഭാഷാ സ്‌നേഹികള്‍" ഇളകി. പ്രസ്തുത പോസ്റ്റുകള്‍ക്ക് താഴെ നിരന്തരം ഇങ്ങനെയുള്ള കമന്റുകള്‍ അവര്‍ അടിച്ചുകൊണ്ടേയിരുന്നു: "ഗുണ്ടര്‍ട്ട് അണ്ണാ, എന്താ താന്‍ മലയാളം മീഡിയത്തില്‍ ആണോ പഠിച്ചത്? തനിക്ക് ജര്‍മ്മന്‍ ഭാഷയില്‍ പോസ്റ്റ് ഇട്ടാല്‍ എന്താ?" ഗുണ്ടര്‍ട്ട് ഖിന്നനായി.

"പൊന്നനിയാ..., ജര്‍മ്മന്‍ എന്റെ അമ്മയാണ്. പക്ഷെ എന്റെ കാമുകി മലയാളം ആണ്. അവളെ അങ്ങനെ തള്ളിക്കളയാന്‍ പറ്റുമോ? നിങ്ങള്‍ക്കുമില്ലേ അമ്മയും കാമുകിയും ഒക്കെ?..." എന്നൊരു മറുപടി പോസ്റ്റ് ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു ഗുണ്ടര്‍ട്ടിന്. പക്ഷെ അങ്ങേര് അത് ചെയ്തില്ല.

കാരണം, അങ്ങേര്‍ക്ക് പേടിയായിരുന്നു, ജര്‍മ്മന്‍ "ഭാഷയെ ഇത്രകണ്ട് സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും പ്രാണവായുവാക്കി ശ്വസിക്കുകയും ചിക്കന്‍ െ്രെഫ ആക്കി ഭക്ഷിക്കുകയും ചെയ്യുന്ന ഈ മഹാ ഭാഷാസ്‌നേഹികളോ"ട് തര്‍ക്കിച്ചാല്‍ ജര്‍മ്മന്‍ മാതാവ് കോപിക്കുകയും ശപിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമോ എന്ന്...!! മാത്രവുമല്ല, പ്രായവും കൂടി വരുന്നു. വഴക്കിടാനൊന്നും ആവതില്ല.

താണുവീണു തൊഴുതുകൊണ്ട്, ഗുണ്ടര്‍ട്ട്, അപ്പൊ, പിന്മാറി. പക്ഷെ, മലയാളത്തിലുള്ള പോസ്റ്റിടല്‍ തുടര്‍ന്നു. ജര്‍മ്മന്‍ ഭാഷാ തീവ്രവാദികളുടെ തെറിവിളി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.

കമന്റ് അടിച്ചു ഗുണ്ടര്‍ട്ടിനെ നന്നാക്കാന്‍ പറ്റില്ലെന്ന് കണ്ട ജര്‍മ്മന്‍ "ഭാഷാസ്‌നേഹികള്‍" ഒരു കടുത്ത തീരുമാനം കൈക്കൊണ്ടു. അങ്ങനെ, ഒരു നാള്‍, അവര്‍ അങ്ങേരുടെ വീട് കയറി അടിക്കുകയും അങ്ങേരെ കൊന്നു കെട്ടിത്തൂക്കുകയും ചെയ്തു.

ശവസംസ്കാരത്തിനു അങ്ങേരുടെ ജര്‍മ്മന്‍ അമ്മയും കാമുകി മലയാളവും കൂളിംഗ് ഗ്ലാസും വെളുത്ത ഉടുപ്പും ധരിച്ചെത്തി. പരസ്പരം കെട്ടിപ്പുണര്‍ന്നു കരഞ്ഞ ഈ രണ്ടു സ്ത്രീ രത്‌നങ്ങളെയും കണ്ടു ജര്‍മ്മന്‍ "ഭാഷാസ്‌നേഹികള്‍" അമ്പരന്നെങ്കിലും “തുല്യദുഖിതരായ രണ്ടു പീറ പെണ്ണുങ്ങളുടെ അരാഷ്ട്രീയത തുളുമ്പുന്ന ഒരു പൈങ്കിളി കെട്ടിപ്പിടിത്തം” മാത്രമാണതെന്ന് പറഞ്ഞു പരത്താനാണ് അവന്മാര്‍ പിന്നെ ളയ ഉപയോഗിച്ചത്.

മരിച്ചെങ്കിലും, ആകാശത്തിരുന്നു ഗുണ്ടര്‍ട്ട് ഇത് കണ്ടു.
അങ്ങേരുടെ പല്ലിറുമ്മലാണ്, ഇടിമുഴക്കം.
അങ്ങേരുടെ കണ്ണുനീരാണ്.., മഴ.

(മുരളി ഗോപിയുടെ ബ്ലോഗ്)
ഗുണ്ടര്‍ട്ടിന്റെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്!!! (FB) കഥ: മുരളി ഗോപി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക