Image

ഏജന്റിന്റെ ചതിയില്‍ നിന്നും രക്ഷപ്പെട്ട പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

Published on 12 February, 2017
ഏജന്റിന്റെ ചതിയില്‍ നിന്നും രക്ഷപ്പെട്ട പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിയ്ക്ക് കൊണ്ട് വന്ന ഏജന്റിന്റെ ചതിയില്‍ നിന്നും രക്ഷപ്പെട്ട് വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട പഞ്ചാബ് സ്വദേശിനിയായ വീട്ടുജോലിക്കാരി, ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്‌കാരിക വേദിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

പഞ്ചാബ് ലുധിയാന സ്വദേശിനിയായ രേണു ബല്ല, മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ഹാഫര്‍ അല്‍ ബത്തേയ്‌നിലെ ഒരു സൗദി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. ദമ്മാമില്‍ ഉള്ള ഒരു ഏജന്റ് നല്‍കിയ വിസയിലാണ് രേണു എത്തിയത്. ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ ജോലി ചെയ്‌തെങ്കിലും, കടുത്ത വയറുവേദനയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ രേണുവിന് ജോലി ചെയ്യാന്‍ കഴിയാതെയായി. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, ചികിത്സിച്ച ഡോക്ടര്‍, രേണുവിന്റെ ആരോഗ്യനില ശരിയല്ലെന്നും, തിരികെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്നും സ്‌പോണ്‍സറോട് പറഞ്ഞു. തുടര്‍ന്ന് സ്‌പോണ്‍സര്‍ ഏജന്റിനെ വിളിച്ച്, രേണുവിനെ ദമ്മാമിലേയ്ക്ക് ബസ്സില്‍ അയയ്ക്കുന്നുവെന്നും, അവിടെ നിന്ന് അവരെ തിരികെ നാട്ടിലേയ്ക്ക് കയറ്റി വിടാനും ആവശ്യപ്പെട്ടു.

അങ്ങനെ ദമ്മാം ബസ്സ് സ്റ്റേഷനില്‍ എത്തിയ രേണുവിനെ ഏജന്റ് വന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി. എന്നാല്‍ കാറില്‍ വെച്ച് ഏജന്റ് അവരെ ശകാരിയ്ക്കുകയും,നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനു പകരം, മറ്റൊരു സ്‌പോണ്‍സറിന് കൊടുക്കാനാണ് കൊണ്ട് പോകുന്നതെന്നും പറഞ്ഞു. ഇത് കേട്ട് ഭയന്ന രേണു, കാര്‍ ദമ്മാമിലെ ഒരു സിഗ്‌നലില്‍ നിര്‍ത്തിയപ്പോള്‍, ഡോര്‍ തുറന്ന് ഇറങ്ങി ഓടി.
വഴിയില്‍ കണ്ട നല്ലവനായ ഒരു സൗദിയും, അയാളുടെ മലയാളി ഡ്രൈവറും രേണുവിനോട് കാര്യങ്ങള്‍ തിരക്കി മനസ്സിലാക്കുകയും, അഭയം നല്‍കുകയും ചെയ്തു. ആ സൗദി റിയാദ് ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് എംബസ്സി അധികൃതര്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചു. മഞ്ജു സൗദിയെ ഫോണ്‍ വിളിച്ച് രേണുവിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. അങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തിയ രേണുവിനെ, മഞ്ജു നിയമനടപടികള്‍ പൂര്‍ത്തിയാക്കി കൂട്ടികൊണ്ടുപോയി ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

രേണുവിന്റെ വീട്ടുകാര്‍ നാട്ടില്‍ നിന്നും എംബസ്സിയില്‍ പരാതി നല്‍കിയിരുന്നു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും രേണുവിന്റെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിയ്ക്കുകയും, പലതവണയായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ സ്‌പോണ്‍സര്‍ രേണുവിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു. നവയുഗത്തിന്റെ ശ്രമഫലമായി അല്‍കോബാറിലെ ഒരു പഞ്ചാബി പ്രവാസി രേണുവിന് വിമാനടിക്കറ്റ് നല്‍കാന്‍ തയ്യാറായി.

അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, തന്നെ സഹായിച്ച സുമനസ്സുകള്‍ക്ക് നന്ദി പറഞ്ഞ് രേണു നാട്ടിലേയ്ക്ക് മടങ്ങി.
ഏജന്റിന്റെ ചതിയില്‍ നിന്നും രക്ഷപ്പെട്ട പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക