Image

പനീര്‍ശെല്‍വത്തെ പിന്തുണച്ച മധുസൂദനനെ ശശികല പുറത്താക്കി

Published on 10 February, 2017
പനീര്‍ശെല്‍വത്തെ പിന്തുണച്ച മധുസൂദനനെ ശശികല പുറത്താക്കി



ചെന്നൈ: അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാവും നിയമസഭാംഗവുമായ ഇ.മധുസൂദനനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായിരുന്ന മധുസൂദനനെ പദവിയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയാണ്‌ അറിയിച്ചത്‌. പുതിയ പ്രസീഡിയം ചെയര്‍മാനായി കെ.എ സെങ്കോട്ടയ്യനെ നിയമിച്ചതായും ശശികല അറിയിച്ചു.

പനീര്‍ശെല്‍വത്തിനു പരസ്യമായ പിന്തുണ പ്രഖ്യാപിച്ചതിനാണ്‌ മധുസൂദനനെ ശശികല പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്‌. ഇന്നലെ മധുസൂദനന്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ്‌ നടപടി.

എന്നാല്‍, തനിക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന്‌ വ്യക്തമാക്കി മധുസൂദനന്‍ രംഗത്തെത്തി. തന്നെ പുറത്താക്കാന്‍ ശശികലയ്‌ക്ക്‌ അധികാരമില്ല. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായുള്ള ശശികലയുടെ നിയമനം അസാധുവാണ്‌. അതുകൊണ്ടു തന്നെ ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള പ്രമേയം റദ്ദാക്കണമെന്നും മധുസൂദനന്‍ ആവശ്യപ്പെട്ടു.

 എഐഎഡിഎംകെയുടെ ഭരണഘടന പ്രകാരം ഇടക്കാല ജനറല്‍ സെക്രട്ടറി എന്ന ഒരു പദവിയില്ല. അതുകൊണ്ടു എത്രയും വേഗം ശശികലയെ ആ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ ശശികല മഹാബലിപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന അഞ്ച്‌ എംഎല്‍എമാര്‍ തന്തി ടിവിയുടെ കാമറയ്‌ക്കു മുന്നിലെത്തി.മാധ്യമങ്ങളെ ആദ്യം റിസോര്‍ട്ടിനു സമീപം എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തടഞ്ഞെങ്കിലും പി്‌ന്നീട്‌ റിസോര്‍ട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക