Image

അപ്പോള്‍ ചരിത്രം എങ്ങനെ ജയലളിതയെ വിലയിരുത്തും ?(അനിൽ പെണ്ണുക്കര)

Published on 14 February, 2017
അപ്പോള്‍ ചരിത്രം എങ്ങനെ ജയലളിതയെ വിലയിരുത്തും ?(അനിൽ പെണ്ണുക്കര)
പൊതുവെ ഗൗരവക്കാരിയായ ജയലളിത ഒരു ടിവി അഭിമുഖത്തില്‍ സിമിഗരേവാളുമായി
സംസാരിക്കുമ്പോള്‍ മനസ്സ് തുറന്ന് ഒരു മനുഷ്യസ്ത്രീ ആവുന്നത് കാണാം.
അത്യപൂര്‍വ്വമായി മാത്രം ഉണ്ടായ ഒരു അവസരമാണത്. സ്‌കൂളില്‍ എല്ലാത്തിലും
ഒന്നാമതായി നിന്ന വിദ്യാര്‍ത്ഥിയായിരുന്നു താനെന്ന് അവര്‍ സിമിയോട്
പറയുന്നുണ്ട്. അമ്മയായിരുന്നു എല്ലാം. പതിനാറാം വയസ്സില്‍ കുടുംബത്തിന്റെ
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവന്ന സാഹചര്യത്തില്‍ പഠനം
അവസാനിപ്പിച്ച് അഭിനയം തൊഴിലായി സ്വീകരിക്കേണ്ടിവരികയും വൈകാതെ അമ്മ
മരിച്ചപ്പോള്‍ ഒന്നുമറിയാത്ത അവസ്ഥയില്‍ ജീവിതം വെല്ലുവിളിയായി മുന്നില്‍
നിന്നതും അതിനെ സധൈര്യം നേരിട്ടതും ഒരു ഘട്ടത്തില്‍ എം. ജി. ആര്‍.
കരുത്തായി മാറിയതുമെല്ലാം അവര്‍ തുറന്നു പറയുന്നുണ്ട്. എം. ജി. ആറുമയുള്ള
തന്റെ ബന്ധവും അതില്‍ നിന്നുണ്ടായ നിരാശയുമെല്ലാം സുന്ദരമായ ആ
അഭിമുഖത്തിലുണ്ട്.

ജീവിതാനുഭവങ്ങളാണ് മൃദുമനസ്‌കയായ ആ സുന്ദരയില്‍ കാരിരുമ്പിന്റെ മനസ്സ്
ഘടിപ്പിച്ചതെന്ന് ജയലളിതയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാനാകും.
അമ്മയായാകന്‍ കൊതിച്ചിട്ടും അതാകാന്‍ കഴിയാതെ പോയപ്പോള്‍
നാടിനെക്കൊണ്ടാകെ അമ്മ എന്ന് വിളിപ്പിച്ചതിന്റെ ഗുഢാനന്ദം അതില്‍ കാണാം.
തന്റെ ഇഷ്ടഗാനത്തിന്റെ വരികള്‍ സിമിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂളുന്ന ജയ
സ്‌ത്രൈണ നൈര്‍മ്മല്യത്തിന്റെ ഹൃദയഹാരിയായ കാഴ്ചയാണ്. എം. ജി. ആറിന്റെ
അന്ത്യയാത്രാ വാഹനത്തില്‍ നിന്ന് അതിക്രൂരവും അപമാനകരവുമായ രീതിയില്‍
തള്ളിപ്പുറത്താക്കപ്പെട്ട അനുഭവം പറയുമ്പോള്‍ അവരുടെ മുഖം പകയും
പ്രതികാരവുംകൊണ്ട് രൗദ്രാഗ്നി പോലെ ജ്വലിച്ചു. ഇത്തരം തിരിച്ചടികളാകാം
ജയലളിതയെന്ന ഭരണാധികാരിയിലെ ഏകാധിപതിയെ സൃഷ്ടിച്ചത്.

തമിഴ്മനസ്സ് കൊണ്ട് അമ്മാനമാടിയ ജയലളിത വ്യക്തി, അഭിനേത്രി എന്നീ
നിലകളില്‍ അതിസുന്ദരമായ സങ്കല്‍പമാണ്. ഇതോ ജീവിതത്തിലെ അവരുടെ
തിക്താനുഭവങ്ങളോ ഭരണാധികാരി എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ജയലളിതയെ
ന്യായീകരിക്കുന്നില്ല. മരണം എല്ലാത്തിനെയും മായ്ക്കുമെങ്കിലും ചരിത്രവും
സമൂഹവും തുടര്‍ച്ചയായതുകൊണ്ട് ജയലളിത മഹത്തായ ഭരണാധികാരി ആയിരുന്നു എന്ന്
പറയുന്നത് ചരിത്രത്തോടുള്ള അനീതി ആയിരിക്കും. സി. പി. എം. അടക്കമുള്ള
പ്രസ്ഥാനങ്ങല്‍ അതെല്ലാം വിസ്മരിച്ച് അവരെ മികച്ച ഭരണാധികാരി എന്ന്
വിലയിരുത്തുമ്പോള്‍ ഈ അനീതി മുഴച്ച് നില്‍ക്കും.

തന്റെ വിരല്‍ത്തുമ്പിന്റെ ചലനങ്ങള്‍ക്കൊത്ത് തമിഴ് ജനതയെ ചലിപ്പിക്കാന്‍
പ്രാപ്തമായ മാസ്മരിക ശക്തി ഉണ്ടായിരുന്ന ജയലളിത അവരെ
രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിച്ചില്ല എന്ന യഥാര്‍ത്ഥ്യം ഒരു നേതാവ്,
ഭരണാധികാരി എന്നീ നിലകളില്‍ അവരുടെ പരാജയമായിരുന്നു. അനന്ത സാധ്യകളാണ്
ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടായിരുന്നത്. പകരം സൗജന്യങ്ങളുടെയും
ആനുകൂല്യങ്ങളുടെയും കുത്തൊഴുക്ക് സൃഷ്ടിച്ച് തന്റെ ജനതയെ അവര്‍
ആലസ്യത്തില്‍ മുക്കിയിട്ടു. അമ്മ എന്ന് തമിഴ് ജനത അവരെ വിളിച്ചത് അടിമയുട
ആത്മബോധനത്തോടെയാണ്. അന്ധമായ ആരാധനയാണ് അവരോട്  തമിഴ്
സമൂഹത്തിനുണ്ടായിരുന്നത്. അവര്‍ തന്റെ ജനതയ്ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍
വിപുലമായ അഴിമതി സാമ്രാജ്യത്തിന്റെ വിഹിതം മാത്രമായിരുന്നു. അതൊന്നും ഒരു
ജനത എന്ന നിലയില്‍ തമിഴ് സമൂഹത്തെ എവിടെയുമെത്തിച്ചില്ല.

തനിക്ക് ചുറ്റും രൂപപ്പെട്ട ഉപജാപക വൃന്ദവുമായി മാത്രം ബന്ധപ്പെട്ട്
നിന്ന ജയലളിത ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു ജനനേതാവായിരുന്നു. അത്
അവര്‍ ശരിയായ രീതിയില്‍ പ്രയോഗിക്കാത്തത് രാജ്യത്തിന്റെ നഷ്ടമാണ്.
ഇപ്പോള്‍ അവരുടെ തോഴി ശശികല എന്ന ചിന്നമ്മ പൊയസ് ഗാര്‍ഡന്‍ എന്ന
കൊട്ടാരത്തിലേക്ക് കൂട്മാറുകയും ഉടൻ ജയിലിലേക്ക് പോകാൻ തയാറെടുക്കുകയും
ചെയുന്നു .ഇനി തമിഴകം ചര്‍ച്ച ചെയുന്നത് മുന്‍ മുഖ്യമന്ത്രിയുടെ
പിന്‍ഗാമിത്വത്തെ കുറിച്ചല്ല,. പിന്തുടര്‍ച്ചയെക്കുറിച്ചാണ്.
ജീവിച്ചിരിക്കെ നടി ഖുശ്ബുവിന് ക്ഷേത്രം നിര്‍മ്മിച്ച തമിഴ് ജനത തങ്ങളുടെ
അമ്മയ്ക്ക് നിരവധി ക്ഷേത്രങ്ങള്‍ പണിത് അവരെ അമ്മയാക്കും.

ജയലളിതയുടേത് രാഷ്ട്രീയമായിരുന്നില്ല എന്നാണ് അതെല്ലാം വ്യക്തമാക്കുന്നത്.
തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയമോ അത് തനിക്ക് ചുറ്റുമുള്ള സമൂഹത്തെ
സ്വാധീനിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്ത രാഷ്ട്രീയമോ ജനനേതാവ് എന്ന
നലയില്‍ ജയയെ സ്വാധീനിച്ചിട്ടില്ല. ജനാധിപത്യബോധം പാര്‍ട്ടിക്കുള്ളിലോ
ജീവിതത്തിലോ അവര്‍ പ്രകടിപ്പിച്ചിട്ടില്ല. പ്രതികാരവും പകയുമായിരുന്ന
അവരുടെ രാഷ്ട്രീയം .തമിഴ് ജനതയും പാര്‍ട്ടിയും ജയലളിതയ്ക്ക് വഴങ്ങി
നിന്നത് ജീവിതത്തില്‍ അസാധ്യമായത് തിരശ്ശീലയില്‍ ചെയ്ത് കാണിക്കുന്ന
താരങ്ങളോടുള്ള ദൈവ തുല്യമായ ആരാധനയുടെ ഭാഗമായിട്ടാണ്. അതിന്റെ മറവില്‍
അവരുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണ് പൊട്ടുന്ന തരത്തിലുള്ള അഴിമതി
നടത്തി .സാമന്ത രാജാക്കന്മാരെ പോലെ വാണു.അതിൽ ഒരാളാണ് ഇന്നലെ വീണു പോയ
ശശികല .

അണികള്‍ ആരാധനയുടെ ആലസ്യത്തില്‍ മതിമറന്ന് ആന്ധ്യം ബാധിച്ചു ജീവിച്ചു.
എം.ജി.ആറിന്റെ ഹാങ്ഓവര്‍ അദ്ദേഹത്തിന്റെ ഇദയക്കനിയിലൂടെ തമിഴര്‍
ആസ്വദിച്ചു. അങ്ങനെ, തമിഴനെ മയക്കിയ. കറപ്പ് ആണ് ജയലളിത.  ശശികല അവരെ
പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നിരുന്നു എങ്കിൽ
എത്തുകയാണെങ്കില്‍ ഈ ഹാങ്ഓവര്‍ മാറുമായിരുന്നില്ല.അവർ നിർദേശിക്കുന്ന
ഒരാൾ ഇനി വന്നാലും തമിഴ് രാഷ്ട്രീയം അഴിമതിയുടെ
കുത്തരങ്ങായിരിക്കും.അപ്പോള്‍ ചരിത്രം എങ്ങനെ ജയലളിതയെ വിലയിരുത്തുമെന്ന്
വ്യക്തം.
അപ്പോള്‍ ചരിത്രം എങ്ങനെ ജയലളിതയെ വിലയിരുത്തും ?(അനിൽ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക