Image

ശശികല ഉടന്‍ കീഴടങ്ങണമെന്ന്‌ സുപ്രീം കോടതി

Published on 15 February, 2017
 ശശികല ഉടന്‍ കീഴടങ്ങണമെന്ന്‌ സുപ്രീം കോടതി

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന്‌ കണ്ടെത്തിയ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ഉടന്‍ ഹാജരാകണമെന്ന്‌ സുപ്രീം കോടതി. 

കീഴടങ്ങാന്‍ സാവകാശം ചോദിച്ചുകൊണ്ടുള്ള ശശികലയുടെ അപേക്ഷ കോടതി തള്ളി. ജസ്റ്റിസുമാരായ പി.സി ഘോഷ്‌, അമിതാവ്‌ റോയി എന്നിവരുടെ ബെഞ്ചാണ്‌ അപേക്ഷ തള്ളിയത്‌

ഉടന്‍ എന്നതിന്റെ അര്‍ഥമറിയില്ലേയെന്നും കോടതി ചോദിച്ചു. കൂട്ടുപ്രതികളായ ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരും ഉടന്‍ കീഴടങ്ങണമെന്നു കോടതി വ്യക്തമാക്കി. 

കോടതി വിധി പ്രതികൂലമായതോടെ ഇന്നു തന്നെ കീഴടങ്ങാമെന്നു ശശികലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വൈകിട്ട്‌ അഞ്ചുമണിക്കുള്ളില്‍ കീഴടങ്ങാമെന്നാണു കോടതിയില്‍ അറിയിച്ചത്‌.

കോടതി വിധിക്കെന്നല്ല, ഒരു ശക്തിക്കും തന്നെ പാര്‍ട്ടിയില്‍ നിന്ന്‌ പിരിക്കാനാവില്ലെന്നും താന്‍ എപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും ശശികല മാധ്യമങ്ങളോട്‌ പറഞ്ഞു. 

 ഇതിനിടെ, വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജയലളിത പുറത്താക്കിയ ടി.വി ദിനകരനെ ശശികല പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുന്‍ എംപിയും ബന്ധുവുമായ ദിനകരന്‌ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ശശികല നല്‍കിയതായി അണ്ണാ ഡിഎംകെ അറിയിച്ചു.

അതേസമയം, കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും രംഗത്തെത്തി. 

ഇന്നലെ രാത്രി ചെന്നൈ മറീന ബീച്ചിലെ ജയാ സ്‌മാരകത്തിലാണ്‌ പനീര്‍ശെല്‍വത്തിനൊപ്പം ദീപയും എത്തിയത്‌. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണിതെന്നും ദീപ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക