Image

നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നെഴുതി വീണ്ടും അസ്മിത

Published on 12 February, 2017
നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച്  തുറന്നെഴുതി വീണ്ടും അസ്മിത
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഭവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഫെയ്‌സ്ബുക്കില്‍ സജീവമാകുന്നതിനിടയില്‍ തങ്ങള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നെഴുതി വീണ്ടും അസ്മിത.

അസ്മിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നിങ്ങള്‍ക്കറിയാമോ നമ്മുടേതു കൂടിയായ ഒരിടത്തു വച്ച് നമുക്ക് പ്രിയപ്പെട്ട ഒരാളെ നമ്മുടെ മുന്നിലിട്ട് ഒരാള്‍ക്കൂട്ടം യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെ തല്ലിച്ചതക്കുമ്പോള്‍ നിങ്ങളെന്തായിരിക്കും ചെയ്യുക എന്ന്. കണ്ടു നിക്കുന്നവര്‍ പോലും പ്രതികരിക്കാതിരിക്കുമ്പോള്‍, നമ്മളവിടെ തനിച്ചാക്കപ്പെടുമ്പോള്‍ എന്താകും പിന്നീട് നിങ്ങള്‍തെരഞ്ഞെടുക്കുക എന്ന്. നിങ്ങള്‍ക്കവിടെ രണ്ടു സാധ്യതകളേ ഉള്ളൂ.

1) മിണ്ടാതിരിക്കുക,സഹിക്കുക. 2)മിണ്ടുക,കലഹിക്കുക. ഞങ്ങള്‍ക്കു മിണ്ടാതിരിക്കുക സാധ്യമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത്. അങ്ങനെയാണ് ഇന്ന് നിങ്ങള്‍ കാണുന്നതു പോലെ ഞങ്ങള്‍ അനാശാസ്യക്കാരും ദുര്‍നടപ്പുകാരുമായത്. സംഭവം നടന്ന ആദ്യ ദിവസമിട്ട പോസ്റ്റിന്റെ ഭാഷയായിരുന്നു തുടക്കത്തില്‍ നിങ്ങളുടെ പ്രശ്‌നം. അതു വച്ചാണ് നിങ്ങള്‍ ആദ്യമെന്റെ സ്വഭാവം നിര്‍ണ്ണ യിച്ചത്. ഇതിലും മുഴുത്ത തെറികള്‍ കാരണമില്ലാതെ കേട്ടിട്ടാണ് ഞങ്ങള്‍ വരുന്നതെന്ന് സൗകര്യപൂര്‍വ്വം നിങ്ങള്‍ മറന്നു.

നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ നീതിക്കു വേണ്ടി നിലവിളിച്ച ജിഷ്ണുവോ സൗമ്യയോ നിര്‍ഭയയോ ഒക്കെ ജീവിച്ചിരുന്നുവെങ്കില്‍ അവരും ഉപയോഗിക്കുന്ന ഭാഷ ഇതായിരുന്നേനെ എന്ന്. നീതി നിഷേധിക്കപ്പെട്ടവരുടെ, മുറിവേറ്റവരുടെ, ഇരകളായവരുടെ ഭാഷക്ക് ഇത്ര മൃദുത്വമേ ഉണ്ടാകൂ നാട്ടുകാരേ.നിങ്ങളെ കാരണമില്ലാതെ അടിച്ചവരെ നോക്കി ''ക്ഷമിച്ചിരിക്കുന്നൂ, പിരിഞ്ഞു പൊക്കോളൂ'' എന്നു നിങ്ങള്‍ പറയുമോ. എനിക്കൊരിക്കലും ആ ആദര്‍ശം വഴങ്ങില്ല. പരിചയവുമില്ല. ഞാനവരെ തെറി വിളിക്കും. തല്ലാനും നോക്കും. അത് അസഭ്യമല്ല,അതിജീവനമാണ്. ഹൃദയത്തിന്റെ ഭാഷയാണ്. സത്യമുള്ളതാണ്. വിളിക്കേണ്ടിടത്ത് വിളിക്കാനുള്ളതാണ് തെറി എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

അതുകൊണ്ട് ആ പോസ്റ്റിനെ പറ്റി ഒരു തരിമ്പും ഖേദമില്ല. സ്വന്തം വീട്ടില്‍ രാത്രി ഉറങ്ങാന്‍ പേടിക്കുന്നതിനെ കുറിച്ച്,ഇടക്കിടക്ക് ഉറക്കം ഞെട്ടുന്നതിനെ കുറിച്ച്, ഇപ്പോഴനുഭവിക്കുന്ന സംഘര്‍ഷങ്ങളെയും അതിഭീകരമായ അരക്ഷിതത്വങ്ങളെയും കുറിച്ച്, നിങ്ങള്‍ നടത്തുന്ന വ്യക്തിഹത്യയെയും പടച്ചു വിടുന്ന പച്ചക്കള്ളങ്ങളെയും കുറിച്ച്, ഒറ്റപ്പെടുത്തലുകളെയും കുത്തിനോവിക്കലുകളെയും കുറിച്ച്, വീട്ടുകാര്‍ നേരിടുന്ന അപമാനത്തെ കുറിച്ച്, സകലരോടും ഉത്തരം പറയേണ്ടി വരുന്ന ഈ നശിച്ച അവസ്ഥയെ കുറിച്ച്....ഒക്കെ നിങ്ങളോട് പറയേണ്ടി വന്നാല്‍ ഞാന്‍ വല്ലാതെ വൈകാരികമായിപ്പോവും. തെറി പറയും. പൊട്ടിക്കരയും. അതുകൊണ്ട് എന്റെ എല്ലാ പ്രശ്‌നങ്ങളെയും ഞാനൊരു സ്‌മൈലിയില്‍ ഒതുക്കുകയാണ് ജിജീഷിനു വേണ്ടിയാണ്, എനിക്കും സൂര്യക്കും വേണ്ടിയാണ് മിണ്ടിത്തുടങ്ങിയത്. ഇനി മരിക്കുന്നതു വരെ മിണ്ടിക്കൊണ്ടു തന്നെയിരിക്കും. ഒരടി പോലും പിന്നോട്ടില്ല.

പക്ഷേ അപ്പോഴും പറയട്ടെ, എല്ലാം മതി എന്നു തോന്നിപ്പോകുന്നുണ്ട് ഇടക്ക്. മരിച്ചു പോകുന്ന പോലെ വേദനിക്കുന്നുണ്ട്. കണ്ടു പരിചയം പോലുമില്ലാത്ത ആ മൂന്നു പെണ്‍കുട്ടികള്‍ നടത്തിയ പത്രസമ്മേളനം എന്നെ പൊള്ളിക്കുന്നുണ്ട്. പ്രിയപ്പെട്ട പെണ്‍കുട്ടികളേ, നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ ആര്‍ക്കു വേണ്ടിയാണിത് ചെയ്തതെങ്കിലും അവരോട് സ്വകാര്യമായി പോയി പറയണം നാളെ നിങ്ങളെ ഇതു പോലൊന്നും ചെയ്യരുത് എന്ന്. വീട്ടുകാരോട് പറയണം ഇങ്ങനൊന്ന് നിങ്ങളെ പറ്റി കേട്ടാല്‍ വിശ്വസിക്കരുത് എന്ന്.

പച്ചക്കള്ളം പറയാനറിയുന്നവര്‍ നിങ്ങളെപ്പോലെ വേറെയും ഉണ്ടെന്ന് നിങ്ങളെ അറിയുന്നവരോടെല്ലാം ബോധ്യപ്പെടുത്തി കൊടുക്കണം. കാരണം പഠിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിലാണ്. ഫസ്റ്റിയര്‍ അവിടെ ചേര്‍ന്നപ്പോ നിങ്ങളെക്കാളധികം സ്വപ്നം കണ്ടവളാണ് ഞാനും. നിങ്ങള്‍ക്ക് വന്നു കൂടാത്തതൊന്നും അല്ല എനിക്കുണ്ടായത്. അന്ന് നിങ്ങളീ പറഞ്ഞ നിങ്ങളുടെ ചേട്ടന്മാര്‍ വേറെ മൂന്നു കുട്ടികളെ തെളിവായി നിരത്തും. അതുകൊണ്ട് കരുതി തന്നെ ഇരിക്കുക, സ്‌നേഹം കുറച്ച് പേരെ അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ട്, വേറൊന്നുമല്ല. നിങ്ങളെ കാണുമ്പോളെനിക്ക് തോന്നിപ്പോകുന്നു മരണം ഇതിലും ഭേദമാണെന്ന്. അതെനിക്ക് ഇഷ്ടമല്ല 
നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച്  തുറന്നെഴുതി വീണ്ടും അസ്മിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക