Image

കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി

പി.പി.ചെറിയാന്‍ Published on 16 February, 2017
കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി
ഡിട്രോയ്റ്റ്: മിഷിഗണ്‍ കൗണ്ടിയില്‍ പബ്ലിക്ക് മീറ്റിംഗിന് മുമ്പു നടത്തുന്ന ക്രിസ്തീയ പ്രാര്‍ത്ഥന ഭരണഘടന വിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു.

പൊതുയോഗങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നത് നിയമവിധേയമാണെങ്കിലും, കൗണ്ടി കമ്മീഷ്ണറുടെ ഭാഗത്തുനിന്നും പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് ഫെബ്രുവരി 15 ബുധനാഴ്ച ഫെഡറല്‍ കോടതിയിലെ രണ്ടു ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ ഒരു ജഡ്ജി വിയോജിപ്പു രേഖപ്പെടുത്തി.

പരിസ്ഥിതി വിഷയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് മിഷിഗണ്‍ കൗണ്ടി കമ്മീഷ്ണര്‍ 2013ല്‍ വിളിച്ചു ചേര്‍ത്ത യോഗം ആരംഭിക്കുന്നതിന് മുമ്പാണ് പ്രാര്‍ത്ഥന നടത്തണമെന്ന് കമ്മീഷ്ണര്‍ ആവശ്യപ്പെട്ടത്. യോഗത്തില്‍ പങ്കെടുത്തിരുന്ന പീറ്റര്‍ ബോര്‍മത്ത് കമ്മീഷ്ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തു.

ജാക്‌സണ്‍ കൗണ്ടിയുടെ ഈ തീരുമാനത്തെ പീറ്റര്‍ ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്തു. വ്യത്യസ്ഥ മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പങ്കെടുക്കുന്ന പൊത യോഗത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന മാത്രം നടത്തുന്നത് അനുചിതമാണെന്ന് പീറ്റര്‍ വാദിച്ചു. ഇതിനെ തുടര്‍ന്നാണ് ഫെഡറല്‍ അപ്പീല്‍ കോടതിയുടെ വിധി ഉണ്ടായത്.

വിധിയെ കുറിച്ചു ബോര്‍ഡ് ചെയര്‍മാന്‍ അഭിപ്രായം പറയുന്നതിന് വിസമ്മതിച്ചു.

കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക