Image

പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്ന പത്തനംതിട്ട ജില്ല എയര്‍പോര്‍ട്ട്‌

എ.എസ് ശ്രീകുമാര്‍ Published on 16 February, 2017
പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്ന പത്തനംതിട്ട ജില്ല എയര്‍പോര്‍ട്ട്‌
പത്തനംതിട്ടയുടെയും സമീപ ജില്ലക്കാരുടെയും വിമാനത്താവള സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും അനിശ്ചിതകാല സമര കോലാഹലങ്ങള്‍ക്കുമൊടുവില്‍ ആറന്‍മുള എയര്‍പോര്‍ട്ട് പദ്ധതി ചരമമടഞ്ഞതോടെ പത്തനംതിട്ട ജില്ലയില്‍ ഒരു എയര്‍പോര്‍ട്ട് വേണം എന്ന ആവശ്യത്തിന് ശക്തിയാര്‍ജിച്ചുവരികയായിരുന്നു. ജില്ലയില്‍ ഉറപ്പായും ഒരു വിമാനത്താവളം ഉണ്ടാവുമെന്ന് ഏതാനും നാള്‍ മുമ്പ് ഒരഭിമുഖ സംഭാഷണ വേളയില്‍ ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജ് ഇ മലയാളിയോട് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ശബരിമല തീര്‍ഥാടകര്‍ക്ക്കൂടി പ്രയോജനം ലഭിത്തക്ക വിധത്തില്‍ ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നതിനാല്‍ ആ സ്വപ്നം താമസിയാതെ പൂവണിയുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേക്ക് നിലവില്‍ റോഡുമാര്‍ഗം മാത്രമാണുള്ളത്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് വിമാനത്താവളം സഹായകരമാകുമെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. അതുപോലെ തന്നെയാണ് വിദേശ മലയാളികളുടെ കാര്യവും.

അതേസമയം, സര്‍ക്കാര്‍ അംഗീകരം നല്‍കിയെങ്കിലും വിമാനത്താവളം പൂര്‍ത്തിയാക്കുന്നതുസംബന്ധിച്ച് നിരവധി വെല്ലുവിളികളും കടമ്പകളുമുണ്ട്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തില്‍ നാമിതു കണ്ടതാണ്. 1990കളുടെ തുടക്കകാലത്ത് നിലവിലുണ്ടായിരുന്ന നേവിയുടെ കൊച്ചി എയര്‍പോര്‍ട്ട്  വികസനത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍  പങ്കെടുക്കാന്‍ ഡല്‍ഹിക്ക് പോയ അന്നത്തെ എറണാകുളം കളക്ടര്‍ വി.ജെ കുര്യനാണ്, സ്ഥലം മാറ്റി, ഒരുപാട് എതിര്‍പ്പുകളെ അതിജീവിച്ച് നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ പൂര്‍ത്തീകരണത്തിന് ഇഛാശക്തിയോടെ നേതൃത്വം നല്‍കിയത്. ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണിത്. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവമെന്ന പ്രത്യേകതയുമുണ്ട്. 1999 മേയ് 25നാണ് പ്രവര്‍ത്തനമാരംഭിച്ചത്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏഴാമതും അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാമതുമാണ് ഈ  വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലേയ്ക്ക് ടേക്ക്ഓഫ് ചെയ്തുകഴിഞ്ഞു. 

നെടുമ്പാശേരി മോഡലില്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള എയര്‍പോര്‍ട്ടായിരിക്കും പത്തനംതിട്ടയില്‍ വരാന്‍ സാധ്യതയുള്ളതെന്ന് രാജു എബ്രഹാം എം.എല്‍.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പരിഗണിക്കുന്നത്. എന്നാല്‍ വിമാനത്താവളം എവിടെ നിര്‍മ്മിക്കണം എന്നതുസംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ എഞ്ചിനീയറിങ് സ്ഥാപനമായ എയ്‌കോം നടത്തിയ പഠനത്തില്‍ ചെറുവള്ളി, ളാഹ, കുമ്പഴ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടത്തെിയിരുന്നു. സാധ്യത പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. സര്‍ക്കാര്‍-സ്വകാര്യ മോഡലില്‍ ഏത് രീതിയിലുള്ള വിമാനത്താവളമാണ് നിര്‍മിക്കേണ്ടതെന്ന തീരുമാനിത്തകന്നത് കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയമാണ്.

ബിഷപ്പ് കെ.പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരുമായുള്ള കേസില്‍പ്പെട്ട് കിടക്കുകയാണ്. ബിലീവേഴ്‌സ് ചര്‍ച്ച് ചെറുവളളി എസ്റ്റേറ്റ് വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ എസ്റ്റേറ്റ് ഏറ്റെടുത്ത ശേഷമേ പദ്ധതിക്ക് തുടക്കമിടാവൂ എന്ന പൊതു അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞവയാണ് ളാഹ, കുമ്പഴ എസ്റ്റേറ്റുകള്‍. കല്ലേരി, കുറ്റിക്കല്‍ എസ്റ്റേറ്റുകളിലും സാധ്യതാ പഠനം നടക്കുകയുണ്ടായി. നിലവില്‍ ചെറുവള്ളി എസ്റ്റേറ്റിനാണ് കൂടുതല്‍ പരിഗണന. ഇന്‍ഡോ ഹെരിറ്റേജ് ഇന്റര്‍നാഷണല്‍ ഏയ്‌റോ പോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ചെറുവള്ളിയില്‍ നടത്തിയ സാധ്യതാ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാറും ചെറുവള്ളി എസ്റ്റേറ്റ് അധികൃതരുമായുള്ള കേസുകള്‍ പരിഹരിക്കാനായാല്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അവിടമാണെന്നാണ് വിലയിരുത്തല്‍. 

യോജിച്ച സ്ഥലം സര്‍ക്കാര്‍ തെരഞ്ഞെടുത്താല്‍ രണ്ടാംഘട്ട സര്‍വേ ആരംഭിക്കും. ഏതായാലും ശബരിമല വിമാനത്താവളം സംബന്ധിച്ച പഠനത്തിനായി കെ.എസ്.ഐ.ഡി.സിയെ (കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലെപ്‌മെന്റ് കേര്‍പറേഷന്‍) ചുമതലപ്പെടുത്തിയിരിക്കുകയാണ്. മധ്യതിരുവിതാംകൂറിലെ ഈ നിര്‍ദിഷ്ട വിമാനത്താവളം, വിദേശ മലയാളികള്‍ ഒട്ടേറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒപ്പം ശബരിമല തീര്‍ത്ഥാടകര്‍ക്കും അനുഗ്രഹമാണ്.

പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്ന പത്തനംതിട്ട ജില്ല എയര്‍പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക