Image

കോഴിക്കോട്‌ കളക്ടര്‍ ബ്രോയെ മാറ്റി. യു.വി ജോസ്‌ പുതിയ കളക്ടര്‍

Published on 15 February, 2017
കോഴിക്കോട്‌ കളക്ടര്‍  ബ്രോയെ മാറ്റി. യു.വി ജോസ്‌ പുതിയ കളക്ടര്‍

തിരുവനന്തപുരം: കോഴിക്കോട്‌ കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. ടൂറിസം ഡയരക്ടറായ യു.വി ജോസാണ്‌ പുതിയ കളക്ടര്‍. മന്ത്രിസഭാ യോഗത്തിലാണ്‌ കളക്ടറെ മാറ്റിയതായി തീരുമാനമായത്‌.
സമൂഹ മാധ്യമങ്ങളിലെ ഇടപെടലും കാരുണ്യ പ്രവര്‍ത്തനങ്ങളും കളക്ടര്‍ ബ്രോയെ ഏറെ ജനപ്രിയനാക്കിയിരുന്നു. 

കോഴിക്കോട്‌ ജില്ലയില്‍ നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്‌ എന്‍ പ്രശാന്ത്‌. സുലൈമാനി, സവാരി ഗിരി ഗിരി, കരുണ ചെയ്യാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.


കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കോഴിക്കോട്‌ ജില്ലയില്‍ റവന്യൂ റിക്കവറി നടപടികള്‍ നടക്കുകയാണ്‌. ഇതിന്റെ ഭാഗമായി കോടതി സ്‌റ്റേ ഉണ്ടെന്ന്‌ പറഞ്ഞ്‌ മാറ്റിവെച്ച ചില പ്രബലരുടെ കോടിക്കണക്കിന്‌ രൂപയുടെ ഭൂമിയുടെ രേഖ പരിശോധിക്കുകയും സ്‌റ്റേ ഇല്ലെന്ന്‌ മനസിലാക്കിയവയില്‍ ജപ്‌തി നടപടികള്‍ തുടങ്ങുകയും ചെയ്‌തെന്ന്‌ കളക്ടര്‍ തന്നെ പറഞ്ഞിരുന്നു. 

ജില്ലയിലെ റവന്യൂ റിക്കവറിയില്‍ കുടുങ്ങുന്നത്‌ വമ്പന്മാരാണെന്ന്‌ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഇട്ടതിന്‌ പിന്നാലെയാണ്‌ എന്‍ പ്രശാന്തിന്റെ സ്ഥാനം തെറിച്ചിരിക്കുനത്‌.

 വായ്‌പ തിരിച്ചയ്‌ക്കാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ നേരെ മു്‌ഷ്ടി ചുരുട്ടാതെ കോടികള്‍ അനധികൃതമായി കോടികള്‍ കൈവശം വച്ചിരിക്കുന്ന വമ്പന്‍മാരെയാണ്‌ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന്‌ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. 

 വാണിജ്യ നികുതി ഇനത്തില്‍ 16 കോടി അടയ്‌ക്കാതെ നടന്നിരുന്ന ഒരു പ്രബലനെ കഴിഞ്ഞ ദിവസം കുടുക്കിയിരുന്നു. ഈ ആഴ്‌ചയില്‍ തന്നെ മറ്റൊരു പ്രമുഖന്റെ അക്കൗണ്ട്‌ ഫ്രീസ്‌ ചെയ്‌ത 8 കോടി പിടിച്ചെടുത്തിരുന്നു. 

ഇത്തരം വന്‍മരങ്ങളെ കുറിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ അറിവുണ്ടെങ്കില്‍ ഫേസ്‌ബുക്കിലൂടെ അറിയാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി അവസാനത്തോടെ നികുതി വെട്ടിച്ച്‌ നടക്കുന്ന വമ്പന്മാരുടെ കയ്യില്‍ നിന്ന്‌ 80 കോടി പിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു കളക്ടര്‍. അതിനിടെയാണ്‌ അപ്രതീക്ഷിത സ്ഥലം മാറ്റം.

അതേസമയം പ്രശാന്തിന്‌ നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ ധാരണയായില്ല.

 എം.കെ രാഘവന്‍ എം.പിയും പ്രശാന്തുമായുള്ള തര്‍ക്കങ്ങള്‍ ഏറെ വിവാദത്തിന്‌ വഴിവെച്ചിരുന്നു. എം.പി ഫണ്ട്‌ വിനിയോഗവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്‌.

സോഷ്യല്‍മീഡിയ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ വരെ രാഘവന്‍ എം.പി പറഞ്ഞിരുന്നു.
തന്നെ അപകീര്‍ത്തിപ്പെടുത്തിയ എന്‍. പ്രശാന്ത്‌ മാപ്പ്‌ പറയണമെന്ന എം.കെ രാഘവന്റെ ആവശ്യത്തിന്‌ പിന്നലെ കുന്നംകുളത്തിന്റെ മാപ്പ്‌ കളക്ടര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തും വലിയ വിവാദമായിരുന്നു.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കലക്ടര്‍ തടസ്സം നില്‍ക്കുകയാണെന്ന്‌ പറഞ്ഞ എംപി പരാമര്‍ശം പിന്‍വലിച്ച്‌ കലക്ടര്‍ മാപ്പ്‌ പറയണമെന്ന്‌ ആവശ്യപ്പെട്ടതിന്‌ പിന്നാലെ കുന്നംകുളത്തിന്റെ മാപ്പും ബുള്‍സ്‌ ഐയുടെ ചിത്രവും ഫേസ്‌ബുക്കില്‍ പോസ്റ്റ്‌്‌ ചെയ്യുകയായിരുന്നു.

പൊതുജനം ഭൂമിശാസ്‌ത്രമറിയാന്‍ വേണ്ടിയാണ്‌ കുന്നംകുളത്തിന്റെ മാപ്പ്‌ ഫെയ്‌സ്‌ബുക്കിലിട്ടതെന്നും ഇതിനെയെല്ലാം പക്വതയോടെ കാണണമെന്നായിരുന്നു ഇതിന്‌ എന്‍ പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന്‌ കളക്ടര്‍ക്കതിരെ എം കെ രാഘവന്‍ മുഖ്യമന്ത്രിക്കും ചീഫ്‌ സക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക