Image

ജോലിഭാരത്താല്‍ ആരോഗ്യം തകര്‍ന്നു; ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി

Published on 14 February, 2017
ജോലിഭാരത്താല്‍ ആരോഗ്യം തകര്‍ന്നു; ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിഭാരം കാരണം സ്‌പോണ്‌സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്ത ഹൌസ് ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദിയുടെ ഇടപെടലില്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ് വാരണാസി സ്വദേശിയായ ഷാഹിദ് അലി അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ അല്‍ഫസലിയയിലെ ഒരു വീട്ടില്‍ ഹൌസ് ഡ്രൈവര്‍ ആയി എത്തിയത്. ഭാര്യയും മൂന്നു മക്കളുമുള്ള പാവപ്പെട്ട കുടുംബത്തിന്റെ ഏകഅത്താണിയായ ഷാഹിദ് അലി, നല്ലൊരു ഭാവി ജീവിതം സ്വപ്നം കണ്ടാണ് പ്രവാസിയായി ജോലിയ്ക്ക് എത്തിയത്.
എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, വളരെ ബുദ്ധിമുട്ട് നിറഞ്ഞ ജോലി സാഹചര്യങ്ങളാണ് ഷാഹിദ് അലിയ്ക്ക് നേരിടേണ്ടി വന്നത്. 

ഡ്രൈവര്‍ ജോലിയ്ക്കു പുറമെ ആ വലിയ വീട്ടിലെ പുറംപണിയും അയാള്‍ക്ക് ചെയ്യേണ്ടി വന്നു. രാപകലില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനാല്‍, വിശ്രമിയ്ക്കാനോ, സമയത്ത് ആഹാരം കഴിയ്ക്കാനോ കഴിയാതെ അയാള്‍ വലഞ്ഞു. ആരോഗ്യം വളരെ മോശമായി വന്നിട്ടും, സ്‌പോണ്‍സര്‍ അയാളെ വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കാതെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചു. വിശ്രമമില്ലായ്മ കാരണം വണ്ടി ഓടിയ്ക്കുമ്പോള്‍ റോഡില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ പറ്റാതെ വന്നപ്പോള്‍, താന്‍ അപകടത്തില്‍ പെടുമോ എന്ന ഭയവും അയാളെ അലട്ടി.

ഒടുവില്‍ സഹികെട്ട്, നാല് മാസം കഴിഞ്ഞപ്പോള്‍, താന്‍ ഇനി ജോലി ചെയ്യില്ലെന്നും, നാട്ടിലേയ്ക്ക് തിരികെ അയയ്ക്കണമെന്നും സ്‌പോണ്‍സറോട് ഷാഹിദ് അലി ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ വഴങ്ങിയില്ല. നാട്ടിലേയ്ക്ക് തിരികെ അയയ്ക്കണമെങ്കില്‍, തനിയ്ക്ക് ഇരുപത്തിഅയ്യായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാവപ്പെട്ട ഷാഹിദ് അലിയ്ക്ക് അത്രയും പണം ഉണ്ടാക്കാന്‍ കഴിവില്ലായിരുന്നു.

ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം, നവയുഗം സംസ്‌കാരികവേദി നിയമസഹായവേദി ഹെല്‍പ്പ് ഡെസ്‌ക്കില്‍ എത്തിയ ഷാഹിദ് അലി, നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തോട് സഹായം തേടി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഷാഹിദ് അലി ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കതിരെ കേസ് കൊടുത്തു.

ലേബര്‍ കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ എത്തിയ സ്‌പോണ്‍സറുമായി ഷാജി മതിലകം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ആദ്യമൊക്കെ പിടിവാശി കാട്ടിയ സ്‌പോണ്‍സര്‍, ഒടുവില്‍ ഷാജി മതിലകത്തിന്റെ സമ്മര്‍ദ്ദത്തിന് ഒടുവില്‍, രണ്ടായിരം റിയാല്‍ കിട്ടിയാല്‍ എക്‌സിറ്റ് നല്‍കാം എന്ന് സമ്മതിച്ചു. ആ തുക ഷാഹിദ് അലി നല്‍കിയപ്പോള്‍, ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൈമാറി.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നാട്ടിലെ ഷാഹിദ് അലിയുടെ ഏജന്റിനെ വിളിച്ചു സംസാരിച്ചത് അനുസരിച്ച്, അവര്‍ അയാള്‍ക്കുള്ള മടക്കയാത്ര വിമാനടിക്കറ്റ് അയച്ചു കൊടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി.  
ജോലിഭാരത്താല്‍ ആരോഗ്യം തകര്‍ന്നു; ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക