Image

പനീര്‍ശെല്‍വത്തിന്‌ തിരിച്ചടി; എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകും

Published on 16 February, 2017
പനീര്‍ശെല്‍വത്തിന്‌ തിരിച്ചടി; എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകും

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ്‌ എടപ്പാടി പളനി സ്വാമി ഇന്നു വൈകിട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ശശികലയുടെ വിശ്വസ്‌തനായ പളനി സ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെയാണ്‌ ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന്‌ വിരമാമാകുന്നത്‌.എന്നാല്‍ 15 ദിവസത്തിനകം പളനി സ്വാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിടുണ്ട്‌.

പാര്‍ട്ടി പ്രവര്‍ത്തകരാണ്‌ ആദ്യം ഇത്‌ സംബന്ധിച്ച വാര്‍ത്ത പുറത്ത്‌ വിട്ടത്‌. കൂവത്തൂരിലെ റിസോര്‍ട്ടില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്‌. സത്യപ്രതിജ്ഞ വൈകീട്ട്‌ നടക്കുമെന്നാണ്‌ അറിയുന്നത്‌.

എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്ന്‌ രാവിലെ രാജ്‌ഭവനിലേക്ക്‌ ക്ഷണിച്ചിരുന്നു. ഈ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ അണ്ണാ ഡിഎംകെ കണ്ടത്‌. അമ്മയുടെ വിജയം എന്നാണ്‌ നടപടിയെ പാര്‍ട്ടി വിശേഷിപ്പിച്ചത്‌.

എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്‌ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ്‌ അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നത്‌.

തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുന്നതിനിടെയായിരുന്നു പുതിയ നീക്കം.
പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട്‌ തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക