Image

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്‌ രാഷ്ട്രീയസംഘര്‍ഷത്തിലല്ല: ഹര്‍ത്താല്‍ നടത്തിയ ബി.ജെ.പി വെട്ടിലായി

Published on 16 February, 2017
യുവമോര്‍ച്ച പ്രവര്‍ത്തകന്‍  കൊല്ലപ്പെട്ടത്‌  രാഷ്ട്രീയസംഘര്‍ഷത്തിലല്ല: ഹര്‍ത്താല്‍ നടത്തിയ ബി.ജെ.പി വെട്ടിലായി

തൃശൂര്‍: കഴിഞ്ഞദിവസം തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ടത്‌ രാഷ്ട്രീയസംഘര്‍ഷത്തിലല്ലെന്ന്‌ പൊലീസ്‌. കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുമുണ്ടെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

മണ്ണൂത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്‌ നിര്‍മ്മല്‍ കുത്തേറ്റുമരിച്ചത്‌. സംഭവത്തിന്‌ പിന്നില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ സി.പി.എം കൗണ്‍സിലര്‍ സതീശ്‌ ചന്ദ്രന്‌ ബന്ധമുള്ളതായും സി.പി.എമ്മാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും ആരോപിച്ച്‌ ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു. ഈ ആരോപണമാണ്‌ ബി.ജെ.പി പ്രവര്‍ത്തകരുടെ അറസ്റ്റോടെ പൊലീസ്‌ തള്ളിയിരിക്കുന്നത്‌.

ഫെബ്രുവരി 12നാണ്‌ നിര്‍മ്മല്‍ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ചുപേരെ കഴിഞ്ഞദിവസം പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. മുക്കാട്ടുകര സ്വദേശികളായ പൂരത്തില്‍ വീട്ടില്‍ സിദ്ധുരാജ്‌, സഹോദരന്‍ സൂരജ്‌ രാജന്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പയ്യപ്പാട്ടില്‍ യേശുദാസന്‍, ഇലഞ്ഞിക്കുളം സ്വദേശി കുറ്റിക്കാട്ട്‌ പറമ്പില്‍ അരുണ്‍, നെല്ലങ്കര സ്വദേശി സച്ചിന്‍ ഹരിദാസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌.

ഇതില്‍ അരുണ്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പൂര്‍വ്വവിരോധമാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും പൊലീസ്‌ പറയുന്നു. കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സംഘങ്ങള്‍ തമ്മില്‍ മുന്‍പ്‌ തന്നെയുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ്‌ ഈ കൊലയെന്നാണ്‌ പൊലീസിന്റെ വിലയിരുത്തല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക