Image

കഥാപ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂര്‍

Published on 11 February, 2017
കഥാപ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂര്‍
ഒരു കഥപറയാന്‍ ഒരു പാട്ട് പാടാന്‍ കൊതിയ്ക്കാത്തതായി ആരും ഇല്ല.അവ കേള്‍ക്കുന്നതിനേക്കാള്‍ ഉപരി ആസ്വദിക്കാനും കൂടി കഴിയുക ആണെങ്കില്‍ ആ കഥയും പാട്ടും ഒക്കെ നമ്മുടെ മനസ്സിനെ സ്വാധീനിച്ചു എന്ന് നമുക്ക് പറയാം.കേരളത്തിന്റെ സാമൂഹിക,രാഷ്ട്രീയ സാംസ്കാരിക വളര്‍ച്ചയുടെ മുഘ്യ ഘടകവും സ്വാധീനവും വഹിച്ച പല കലാരൂപങ്ങളും,സാഹിത്യവും എല്ലാം ഉണ്ട്.എന്നാല്‍ അതില്‍ നിന്നും ഒക്കെ വ്യത്യസ്തതയും,അര്‍ഥപൂര്‍ണ്ണവും ആയ ഒരു കലാ രൂപം ആണ് ഇന്ന് ജീവശ്വാസം നിലച്ചു കൊണ്ടിരിക്കുന്ന കഥാ പ്രസംഗം.

ശ്രീ സാംബശിവന്‍,കെടാമംഗലം,വി ഡി രാജപ്പന്‍ എന്നിങ്ങനെ പ്രശസ്തരായ കാഥികരുടെ നിര നീളുകയാണ് കേരളത്തില്‍. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരൂന്നിയപ്പോള്‍ കഥാപ്രസംഗകല വഹിച്ച സ്വാധീനം വലുതായിരുന്നു.കേരളത്തിലെ ഉത്സവകാലങ്ങള്‍ കോളാമ്പിയിലൂടെ കഥയും,പാട്ടും ആയി ജനങ്ങളോട് പറഞ്ഞതു ചരിത്രവും,കദനവും,പ്രണയവും,രാഷ്ട്രീയവും,ഹാസ്യവും ഒരുമിച്ച കഥാ പ്രസംഗ കല ആയിരുന്നു. കഥാപ്രസംഗം ഒരു കാലഘട്ടത്തിന്റെ കഥ പറയുകയാണ്.ഒരു നാടിന്റെയും,ജനങ്ങളുടെയും,സംസ്കാരത്തിന്റെയും,സോഷ്യലിസത്തിന്റെയും എല്ലാം പച്ചയായ ആവിഷ്കാരം.

ഏഴ് കടലുകളും കരകളും താണ്ടി അമേരിക്കയുടെ ശീത ഭൂമിയില്‍ ഒരു കലാകാരന്‍.ശ്രീ ജോയ് ഉടുമ്പന്നൂര്‍ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന,തന്റെ കൈ വിരുതിനാല്‍ ഇമ്പമേറും ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്‍ .തന്റെ 78)0 വയസ്സിലും നിറഞ്ഞ സദസ്സിനെ നോക്കി ശക്തമായ ഭാഷയില്‍ കഥയും പാട്ടും ഒക്കെ ആയി മരിച്ചു കൊണ്ടിരിക്കുന്ന കഥാപ്രസംഗ കലയ്ക്കു പുതു ജീവന്‍ ഏകുന്ന കലാകാരന്‍.കുട്ടിക്കാലത്തു മുതല്‍ നാടകം,കഥാപ്രസംഗം,പെയ്ന്‍റിംഗ് മുതലായ കലകളില്‍ മികവ് തെളിയിച്ച ജോയ് ഉടുമ്പന്നൂരിന്റെ ജീവിത കഥ നമുക്ക് ഒന്ന് പരിശോധിക്കാം.

ഇടുക്കി ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമം ആയ ഉടുമ്പന്നൂരില്‍ കണ്ണംകുഴി വീട്ടില്‍ പരേതനും മുളംതുരുത്തി ചാത്തോത് കുടുംബാഗവും ആയ കെ പി വര്‍ഗീസിന്റെയും,പെരുവ ചെമ്മനം ചാക്കോയുടെ സഹോദരി സാറാമ്മ വര്ഗീസിന്റെയും മകനായി ജനനം.കരിമണ്ണൂര്‍ സെന്റ് ജോസഫ് സ്കൂള്‍ പഠനകാലത്തു വിവിധ കലാ മല്‌സരങ്ങളിലും,ഗ്രാമത്തിലെ ക്ഷേത്രങ്ങളിലും,പള്ളികളിലും,നാടകവും,പാട്ടും കഥയുമൊക്കെ ആയി നിരവധി വേദികള്‍ അലങ്കരിച്ച ജോയ് അന്ന് നടന്നിരുന്ന സ്കൂള്‍ കാലോത്സവങ്ങളായ ജോയ് പത്താം തരം പഠനത്തിന് ശേഷം ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നു.കുറച്ചുകാലം കലകളോട് ഇടവേള പറഞ്ഞു രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചു എങ്കിലും ജന്മ സിദ്ധമായ ചിത്ര രചന തുടര്‍ന്ന് വന്നു.ഏകദേശം 10 വര്ഷം ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു അദ്ദേഹം തുടര്‍ന്ന് ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു.

പഴയകാലത്തു കലോത്സവ വേദികള്‍ ഇല്ലായിരുന്നു.വേദികളില്‍ മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വാക്കേറ്റവും കോടതി വിധികളും ഇല്ലായിരുന്നു.ലേബര്‍ഡേ എന്നറിയപ്പെട്ടിരുന്ന കലോത്സവവേദികളില്‍ നാടകവും കഥകളും ആയി തിളങ്ങിയ ജോയ് തന്റെ ഷിപ്പിലെ ജോലി തിരക്കിനിടയിലും കഥപറയുവാന്‍ വേദികള്‍ കണ്ടെത്തി.കപ്പല്‍ പല തുറമുഖങ്ങളില്‍ നങ്ങൂരമിടുമ്പോള്‍ അതാതു രാജ്യത്തെ മലയാളികള്‍ക്കായി അദ്ദേഹം കഥ പറഞ്ഞു വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും,അങ്ങ് ആസ്‌ട്രേലിയന്‍ മണ്ണിലും സാംബശിവന്റെ യന്ത്രവും,അയിഷയും വിദേശമണ്ണില്‍ അലിഞ്ഞു ചേര്‍ന്നു.

1981 ല്‍ കാനഡയിലെ തന്നെ മികച്ച മലയാളി കൂട്ടായ്മ ആയ ഹാമില്‍ട്ടണ്‍ മലയാളി സമാജത്തില്‍ ,പിന്നീട് ലണ്ടന്‍ മലയാളി സമാജം എന്നിങ്ങനെ പള്ളി,അമ്പലങ്ങള്‍,മലയാളി കൂട്ടായ്മകള്‍ക്ക് വേണ്ടി ജോയ് ഉടുമ്പന്നൂര്‍ നേതൃത്വ0 നല്‍കിയ കലാകാരന്മാര്‍ പാടിയും പറഞ്ഞും മലയാള സംസ്കാരത്തെ പുകഴ്ത്തി പുളകമണിയിച്ചു.മഗ്ദലന മറിയം,ഐഷ,അനീഷ,അവന്റെ രണ്ടാം വരവ്,യന്ത്രം,..അങ്ങിനെ നീളുന്നു അദ്ദേഹത്തിന്റെ കഥാ പ്രസംഗങ്ങള്‍

ചുരുങ്ങിയത് മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കഥയും പാട്ടുകളും മന:പാഠം ആക്കിയാണ് ജോയിയും ടീമും അവതരിപ്പിക്കുന്നത്.ഇടതടവില്ലാതെ തന്റെ 78 ആം വയസ്സിലും കൃത്യതയോടും,സ്പഷ്ടമായും,ദൃഢമായ ശബ്ദത്തില്‍ കഥപറയുന്ന ഇദ്ദേഹത്തിന് അമേരിക്കന്‍ മണ്ണിലെ മലയാളി സമൂഹം എത്രത്തോളം അറിയാനും,മരിച്ചു കൊണ്ടിരിക്കുന്ന ഈ കലയെയും,ആത്മാര്‍ത്ഥമായി മലയാളത്തെയും മലയാളിയുടെ സാംസ്കാരിക കലയായ കഥാപ്രസംഗത്തെയും,ജോയിയുടെ ടീമിനെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും നാം വിലയിരുത്തേണ്ടിയിരിക്കുന്നു.

ഒരു വര്‍ഷക്കാലം മുന്‍പ് ഗുരുവായൂരപ്പന്‍ ക്ഷേത്രനിര്മാണ ഫണ്ട് പിരിവിനായി ആയിഷ എന്ന കഥ പറഞ്ഞ ഇദ്ദേഹത്തിനും ടീമിനും നിരവധി കലാ സ്‌നേഹികളുടെ അഭിനന്ദനം ലഭിക്കുക ഉണ്ടായി.അതിനു ശേഷം മിഡ്‌ലാന്റിലും അദ്ദേഹം കഥ പറയുക ഉണ്ടായി.ഐസക് ,ജി അഞ്ചേരി,സനല്‍ ബാബു,കാര്‍ത്തിക് ഇങ്ങനെ നീളുന്ന നിരവധി പ്രസിദ്ധ കലാകാരന്മാരുടെ ഒരു നിര തന്നെ അദ്ദേഹത്തിന്റെ പിന്നണിയില്‍ ഇപ്പോഴും നിലകൊള്ളുന്നു.

നിരവധി മലയാളി കൂട്ടായ്മകള്‍ ഒന്റാറിയോവില്‍ ജന്മമെടുക്കുമ്പോള്‍ അവര്‍ എത്രത്തോളം മലയാളത്തിന്റെ ആധുനിക കലയെയും,സംസ്കാരത്തെയും,തൊട്ടറിയുന്ന എന്ന് നാം വിലയിരുത്തേണ്ടിഇരിക്കുന്നു.കുഞ്ഞു കുട്ടികള്‍ അടക്കം 45000 നടുത്തു മാത്രം മലയാളികളുടെ ജനസംഖ്യ ഉള്ള ഒന്റാറിയോവില്‍ ഇന്ന് 100 നടുത്തു മലയാളി പ്രസ്ഥാനങ്ങള്‍ ഉണ്ട്.കേരളത്തിന്റെ ദേശിയ ഉത്സവം ആയ ഓണം എങ്കിലും ഈ മലയാളികള്‍ എല്ലാവരും ഒത്തു ഒരുമിച്ചു വിവിധ ബാനറുകള്‍ക്കു താഴെ അല്ലാതെ ഒരുമിച്ചു ഒരിടത്തു കൂടി ആഘോഷിക്കുകയും,ഇത് പോലുള്ള കലയെയും,കലാകാരന്മാരെയും പ്രോല്‌സാഹിപ്പിക്കുന്നതിനും,ആദരിക്കുന്നതിനും,കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനു അവസരം ഒരുക്കിയിരുന്നു എങ്കില്‍ എന്ന് ശ്രീ.ജോയ് ഉടുമ്പന്നൂരിനൊപ്പം ഞാനും ആശിക്കുന്നു.ജോയ് ഉടുമ്പന്നൂരിനും അദ്ദേഹത്തിന്റെ ടീമിനും കാനഡയുടെ മണ്ണില്‍ നിരവധി വേദികളില്‍ കഥ പറയുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

തയ്യാറാക്കിയത്:ജയ് പിള്ള
കഥാപ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂര്‍കഥാപ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂര്‍കഥാപ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂര്‍കഥാപ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂര്‍കഥാപ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക