Image

ഒപിഎസ്‌ വിഭാഗത്തിന്‌ ശക്തിയേറുന്നു; ശശികല ഇന്ന്‌ ഗവര്‍ണറെ കാണും

Published on 11 February, 2017
ഒപിഎസ്‌ വിഭാഗത്തിന്‌ ശക്തിയേറുന്നു; ശശികല ഇന്ന്‌ ഗവര്‍ണറെ കാണും

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ അധികാര തര്‍ക്കത്തില്‍ പനീര്‍സെല്‍വം വിഭാഗത്തിന്‌ ശക്തിയേറുന്നു. പാര്‍ടി ജനറല്‍ സെക്രട്ടറി ശശികലയുടെ പക്ഷത്തുനിന്നും മന്ത്രിമാരും എം പിമാരുമടക്കം പനീര്‍സെല്‍വത്തിന്‌ പിന്തുണയുമായെത്തി. കൂടുതല്‍പേര്‍ ഇനിയും ഒപിഎസ്‌ ക്യാമ്പിലേക്ക്‌ എത്തുമെന്നാണ്‌ സൂചന.

മന്ത്രി കെ പാണ്ഡ്യരാജന്‍, നാമക്കല്‍ എംപി പി ആര്‍ സുന്ദരം, കൃഷ്‌ണഗിരി എംപി അശോക്‌ കുമാര്‍ എന്നിവരാണ്‌ കൂറുമാറി ഒപിഎസ്‌ ക്യാംപില്‍ ചേക്കേറിയത്‌. കഴിഞ്ഞ ദിവസം മുതിര്‍ന്ന നിയമസഭാംഗം ഇ മധുസൂദനന്‍ അടക്കം പനീര്‍സെല്‍വത്തിനു പിന്തുണയര്‍പ്പിച്ച്‌ രംഗത്തെത്തിയിരുന്നു.

അതേസമയം ജനാധിപത്യത്തെ മാനിച്ചാണ്‌ സംയമനം പാലിക്കുന്നതെന്ന്‌ ശശികല പറഞ്ഞു. ഇന്ന്‌ വൈകിട്ട്‌ ഗവര്‍ണറെ കാണാന്‍ ശശികല വീണ്ടും സമയം ചോദിച്ചു. അനുവദിച്ചാല്‍ എംഎല്‍എമാര്‍കൊപ്പം ഗവര്‍ണറെ കാണും.

 ഉചിത സമയത്ത്‌ വേണ്ടത്‌ ചെയ്യുമെന്നും താന്‍ എംഎല്‍എമാരെ തടവിലാക്കിയിട്ടില്ല എന്നും ശശികല പറഞ്ഞു. ശശികലയെ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ പുറത്തുവന്നശേഷമാണ്‌ കൂടുതല്‍പേര്‍ ക്യാമ്പ്‌ വിട്ടൊഴിയാന്‍ തുടങ്ങിയത്‌.

അതിനിടെ ശശികലയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പനീര്‍സെല്‍വം അനുകൂലികള്‍ ആഹ്വാനം നല്‍കി. മറീന ബീച്ചില്‍ ഇന്നു പ്രതിഷേധയോഗം ചേരാനാണ്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌. സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളോടു മറീന ബീച്ചിലേക്കെത്താനാണ്‌ നിര്‍ദ്ദേശം. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ്‌ യോഗം ചേരുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക