Image

നരേന്ദ്രമോഡി മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നു.: രാഹുല്‍ഗാന്ധി

Published on 11 February, 2017
നരേന്ദ്രമോഡി  മറ്റുള്ളവരുടെ  കുളിമുറിയില്‍  ഒളിഞ്ഞുനോക്കുന്നു.: രാഹുല്‍ഗാന്ധി

ലഖ്‌നോ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട്‌ പരാമര്‍ശത്തിന്‌
ശക്തമായ മറുപടി നല്‍കി കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്‌. 

മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണ്‌ മോദിയെന്ന്‌ അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ ജാതകകുറിപ്പ്‌ വായിക്കാനും അതിന്‌ വേണ്ടി ഗൂഗ്‌ള്‍ സെര്‍ച്ച്‌ ചെയ്യാനുമാണ്‌ മോദിക്കിഷ്ടമെന്നും രാഹുല്‍ കളിയാക്കി. 

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ്‌ യാദവിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ രാഹുല്‍ മോദിക്കെതിരേ ആഞ്ഞടിച്ചത്‌. ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ച ഉടനെയാണ്‌ രാഹുലിന്റെ പരിഹാസം.

 യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്‌ മോഡി നടത്തുന്നത്‌. വികസനത്തെ കുറിച്ചോ തൊഴിലില്ലായ്‌മ, സുരക്ഷ എന്നിവയേ കുറിച്ചോ സംസാരിക്കാന്‍ മോഡി തയ്യാറാവുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.


 യുപിയില്‍ ആദ്യഘട്ട പോളിങും ഇന്നാണ്‌. ചില പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


 കഴിഞ്ഞ ബുധനാഴ്‌ച പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴാണ്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരേ മോദി സംസാരിച്ചത്‌. യുപിഎ ഭരണകൂടം മൊത്തം അഴിമതിയില്‍ മുങ്ങിയിട്ടും പ്രധാനമന്ത്രി മന്‍മോഹനെതിരേ ഒരു ആരോപണവും ഉയര്‍ന്നിരുന്നില്ല. 

കുളിമുറിയില്‍ മഴക്കോട്ടിട്ട്‌ എങ്ങനെ കുളിക്കണമെന്നറിയുന്ന ഏക ഡോക്ടറാണ്‌ മന്‍മോഹന്‍ എന്നായിരുന്നു മോദിയുടെ വിവാദ വാക്കുകള്‍. മോദിയുടെ വിവാദ പ്രസ്‌താവനക്കെതിരേ നിരവധി കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പാര്‍ലമെന്റിന്‌ നാണക്കേടാണെന്ന്‌ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക