Image

ഇന്റര്‍നെറ്റില്‍ വീണ്ടും മലയാളസിനിമകള്‍ : അന്വേഷണം മലയാളി യുവാവിനെതിരെ

ജോസ് ഏബ്രഹാം Published on 22 February, 2012
ഇന്റര്‍നെറ്റില്‍ വീണ്ടും മലയാളസിനിമകള്‍ : അന്വേഷണം മലയാളി യുവാവിനെതിരെ
ന്യൂയോര്‍ക്ക്: കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഉറുമി എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും ആ സിനിമയുടെ അനധികൃതമായ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിപ്പോള്‍ സിനിമയുടെ പ്രധാന നടനും ഭാരവാഹികളും രണ്ടും കല്പിച്ച് ഇതിനെ പ്രതികരികരിക്കുകയുമുണ്ടായി. അതിന്റെ അന്വേഷണം അവസാനം എത്തിനിന്നത് സിലിക്കണ്‍ വാലിയില്‍ ഉള്ള ഒരു മലയാളിയില്‍ ആണ് എന്നും നാം ഓര്‍ക്കേണ്ടത് ആണ്.

എന്നാല്‍ വീണ്ടും മലയാള സിനിമാ വ്യവസായത്തെ തകര്‍ത്തേ അടങ്ങൂ എന്ന വാശിയുമായി മലയാള സിനിമകള്‍ ഇന്റര്‍നെറ്റിലും യൂട്യൂബിലും പ്രചരിപ്പിക്കപ്പെടുകയാണ്. ഈയിടെ മലയാളത്തില്‍ ഇറങ്ങിയ അറബീം ഒട്ടകവും പി. മാധവന്‍നായരും -ഒരു മരുഭൂമികഥ, വെനീസിലെ വ്യാപാരി എന്നീ മലയാള സിനിമകളുടെ അനധികൃതമായ പ്രിന്റുകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ അറബീം ഒട്ടകം. പി. മാധവന്‍ നായരും ഒരു മരുഭൂമി കഥ എന്ന സിനിമയുടെ വിതരണാവകാശമുള്ള ഒമേഗാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയാണ് ഈ കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ അന്വേഷണത്തില്‍ ലണ്ടനിലെ ബര്‍ക്ക് ഹെഡിലുള്ള ഒരു മലയാളി യുവാവാണ് ഈ സിനിമകള്‍ യൂട്യൂബിലും ഇന്റര്‍നെറ്റിലും പ്രചരിപ്പിക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞത്.ഈ യുവാവ് താമസിക്കുന്ന ഏരിയായില്‍ ഉള്ള പോലീസുമായി ബന്ധപ്പെട്ട് സൈബര്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഒമേഗാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം. ഇതു കൂടാതെ ഈ യുവാവിന്റെ അനധികൃതമായ പ്രവര്‍ത്തിമൂലം ഒമേഗാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കുന്നതിനായി നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. ഭീമമായ തുകയ്ക്ക് ഇന്ത്യയിലും വിദേശത്തും മലയാള സിനിമകള്‍ക്ക് വിതരണാവകാശം നേടുന്ന ഒമേഗാ ഇന്റര്‍നാഷണല്‍ പോലുള്ള കമ്പനികള്‍ക്ക് ഇതുപോലെയുള്ള മലയാളികളുടെ പ്രവര്‍ത്തികള്‍ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ ദിവസവും ഉണ്ടായികൊണ്ടിരിക്കുന്നത്.

മലയാള സിനിമകളുടെ നിലവാരത്തെക്കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്ന മലയാളികള്‍ , മലയാള സിനിമാ പ്രവര്‍ത്തകരുടെ കഞ്ഞികുടി മുട്ടിക്കുന്ന മറ്റു മലയാളികളുടെ ഇതുപോലെയുള്ള പ്രവര്‍ത്തികളുടെ നിലവാരത്തെക്കുറിച്ചും പരിശോധിക്കുന്നതും നന്നായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക