Image

ജീവസുറ്റ പ്രവര്‍ത്തനപഥങ്ങളിലൂടെ ഫോമ കേരള കണ്‍വന്‍ഷനൊരുങ്ങുന്നു (എ.എസ് ശ്രീകുമാര്‍)

Published on 11 February, 2017
ജീവസുറ്റ പ്രവര്‍ത്തനപഥങ്ങളിലൂടെ ഫോമ കേരള കണ്‍വന്‍ഷനൊരുങ്ങുന്നു (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ ഐക്യബോധത്തിന്റെ മഹാസംഘടനയായ ഫോമ, ബെന്നി വാച്ചാച്ചിറ എന്ന ക്രിയാത്മക സംഘാടകന്റെ നേതൃത്വത്തില്‍ ജന്മനാട്ടിലേയ്ക്ക് മറ്റൊരു കേരള കണ്‍വന്‍ഷന്റെ പാലം തീര്‍ക്കുകയാണ്. വരുന്ന ഓഗസ്റ്റു മാസത്തില്‍ കേരള കണ്‍വന്‍ഷന്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നുവെന്നും തിരുവനന്തപുരമാണ് മനസ്സിലുള്ളതെന്നും ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഇ-മലയാളിയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഫോമ നാഷണല്‍ കമ്മിറ്റി ഉടന്‍ വിളിച്ചു കൂട്ടി ജന്മനാടിനും നാട്ടുകാര്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ അവിസ്മരണീയമായ കണ്‍വന്‍ഷനായി ഇത് മാറ്റിയെടുക്കാന്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തു വച്ച് കണ്‍വന്‍ഷന്‍ നടത്താനാണ് സ്‌പോണ്‍സര്‍മാര്‍ക്കും മറ്റും ഇഷ്ടം. ബെന്നി വാച്ചാച്ചിറയുമായുള്ള അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരം...

? കേരളാ കണ്‍വന്‍ഷനെ പറ്റിയും നാട്ടില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും വിശദമാക്കുമല്ലോ...
* ഞാനും ഫോമ സെക്രട്ടറി ജിബിയും ട്രഷറര്‍ ജോസി കുരിശിങ്കലും ഈയിടെ നാട്ടില്‍ പോയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി തോമസ് ഐസക്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എല്‍.എമാരായ രാജു എബ്രഹാം, മോന്‍സ് ജോസഫ് തുടങ്ങിയവരുമായി ആശയവിനിമയം നടത്തുകയുണ്ടായി. അവരുടെയെല്ലാം അകമഴിഞ്ഞ പിന്തുണയും സാന്നിദ്ധ്യവും കണ്‍വന്‍ഷനില്‍ ഉറപ്പാക്കിയിട്ടുണ്ട്. കേരള കണ്‍വന്‍ഷനില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. കഴിഞ്ഞ ഭരണസമിതി, ആനന്ദന്‍ നിരവേലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ച് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഒരു കെട്ടിടം നിര്‍മിക്കുകയും ചെയ്തു. ഫോമയ്ക്കു മാത്രമല്ല, എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന കാര്യമായിരുന്നു അത്. 

? പുതിയ പ്രോജക്ടുകളും ഫോളോ അപ്പുകളും...
* ഭാവിയില്‍ പല പ്രോജക്ടുകളും നാട്ടില്‍ നടക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആര്‍.സി.സിയുമായി യോജിച്ച് മറ്റൊരു പ്ലാനുമുണ്ട്. ഒരു സമൂഹവിവാഹം മനസ്സില്‍ ആഗ്രഹിക്കുന്നു. പമ്പാ നദിയുടെ ചില സുപ്രധാന ഭാഗങ്ങള്‍ വൃത്തിയാക്കുക, ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുക തുടങ്ങിയ പദ്ധതികളും അജണ്ടയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം നാഷണല്‍ കമ്മറ്റി താമസിയാതെ തീരുമാനം എടുക്കുന്നതായിരിക്കും. 

? പുതിയ ഭരണസമിതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ എപ്രകാരം വിലയിരുത്തുന്നു...
* 2016 ഒക്‌ടോബറിലാണ് പുതിയ ടീം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. ഇലക്ഷനു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനം ഒട്ടും വൈകാതെ തന്നെ തുടങ്ങി. ചാരിറ്റി ലക്ഷ്യം വച്ചുകൊണ്ടുള്ള 'ഫോമ സാന്ത്വനം' പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായി നാഷണല്‍ കമ്മിറ്റിയിലുള്ള രേഖാ ഫിലിപ്പിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. അമേരിക്കന്‍ മലയാളികള്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്, ഉദാഹരണത്തിന് ന്യൂജേഴ്‌സിയിലെ ഒരു അപ്പാര്‍ട്ട് മെന്റില്‍ തീപ്പിടുത്തമുണ്ടായി. സെക്രട്ടറി ജിബിയുടയും സംഘടനയുടെ പ്രഥമ സെക്രട്ടറി അനിയന്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ആ കുടുംബത്തിന് സഹായമെത്തിക്കുവാന്‍ കഴിഞ്ഞു. പിന്നെ ഡിട്രോയിറ്റില്‍ അപകടത്തില്‍ പെട്ട യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ച് സഹായങ്ങള്‍ ചെയ്തു. അതുപോലെ തന്നെ നാട്ടില്‍ നിന്നെത്തി ഹാര്‍ട്ട് അറ്റാക്ക് മൂലം അന്തരിച്ച വ്യക്തിയുടെ മൃതദേഹം കേരളത്തിലെത്തിക്കുന്നതിനും മറ്റും അമേരിക്കന്‍ മലയാളികളെ സംഘടിപ്പിച്ച് ഏകദേശം രണ്ടു കോടി രൂപ സമാഹരിച്ച് നല്‍കി. നാട്ടില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയില്‍ എത്തിയ മാതാപിതാക്കള്‍ക്ക് ഇന്‍ഷുറന്‍സിന്റെ അഭാവത്തില്‍ ഫോമ ഭാരവാഹികള്‍ ടെലി കോണ്‍ഫറന്‍സ് നടത്തി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.

? സാന്ത്വനം പദ്ധതിയുടെ വിശദാംശങ്ങള്‍...
* ഇലക്ഷന് മുമ്പുള്ള വാഗ്ദാനമായിരുന്നു ഇത്. ആ കമ്മിറ്റിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു. അതുപോലെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അഭിഭാഷകര്‍, മലയാളി പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഫോമ ലീഗല്‍ അഡൈ്വസറി കമ്മിറ്റിയും രൂപീകരിച്ചു. നാഷണല്‍ കമ്മിറ്റി അംഗമായ, വാഷിങ്ടണ്‍ ഡിസിയിലെ രാജ് കുറുപ്പാണ് ഇതിന്റെ കോ-ഓര്‍ഡിനേറ്റര്‍. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവതീയുവാക്കളാണ് ഈ കമ്മിറ്റിയിലെ അംഗങ്ങളെന്നത് ഒരു പ്രത്യേകതയാണ്. ഫോമ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു സാന്ത്വനമായി എത്തുന്നുവെന്നതിന്റെ തെളിവുകളാണിതൊക്കെ. ഓരോ കാര്യങ്ങളും ചെയ്തതിനു ശേഷമാണ് ജനങ്ങളെ അറയിക്കുന്നത്. നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളേ പറയാറുള്ളു. 

? വിമന്‍സ് ഫോറത്തെ പറ്റി...
* ഇതും തിരഞ്ഞടുപ്പിന് മുമ്പുള്ള വാഗ്ദാനമായിരുന്നു. ന്യൂയോര്‍ക്കില്‍ നിരവധി വര്‍ഷമായി ഡോക്ടറായി സേവനം ചെയ്യുന്ന സാറാ ഈശോയാണ് ഫോറത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍. ഫോറത്തിന് ശക്തവും വിപുലവുമായ വിവിധ കമ്മിറ്റികളുണ്ട്. ഫോമയ്ക്ക് ഇന്ന് 12 റീജിയണുകളും അവയെ പ്രതിനിധീകരിച്ച് നാഷണല്‍ കമ്മിറ്റിയുമുണ്ട്. ഇങ്ങനെ പല ലെയറായിട്ടാണ് വിമന്‍സ് ഫോറം പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍തന്നെയുണ്ട്. മാര്‍ച്ചിലെ ലോക വനിതാ ദിനം റീജിയണ്‍ തലത്തില്‍ പല സ്ഥലങ്ങളില്‍ സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷം എല്ലാ റീജിയണുകളിലും ഫോറത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. യൂത്ത് വിഭാഗത്തിന് മൂന്നു പേരെ തിരഞ്ഞെടുത്തു കഴിഞ്ഞു. ന്യൂജേഴ്‌സി, ഫ്‌ളോറിഡ, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണവര്‍. അവരുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലും റീജണല്‍ തലത്തിലും യൂത്ത് ഫോറങ്ങള്‍ ഉടന്‍ ആരംഭിക്കും. 

? ഫോമ സാരഥി എന്ന നിലയില്‍ കഴിഞ്ഞ നാലുമാസത്തെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം സംതൃപ്തിയും സന്തോഷവും നല്‍കുന്നു...
* സന്തോഷം മുഴുവനായി കിട്ടണമെങ്കില്‍ ഈ ഭരണസമിതി രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിരിക്കണം. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാലല്ലാതെ പൂര്‍ണതോതിലുള്ള സന്തോഷം കിട്ടുകയില്ല. അതേ സമയം നാലു മാസത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ട്. പ്രവര്‍ത്തിക്കാന്‍ സമയമുള്ളവര്‍ നേതൃത്വത്തില്‍ വന്നാലേ അമേരിക്കന്‍ മലയാളികള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഫോമ ജനപ്രിയമാവുകയുള്ളു. ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച വ്യക്തിയെന്ന നിലയ്ക്ക് ഞാനൊരു മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്. 

? അമേരിക്കന്‍ മലയാളികളെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചരടില്‍ കോര്‍ത്തിണക്കാമെന്ന് എത്രത്തോളം വിശ്വാസമുണ്ട്...
* അമേരിക്കന്‍ മലയാളികള്‍ക്കത് ബോധ്യപ്പെടണമെങ്കില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച് കാണിക്കണം. നമ്മള്‍ ഒരു കാര്യം പറയുകയും പ്രവര്‍ത്തനം മറ്റൊരു ദിശയിലുമാവുന്നത് നെഗറ്റീവ് ഇംപാക്ടുണ്ടാക്കും, ദൂഷ്യങ്ങള്‍ സംജാതമാവും. പുതിയ ടീമിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ തൃപതരാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുപോലെ ഭാവി ദിനങ്ങളില്‍ ഫോമയില്‍ നിന്ന് പൊതു സമൂഹം ജനക്ഷേമകരവും ആരോഗ്യകരവുമായ കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ സഫലമാകണമെങ്കില്‍ നാഷണല്‍ തലത്തിലും പ്രാദേശിക തലത്തിലുമുള്ള കമ്മിറ്റികള്‍ ഏകമനസ്സോടെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

? പുതിയ ഭാരവാഹികളിലുള്ള പ്രതീക്ഷകളും വിശ്വാസവും...
* മികച്ച ടീമാണ് ഇപ്പോഴുള്ളത്. അവരെല്ലാം ആത്മാര്‍ത്ഥതയോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് തങ്ങളിലര്‍പ്പിക്കപ്പെട്ട ചുമതലകള്‍ നിറവേറ്റുന്നത്. ഒരു പ്രസിഡന്റ് മുഴുവന്‍ സമയവും കൂടെയുണ്ടെങ്കില്‍ എല്ലാവരും അവരവരുടെ ഉത്തരവാദിത്വം സമയബന്ധിതമായി നിര്‍വഹിക്കുമെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഏവരുടെയും നിര്‍വ്യാജമായ സഹകരണം ഈ സംഘടനയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്കിപ്പോള്‍ ലഭിക്കുന്നുണ്ട്.

? ചിക്കാഗോ റീജിയണെ പറ്റി...
* ആ റീജിയന്റെ ഉദ്ഘാടനം നടത്തിക്കഴിഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങളും നടക്കുന്നു. കഴിഞ്ഞ ക്രിസ്മസിനോടനുബന്ധിച്ച് ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ അതെത്തിച്ചു കൊടുക്കുവാന്‍ സാധിച്ചു. മെയ് മാസത്തില്‍ ഒരു ഫാമിലി നൈറ്റ് നടത്തും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും ഫോമയിലേക്ക് കൂടുതല്‍ അടുക്കും. ജനങ്ങളെ അണിനിരത്താന്‍ പബ്ലിസിറ്റി മാത്രം പോരാ. സംഘടനാപരമായി എല്ലാ കാര്യങ്ങളും എല്ലാവരും അറിഞ്ഞെന്നു വരികയില്ല. അതിനാല്‍ ഫോമയുടെ ഇവന്റുകള്‍ അപ്പപ്പോള്‍ ജനങ്ങളെ പേഴ്‌സണലായി വിളിച്ചറിയിക്കാന്‍ കമ്മറ്റിക്കാര്‍ മുന്നിട്ടിറങ്ങുന്നുണ്ട്. അത് എല്ലാ റീജിയണുകളും ഊര്‍ജ്വസ്വലമായി ഏറ്റെടുത്തിരിക്കുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനപങ്കാളിത്തം ഫോമയുടെ വിവിധ കൂട്ടായ്മകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഫോമ ആ ജനകീയ പ്രതലത്തിലേക്ക് വേഗത്തില്‍ തന്നെ എത്തിയിരിക്കുകയാണ്. 

? പ്രസിഡന്റ് പദത്തില്‍ എത്തുമ്പോഴുണ്ടായിരുന്ന മുന്‍വിധികള്‍...
* ആ കസേരയിലിരുന്നപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. മുന്‍ പ്രസിഡന്റുമാരൊക്കെ ലക്ഷക്കണക്കിന് ഡോളര്‍ കൈയില്‍ നിന്നു പോയി എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ ഒരു സാധാരണക്കാരനാണ്. അതേസമയം ധാരാളം കഴിവുള്ള ചെറുപ്പക്കാര്‍ ഇന്ന് ഫോമയിലുണ്ട്. അവര്‍ മുന്നോട്ട് വരണമെങ്കില്‍ എന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും സുതാര്യവും കാര്യക്ഷമവുമാകണം. അപ്പോള്‍ അവര്‍ക്കും ധൈര്യമുണ്ടാകും. കഴിവുള്ള ആര്‍ക്കും ഫോമയുടെ തലപ്പത്തേയ്ക്ക് തീര്‍ച്ചയായും വരാന്‍ കഴിയും. ഇക്കാര്യം എന്റെ ടേം തീരുമ്പോഴത്തേയ്ക്ക് തെളിയിച്ചു കാണിക്കാന്‍ പറ്റുമെന്ന് ഉറപ്പിച്ചു പറയട്ടെ

? തുടക്കത്തിലെ പേടി ഇപ്പോള്‍ മാറിക്കിട്ടിയോ...
* തീര്‍ച്ചയായും. ഇക്കുറി നാട്ടില്‍ പോയി മടങ്ങിയതോടെ സംഘടന നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്ന് മനസ്സിലായി. നാട്ടില്‍ ഇന്നുവരെ  കാര്യങ്ങള്‍ ചെയ്ത സ്‌പോണ്‍സര്‍മാര്‍ പൂര്‍ണമായും തൃപ്തരല്ലെന്നും അറിയാന്‍ കഴിഞ്ഞു. കാരണം അവരുടെ സന്ദേഹം എന്നെ അറിയിച്ചിട്ടുണ്ട്. ഉറപ്പായിട്ടും സ്‌പോണ്‍സര്‍മാര്‍ക്ക് റിട്ടേണ്‍സ് ആവശ്യമാണ്. അവര്‍ ആഗ്രഹിക്കുന്ന ഒരു കേരള കണ്‍വന്‍ഷനും നാഷണല്‍ കണ്‍വന്‍ഷനും നടത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. 

? ചില റീജിയണുകളില്‍ അപസ്വരങ്ങള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നല്ലോ...
* ഫ്‌ളോറിഡ അല്ലെങ്കില്‍ അറ്റ്‌ലാന്റ റീജിയണില്‍ ഒരു  വൈസ്പ്രസിഡന്റ് മാധ്യമങ്ങളിലൂടെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. അതിനു മറുപടി പറയാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. 2015ല്‍ ഫോമയ്ക്ക് 11 റീജിയണുകളേ ഉണ്ടായിരുന്നുള്ളു. അക്കൊല്ലം ഫോമയുടെ ഒരു ജനറല്‍ ബോഡി വാഷിങ്ടണില്‍ കൂടുകയും ഭരണഘടന ഭേദഗതി ചെയ്യുകയുമുണ്ടായി. അതോടെ 11 റീജിയണ്‍ 12 റീജിയണ്‍ ആയി. ആ ജനറല്‍ ബോഡിയുടെ തീരുമാനം 2016 നവംബര്‍ ഒന്നിനേ പ്രാബല്യത്തില്‍ വരൂ എന്ന് പ്രഖ്യാപിച്ചിരുന്നു. അതാണ് നമ്മള്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. 12 റീജിയണുകളായപ്പോള്‍ ഭരണഘടനയനുസരിച്ച് ഒരു റീജിയണ്‍ ഇല്ലാതെ പോയി. ഒരു റീജിയണ്‍ വൈസ് പ്രസിഡന്റിനെ എടുക്കേണ്ടിയിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ഭരണഘടന അനുസരിച്ചേ പ്രവര്‍ത്തിക്കുവാന്‍ ആകൂ. എല്ലാ റീജിയണിലും രണ്ട് കമ്മറ്റിക്കാരു വേണം. ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ രണ്ട് കമ്മറ്റിക്കാരുണ്ട്. ചില സ്ഥലങ്ങളില്‍ ഒരാളേ ഉള്ളു. വരും കാലങ്ങളില്‍ ആ വിടവുകള്‍ നികത്തണം. കാര്യങ്ങളിപ്പോള്‍ ഭരണഘടനാനുസൃതമായി തന്നെയാണ് പോകുന്നത്. 

? ഇത്തിരി അമേരിക്കന്‍ രാഷ്ട്രീയം...ട്രംപ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയെയും മലയാളി സമൂഹത്തെയും എപ്രകാരമാണ് നോക്കക്കാണുന്നത്...
* മീഡിയകളിലൂടെ വരുന്നത് ശരിയായ റിപ്പോര്‍ട്ടുകളാണെന്ന് ഞാന്‍ കരുതുന്നില്ല. എച്ച്-വണ്‍ വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. അമേരിക്കയിലുള്ള ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുക, ഇവിടെയുള്ളവര്‍ക്കു തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക എന്നതാണ് ട്രംപിന്റെ തദ്ദേശീയരോടുള്ള നിലപാടുകള്‍. അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ബെനിഫിറ്റുകള്‍ മിസ്യൂസ് ചെയ്യുന്ന ധാരാളം ആള്‍ക്കാരുണ്ട്. അതിനൊക്കെ ഒരു കണ്‍ട്രോള്‍ തീര്‍ച്ചയായും ഉണ്ടാകും. ട്രംപ് ഒരു രാഷ്ട്രീയക്കാരനല്ല. പക്കാ ബിസിനസ്സുകാരനാണല്ലോ. അതുകൊണ്ടാണ് ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നത്. പക്ഷേ വരും കാലങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ നല്ലതായി തീരുമെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ഞാന്‍ ആദ്യമായാണ് ഒരു റിപ്പബ്‌ളിക്കന് വോട്ട് ചെയ്യുന്നത്. അതുകൊണ്ട് പറയുന്നതല്ല. ഒരു ആറുമാസം കഴിയാതെ ട്രംപിന്റെ നിലപാടുകളെയും നയങ്ങളെയും വിലയിരുത്താനാവില്ല. കാത്തിരുന്നു കാണാം.

? ട്രംപിന്റെ ഗുണദോഷവശങ്ങള്‍ കുടിയേറ്റക്കാരെ എങ്ങനെ ബാധിക്കും...
* ഇതുവരെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ആശങ്കയുണ്ടെന്നത് വാസ്തവമാണ്. എല്ലാ സമുദായക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു പോകണം. അതാണ് ട്രംപ് ചെയ്യേണ്ടത്. അങ്ങനെ സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു. അമേരിക്കയില്‍ നിന്നു കൊണ്ട് അമേരിക്കക്കാരെ കുറ്റം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മള്‍ ഒരു രാജ്യത്ത് ജോലി ചെയ്ത് ജിവിക്കുമ്പോള്‍ അവിടുത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണല്ലോ.

? അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായാണ് ഫോമ നില്‍ക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ യോജിപ്പിനായി ഫോമ പ്രസിഡന്റ് എന്ന നിലയില്‍ ബെന്നി വാച്ചാച്ചിറ ഒരു പതാക വഹിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നല്ല നാളേയ്ക്കായി പറയുവാനുള്ളത്...
* അമേരിക്കന്‍ മലയാളികള്‍ ജാതിമതഭേദമെന്യേ യോജിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ കുടിയേറ്റക്കാരെന്ന നിലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. വടക്കേ അമേരിക്കയില്‍ ഏതാണ്ട് ഏഴ് ലക്ഷം മലയാളികളുണ്ട്. മൂന്നു ലക്ഷം കുടുംബങ്ങളും. ഈ സമൂഹത്തിന്റെ ശക്തി ഗവണ്‍മെന്റ് തലത്തില്‍ അറിയണമെങ്കില്‍ അത് ഫോമയ്‌ക്കേ കഴിയുകയുള്ളു. ഫോമ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായി മാറിയിരിക്കുന്നു. കാരണം 12 റീജിയണുകളിലായി ഫോമയ്ക്ക് 65 അംഗ സംഘടനകളുണ്ട്. ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ ഈ കുടിയേറ്റ ഭൂമിയില്‍ ഇതുവരെയില്ലാത്ത നേട്ടങ്ങള്‍ തരപ്പെടുത്താന്‍ സാധിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും സംഭവമുണ്ടായാല്‍ ഫോമയ്ക്കത് ജനകീയ ശബ്ദത്തില്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ സാധിക്കും. അതാണ് ഫോമയുടെ ശക്തി.
***
ഫോമയെന്ന അനുഗ്രഹീത ഫെഡറേഷന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി വ്യക്തമായ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കുകയാണ് ബെന്നി വാച്ചാച്ചിറ. മാതൃകാപരമായ പൊതുപ്രവര്‍ത്തനം കൈമുതലായ അദ്ദേഹം സഹജീവികളുടെ മനസ്സ് ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിക്കായുള്ള ജൈത്രയാത്രയിലാണ്...ആശംസകള്‍...

ജീവസുറ്റ പ്രവര്‍ത്തനപഥങ്ങളിലൂടെ ഫോമ കേരള കണ്‍വന്‍ഷനൊരുങ്ങുന്നു (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക