Image

തഴയപ്പെട്ട വിനായകന്‍ ഒടുവില്‍ പരക്കെ അംഗീകരിക്കപ്പെടുന്നു

Published on 13 February, 2017
തഴയപ്പെട്ട വിനായകന്‍ ഒടുവില്‍ പരക്കെ അംഗീകരിക്കപ്പെടുന്നു
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മികച്ച നടനായി ശ്രദ്ധിക്കപ്പെട്ട നടനാണ് വിനായകന്‍. പക്ഷെ പ്രമുഖ അവാര്‍ഡ് നിശകളിലൊക്കെ വിനായകന്‍ തഴയപ്പെട്ടു. താരസമ്പുഷ്ടമാക്കുന്ന താരനിശക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ജനങ്ങള്‍ വിനായകന് ഒരു അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് വനിത ഫിലിം ഫെയര്‍ അവാര്‍ഡിലൂടെ സാധ്യമായത്. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് വിനായകനെ തേടി അവാര്‍ഡ് എത്തിയത്. കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ വിനായകന്‍ പിന്നീട് വില്ലന്‍ കഥാപാത്രങ്ങളിലേക്ക് കൂടുമാറി. ഒരു സ്ഥിരം അച്ചില്‍ തളക്കപ്പെടാതെ ക്യാരക്ടര്‍ റോളുകളിലേക്ക് കൂടുമാറുന്ന വിനായകനെയാണ് പിന്നീട് കണ്ടത്. ഗംഗയും അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു. താരസാന്നിദ്ധ്യവും അതിന്റെ വിപണി മൂല്യവും മാത്രം ലക്ഷ്യമിട്ട് നടത്തന്ന അവാര്‍ഡ് നിശകളില്‍ നിന്നും വിനായകന്‍ എന്ന നടന്‍ തഴയപ്പെട്ടു. താരമല്ല നടനായി എന്നതായിരുന്നു വിനായകന്റെ കുറ്റം.
 
യഥാര്‍ത്ഥ അവാര്‍ഡ് പ്രേക്ഷകരുടെ അംഗീകാരമാണ്. അത് വേണ്ടുവോളം വിനായകന് ലഭിച്ചിട്ടുണ്ട്. വിനായകന് അവാര്‍ഡ് നിരസിച്ച അവാര്‍ഡ് നിശകളോടുള്ള പ്രേക്ഷക പ്രതികരണത്തില്‍ നിന്നും ഇത് വെളിവാകും. വനിത ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം വിനായകനായിരുന്നു. 2016ലെ മികച്ച പ്രകടനത്തിന് അവാര്‍ഡ് വാങ്ങാന്‍ കഴിയുന്ന മറ്റൊരു നടനേയും കഥാപാത്രത്തേയും നമുക്ക് കണ്ടെത്താന്‍ കഴിയില്ല. വിനായകന് അവാര്‍ഡ് നല്‍കിയ വനിതയക്ക് സോഷ്യല്‍ മീഡിയില്‍ അഭിനന്ദന പ്രവാഹമായിരുന്നു. അവാര്‍ഡ് നല്‍കാത്തവരെ വിമര്‍ശിച്ച അതേ ഊര്‍ജത്തോടെയായിരുന്നു വനിതയ്ക്കുള്ള അഭിനന്ദനവും. ഇത് വിനായകന് മാത്രം അവകാശപ്പെട്ട പിന്തുണയാണ്. 
 
ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് എര്‍പ്പെടുത്തിയ അവാര്‍ഡിലും മികച്ച നടന്‍ വിനായകന്‍ തന്നെയാണ്. പ്രേക്ഷകരുടെ അഭിപ്രായം അനുസരിച്ചായിരുന്നു അവരുടെ തിരഞ്ഞെടുപ്പ്. ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ആ ഗ്രൂപ്പിന്റെ അംഗീകാരം വിനായകനായിരുന്നു. ഗംഗ എന്ന കമ്മട്ടിപ്പാടം സ്വദേശി ഫോര്‍ട്ട് കൊച്ചിക്കാരനായ വിനായകന്റെ കയ്യില്‍ സുരക്ഷിതമായിരുന്നു. തന്റെ ശരീര ഭാഷകൊണ്ടും സംസാരശൈലികൊണ്ടും വിനായകന്‍ ഗംഗയായി ജീവിച്ചു. കുറ്റബോധവും മരണഭീതിയും വേട്ടയാടുന്ന അവസാന നിമിഷങ്ങള്‍ സൂക്ഷ്മ ഭാവങ്ങള്‍ക്കൊണ്ട് അവിസ്മരണീയമാക്കാന്‍ വിനായകനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക