Image

വിരല്‍ത്തുമ്പില്‍; 'എയര്‍സേവ' ആപ്പുമായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം

ജോര്‍ജ് ജോണ്‍ Published on 10 February, 2017
വിരല്‍ത്തുമ്പില്‍; 'എയര്‍സേവ' ആപ്പുമായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി:  വിമാന യാത്രാ വിവരങ്ങള്‍ ഇനി യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. വിമാന യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തി 'എയര്‍സേവ' എന്ന പുതിയ ആപ്പ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

വിമാനവിവരങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍ എന്നിവ അറിയുന്നതിനോടൊപ്പം യാത്രികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിമിഷങ്ങള്‍ക്കകം പരിഹാരം കണ്ടെത്താനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. മൊബൈല്‍ ഫോണ്‍, വെബ് പോര്‍ട്ടല്‍ എന്നിവ വഴിയും യാത്രികര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

ടിക്കറ്റുനിരക്ക് തിരിച്ചുനല്‍കല്‍, വിമാനങ്ങളുടെ സമയക്രമ മാറ്റം,  ബാഗേജ് നഷ്ടമാകല്‍, മോശമായ പെരുമാറ്റം തുടങ്ങി യാത്രക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ സംവിധാനംവഴി പരിഹാരംതേടാന്‍ സാധിക്കുമെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. പരാതികളുടെ ശബ്ദരേഖകളും വീഡിയോയും അപ്‌ലോഡ് ചെയ്യാം. പരാതികള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കും.

കേന്ദ്രീക്യുതമായാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. എയര്‍സേവ ആപ്പില്‍ ലഭിക്കുന്ന പരാതികള്‍ അതത് കമ്പനികള്‍ക്ക് നേരിട്ടെത്തും. പരാതി രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം യാത്രക്കാര്‍ക്ക് ഒരു നമ്പര്‍ ലഭിക്കും. പരാതിയുമായി ബന്ധപ്പെട്ട വിഭാഗമോ, വിമാനക്കമ്പനിയോ അരമണിക്കൂറിനകം പരാതിക്കാരന് മറുപടി നല്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇത് വിഭാവനം ചെയ്യുന്നത്. പരാതിക്കാരന് ഇമെയില്‍ വഴിയും മെസേജ് സംവിധാനം വഴിയും മറുപടി ലഭിക്കും.

സമയമെടുത്ത് പരിഹരിക്കേണ്ട പരാതികളില്‍ ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് യാത്രക്കാരന് തന്റെ പരാതിയുടെ നാള്‍വഴി പരിശോധിക്കാം.
വിമാനത്താവള അതോറിറ്റി, സെക്യൂരിറ്റി, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി തുടങ്ങി എല്ലാ എജന്‍സികളും സംവിധാനത്തിന്റെ ഭാഗമാകും.

പരിഹാരം കാണാനുള്ളവ, നിശ്ചിത സമയത്തിനുമുമ്പേ പരിഹാരം കണ്ടവ, തീര്‍പ്പു കല്പിച്ചവ എന്നിങ്ങനെ പരാതികള്‍ മൂന്നായി തിരിക്കും. ഇതനുസരിച്ച് വിമാനക്കമ്പനികള്‍ക്ക് റേറ്റിങ് നല്‍കും. വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍, ഷെഡ്യൂള്‍ മാറ്റം, ഓരോ പ്രദേശത്തേക്കുള്ള വിമാനങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍, കണക്ഷന്‍ വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും എയര്‍സേവ ആപ്പ്  സംവിധാനത്തില്‍ ലഭ്യമാവും. ഇത് പ്രവാസി ഇന്ത്യാക്കാക്കും, വിദേശ ടൂറിസ്റ്റുകള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

വിരല്‍ത്തുമ്പില്‍; 'എയര്‍സേവ' ആപ്പുമായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക