Image

ചിന്നമ്മയും ഒ.പി.എസും തമിഴ് 'അരസിയല്‍' കുതിരക്കച്ചവടവും (എ.എസ് ശ്രീകുമാര്‍)

Published on 13 February, 2017
ചിന്നമ്മയും ഒ.പി.എസും തമിഴ് 'അരസിയല്‍' കുതിരക്കച്ചവടവും (എ.എസ് ശ്രീകുമാര്‍)
ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തികച്ചും വ്യസ്തവും വിശേഷപ്പെട്ടതുമാണ് എക്കാലത്തെയും തമിഴ്‌നാട് രാഷ്ട്രീയം.  ഇപ്പോള്‍ രാജ്യത്തിന്റെ കണ്ണും കാതും ആ ദ്രാവിഡ മണ്ണില്‍ തമ്പടിച്ചിരിക്കുന്നു. ''എനിക്ക് ശേഷം പ്രളയം...'' എന്ന് ജയലളിത പറഞ്ഞിട്ടില്ലെങ്കിലും ജയയുടെ തോഴി ശശികലയെന്ന ചിന്നമ്മയോ, ജയ മൂന്നുവട്ടം മുഖ്യമന്ത്രിയാക്കിയ ഒ. പനീര്‍ ശെല്‍വം എന്ന ഒ.പി.എസോ, ഇവരില്‍ ആരായിരിക്കും തമിഴകത്തിന്റെ മുഖ്യമന്ത്രിയാവുക എന്നതുസംബന്ധിച്ച ഒരു സിനിമാറ്റിക് 'തമിഴങ്ക'മാണ് നമ്മെ എന്റര്‍ടെയ്ന്‍ ചെയ്യുന്നത്. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത പനീര്‍ ശെല്‍വത്തിന്റെ വിവാദ വാര്‍ത്താ സമ്മേളനത്തോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം ജല്ലിക്കെട്ടായത്. ശശികലയ്ക്ക് മുഖ്യമന്ത്രിയാവാന്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചുവെന്നായിരുന്നു പനീര്‍ ശെല്‍വത്തിന്റെ ആരോപണം. തുടര്‍ന്ന് സംസ്ഥാനം സാക്ഷ്യം വഹിച്ചത് മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള 'ചിന്നമ്മ-ഒ.പി.എസ്' കടിപിടി കൂടലാണ്. ഇരുവരും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു. 

ഗവര്‍ണര്‍ മനപ്പൂര്‍വ്വം തീരുമാനം വൈകിക്കുകയാണ് എന്നാണ് ശശികല വിഭാഗത്തിന്റെ പരാതിപ്പട്ടിക. പനീര്‍ ശെല്‍വത്തിന് അനുകൂലമായ തീരുമാനമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും അവര്‍ കലിപ്പോടെ ആരോപിച്ചു. ഗവര്‍ണര്‍ക്ക് തന്നോടാണ് ഇഷ്ടം എന്ന മട്ടിലാണ് ഒ.പി.എസിന്റെ പ്രസ്താവനകളും വന്നത്. പനീര്‍ ശെല്‍വം തമിഴ്നാട് ഭരിക്കാന്‍ കഴിവുള്ള വ്യക്തിയാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ പനീര്‍ ശെല്‍വം അടിച്ചുമാറ്റാതിരിക്കാന്‍ മഹാബലിപുരത്ത് കൂവത്തൂരിലെ ലക്ഷ്വറി റിസോര്‍ട്ടുകളില്‍ തീറ്റയും കുടിയും കൊടുത്ത് ശശികല പാര്‍പ്പിക്കുകയും ചെയ്തു. പക്ഷേ പലരും തിന്ന ചോറിന് ചിന്നമ്മയോട് നന്ദി കാണിക്കുന്നില്ലത്രേ. അധികാരഗര്‍വില്‍ ചിന്നമ്മയുടെ തടിമിടുക്കുള്ള ഗുണ്ടാ സ്റ്റൈല്‍ 'ബൗണ്‍സര്‍'മാരുടെ കവലിലാണ് എം.എല്‍.എമാര്‍. ഇവര്‍ മാധ്യമ പ്രവര്‍ത്തകരെ പോലും വിരട്ടിയോടിക്കുമ്പോഴും പുറത്തു നില്‍ക്കുന്ന നേതാക്കളുടെ കണ്ണ് പനീര്‍ ശെല്‍വത്തിന്റെ പാളയത്തിലേയ്ക്കായിരുന്നു.

അങ്ങനെ മുന്‍ തോഴിയുടെ കോട്ടയില്‍ ഓട്ട വീണു തുടങ്ങി. ചിന്നമ്മയുടെ നെഞ്ചില്‍ തീ കോരിയിട്ട് കൂടുതല്‍ എം.പിമാര്‍ പനീര്‍ ശെല്‍വം പക്ഷത്തേക്കേത്തുന്നു. ശശികലയെ അണ്ണാ ഡി.എം.കെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പിന്തുണച്ച അഞ്ച് എം.പിമാര്‍കൂടി പനീര്‍ ശെല്‍വത്തിന് പിന്തുണയുമായി ഈ ഞായറാഴ്ച രംഗത്തത്തെി. ഇതോടെ, കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ ശെല്‍വത്തിന്റെ പാളയത്തിലത്തെിയ എം.പിമാരുടെ എണ്ണം പതിനൊന്നായി. അതേസമയം, റിസോര്‍ട്ടുകളില്‍ തങ്ങുന്ന എം.എല്‍.എമാര്‍ ശശികലയുമായി, പദവിക്കും പണത്തിനുമായി കടുത്ത വിലപേശലിലാണെന്നും സൂചനയുണ്ട്. ശക്തി തെളിയിക്കാന്‍ നിലവില്‍ ഏഴ് എം.ല്‍.എമാരും 11 എം.പിമാരും പനീര്‍ ശെല്‍വത്തിന് കൂട്ടിനുണ്ട്. പതിനൊന്നു പേരെകൂടി ശശികലയുടെ കൂട്ടില്‍ നിന്നും റാഞ്ചാന്‍ കഴിഞ്ഞാല്‍ പനീര്‍ ശെല്‍വം വിജയിച്ചുവെന്ന് പറയാം. അതേസമയം ഭൂരിപക്ഷം തനിക്കാണെന്നു കാണിച്ച് ശശികല ഗവര്‍ണര്‍ക്ക് എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് നല്‍കിയിരുന്നു. എന്നാലീ ഒപ്പുകള്‍ വ്യാജമാണെന്നാണ് പനീര്‍ ശെല്‍വം വിഭാഗം ആരോപിച്ചു.
***
ശശികലയ്‌ക്കെതിതെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി വരാത്തതുകൊണ്ടാണ് ഗവര്‍ണര്‍ രണ്ടിലൊന്ന് പറയാത്തത്. അതേസമയം ഇപ്പോള്‍ നിലനില്‍ക്കുന്നത് പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭയാണ്. നിയമസഭ വിളിച്ചു ചേര്‍ക്കാതെ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ താത്പര്യം ചില കോണുകളിലുണ്ടെന്ന ചര്‍ച്ച ഇവിടെ ബലപ്പെട്ടു വരികയും ചെയ്യുന്നു. മുഖ്യമന്ത്രിയാവാനുള്ള രാഷ്ട്രീയ കുതിരക്കച്ചവട നീക്കങ്ങളില്‍ നിന്ന് ശശികല പിന്‍വാങ്ങണമെന്ന അഭിപ്രായം വ്യാപകമാവുന്ന കാഴ്ചയാണ്. ജയലളിത ജീവിച്ചിരുന്ന കാലഘട്ടത്തില്‍, തനിക്ക് പകരം നിയോഗിക്കുവാനുള്ള സാഹചര്യമുണ്ടായപ്പോള്‍, വിശ്വാസത്തിലെടുത്തുകൊണ്ട് മൂന്നു വട്ടം മുഖ്യമന്ത്രി പദത്തിലവരോധിച്ച വ്യക്തിയാണ് പനീര്‍ ശെല്‍വം. ആ നിലയ്ക്ക് ജയയുടെ ഇംഗിതത്തിനനുസരിച്ച് മുഖ്യമന്ത്രിയാവാന്‍ സര്‍വഥാ യോഗ്യന്‍ പനീര്‍ ശെല്‍വം തന്നെയാണ്. അതിനുള്ള രാഷ്ട്രീയ പാരമ്പര്യവും പക്വതയും അദ്ദേഹത്തിനുണ്ട്. ചിന്നമ്മയ്ക്ക് ഇല്ലാത്തതും അതുതന്നെയാണ്. 

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടിയെ പ്രത്യക്ഷത്തില്‍ ന്യായീകരിക്കാമെങ്കിലും, ഭരണഘടന അനുശാസിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥകളുടെയും കീഴ്വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. ഭരണഘടനാപരമായി ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള അധികാരം എം.എല്‍.എമാര്‍ക്കാണ്. പാര്‍ലമെന്റിലാണെങ്കില്‍ എം.പിമാര്‍ക്കും. ജനപ്രതിനിധികളുടെ ഈ വിവേചനപരമായ അവകാശത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ തീരുമാനിച്ച ഒരു നേതാവിനെ മുഖ്യമന്ത്രിയായി അവരോധിത്തുന്നതിനുള്ള തടസങ്ങള്‍ വ്യക്തമായി ഭരണഘടനയിലും റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ടിലും പറഞ്ഞിട്ടുണ്ട്. പ്രസ്തുത യോഗ്യതകള്‍ ഇല്ലാതിരിക്കുകയോ, അയോഗ്യതകള്‍ ഇല്ലാതിരിക്കുകയോ ആണെങ്കില്‍ ഉറപ്പായിട്ടും ഭരണഘടനാ സ്ഥാപനത്തിന്റെ ഒരു സുപ്രധാന വ്യക്തിയെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നിലപാടുകള്‍ സ്വീകരിക്കാം.

തമിഴ്‌നാട്ടില്‍ ഇപ്പറഞ്ഞ ഭരണഘടനാ സാങ്കേതികത്വങ്ങള്‍ ഒന്നും ശശികലയുടെ കാര്യത്തിലില്ല. സുപ്രീം കോടതി വിധി അവര്‍ക്കെതിരാണെങ്കില്‍ കാര്യങ്ങള്‍ മാറും. നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കുമ്പോള്‍, ഭരണഘടനയനുസരിച്ചുള്ള വിവേചനാധിരാരമാണ് വിനിയോഗിക്കുന്നതെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അത് ഏതാനും ദിവസത്തേയ്‌ക്കൊക്കെ സാധ്യമാണ്താനും. എന്നാലിപ്പോള്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കുതിരക്കച്ചവടം തകൃതിയായി നടക്കുകയാണ്. ശശികലയ്ക്ക് ഭരണസ്ഥിരത എന്നൊരു കാര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന പനീര്‍ ശെല്‍വത്തിന്റെ അവകാശവാദവും ഗവര്‍ണറുടെ മുന്‍പാകെയുണ്ട്. അതുകൊണ്ട് നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷമുള്ള ആള്‍ക്ക് അധികാരത്തില്‍ തുടരാനരള്ള സാഹചര്യമൊരുക്കുകയെന്നതല്ലേ ഗവര്‍ണറുടെ കടമയെന്ന പ്രക്തമായ ചോദ്യവും  വ്യാപകമായി ഉയരുന്നുണ്ട്. അടിയന്തരമായിത്തന്നെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാനുള്ള നടപടികളാണ് ഗവര്‍ണര്‍ എടുക്കേണ്ടത്. 

പക്ഷേ, അവിടെയും ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ നിലവിലുള്ള കാവല്‍ മന്ത്രിസഭയുടെ നേതൃത്വത്തില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസ പ്രമേയം അവതരിപ്പിക്കുകയെന്നത് അസാധ്യമാണത്രേ. പനീര്‍ ശെല്‍വം മുഖ്യമന്ത്രിയാവുന്നതിലുള്ള വിശ്വാസം നിയമസഭയ്ക്കുണ്ടോ എന്നതാണ് പ്രദാനമായും പരിശോധിക്കപ്പടേണ്ടത്. ശശികല മുഖ്യമന്ത്രയാവുന്നതിലുള്ള വിശ്വായമുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് ഭൂരിപക്ഷമുണ്ടോയെന്ന് തെളിയിക്കപ്പെടേണ്ടത് എന്നാണ്...? നിയമസഭ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടതിനുശേഷമേ അവരില്‍ വിശ്വാസപ്രമേയം, ഭരണഘടനാനുസൃതമായി അല്ലെങ്കില്‍ നിയമഭാ ചട്ടങ്ങള്‍ അനുസരിച്ച് അവതരിപ്പിക്കാനാവൂ. ഇത്തരത്തില്‍ സങ്കീര്‍ണമായ ഒരു നിയമ പ്രശ്‌നം ഇതിനുപിന്നിലുള്ളതുകൊണ്ടാവാം ഗവര്‍ണര്‍ സഭവിളിച്ചുകൂട്ടാത്തതെന്ന് വിചാരിക്കാം. പനീര്‍ ശെല്‍വത്തിന്റെ രാജി സമേധയാ അല്ലാതെ നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയതോ ആണെന്ന് ബോധ്യപ്പെട്ടാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചുകൊണ്ട് വിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാവുന്നതാണ്. വേണമെങ്കില്‍ എം.എല്‍.എമാരുടെ പരേഡ് നടത്താം. 130 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ശശികല അവകാശപ്പെടുമ്പോള്‍ അവരുടെ ഒപ്പ് ഒറിജിനലാണോ സമേധയാ ഇട്ടതാണോയെന്നൊക്ക ഈ പരേഡിലൂടെ ഗവര്‍ണര്‍ക്ക് പരിശോധിക്കാവുന്നതാണ്. ഏതായാലും ഗവര്‍ണറുടെ കോര്‍ട്ടിലാണ് ഇപ്പോള്‍ ഭാവിമുഖ്യമന്ത്രിയുടെ പന്ത്. ഒരു ലോങ് വിസില്‍ മുഴക്കത്തിനായി ചെവി കൂര്‍പ്പിക്കാം...

ചിന്നമ്മയും ഒ.പി.എസും തമിഴ് 'അരസിയല്‍' കുതിരക്കച്ചവടവും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക