Image

അനധികൃത സ്വ ത്ത്‌ സമ്പാദനക്കേസില്‍ ശശികലയ്‌ക്ക്‌ നാലുവര്‍ഷം തടവ്‌, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്‌

Published on 13 February, 2017
അനധികൃത സ്വ ത്ത്‌ സമ്പാദനക്കേസില്‍ ശശികലയ്‌ക്ക്‌  നാലുവര്‍ഷം തടവ്‌,  തെരഞ്ഞെടുപ്പില്‍  മത്സരിക്കുന്നതിനും വിലക്ക്‌


ന്യൂദല്‍ഹി: അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്ക്‌ തിരിച്ചടി.ജയലളിതയുള്‍പ്പെടെ നാലുപേര്‍ക്കും ശിക്ഷവിധിച്ച വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ജസ്റ്റിസ്‌ പി.സി ഘോസെ, ജസ്റ്റിസ്‌ അമിതവ റോയി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ്‌ വിധി.

 4വര്‍ഷം തടവും പത്ത്‌ കോടി രൂപ പിഴയുമാണ്‌ ശിക്ഷ. പത്ത്‌ വര്‌ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്‌. കേസില്‍ ജയലളിതയെയും മറ്റുള്ളവരെയും വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലെ വിധിയാണ്‌ പ്രഖ്യാപിച്ചത്‌. ശശികല നാല്‌ ആഴ്‌ചക്കുള്ളില്‍ കീഴടങ്ങണമെന്നും വിധിയില്‍ പറയുന്നു. വിധി വന്നതോടെ ശശികലക്ക്‌ മുഖ്യമന്ത്രി ആകാന്‍ സാധിക്കില്ല.

തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയായിരുന്നു കേസിലെ ഒന്നാം കുറ്റാരോപിത.എന്നാല്‍, ജയലളിത മരിച്ച സാഹചര്യത്തില്‍ മറ്റ്‌ കുറ്റാരോപിതരായ ശശികല, വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ബന്ധു ജെ ഇളവരശി എന്നിവര്‍ക്കെതിരായ വിധിയാണ്‌ ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്‌

കേസില്‍ ആറുമാസം മുമ്പ്‌ വാദം പൂര്‍ത്തിയാക്കിയശേഷം സുപ്രീംകോടതി വിധി പ്രഖ്യാപനം നീട്ടിവയ്‌ക്കുകയായിരുന്നു 


1991-96 കാലയളവില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചുവെന്നാണ്‌ ജയലളിതയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ്‌. മുഖ്യമന്ത്രിയാകുന്നതിന്‌ മുമ്പ്‌ 3 കോടിയുടെ ആസ്‌തിയുണ്ടായിരുന്ന ജയലളിതയ്‌ക്ക്‌ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സമ്പാദിച്ചെന്നാണ്‌ കേസ്‌.

1996ല്‍ ബി.ജെ.പി നേതാവ്‌ സുബ്രഹ്മണ്യ സ്വാമിയാണ്‌ ജയലളിത വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന്‌ ആരോപിച്ച്‌ കോടതിയെ സമീപിച്ചത്‌. 1996ല്‍ അധികാരത്തില്‍ വന്ന ഡി.എം.കെ സര്‍ക്കാര്‍ ജയലളിതയെ ജയിലില്‍ അടയ്‌ക്കുകയും ചെയ്‌തിരുന്നു. 

പിന്നീട്‌ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന്‌ ആരോപിച്ച്‌ ഡി.എം.കെ നേതാവ്‌ അന്‍പഴകന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ്‌ കേസ്‌ ബംഗളുരുവിലേക്ക്‌ മാറ്റിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക