Image

എടപ്പാടി പളനിസ്വാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 16 February, 2017
എടപ്പാടി പളനിസ്വാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു


ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്‌തു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവാണ്‌ സത്യപ്രതിജ്ഞ ചെല്ലിക്കൊടുത്തത്‌. 

മുഖ്യമന്ത്രിക്കൊപ്പം 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.


മുഖ്യമന്ത്രിക്കു ശേഷം എട്ട്‌ മന്ത്രിമാരെ ഒരുമിച്ച്‌ സത്യപ്രതിജ്ഞ ചെയ്യാനാണ്‌ രാജ്‌ഭവന്‍ ക്ഷണിച്ചത്‌. ജയലളിത മന്ത്രിസഭാ കാലത്ത്‌ തുടങ്ങിയ നടപടിയാണ്‌ മന്ത്രിമാര്‍ ഒരുമിച്ച്‌ സത്യപ്രതിജ്ഞ ചെയ്യുക എന്നത്‌.

15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം എന്നാണ്‌ ഗവര്‍ണര്‍ എ.ഐ.എ.ഡി.എം.കെ നേതാവ്‌ പളനിസ്വാമിയോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. 

ജയലളിത മന്ത്രിസഭയില്‍ പനീര്‍ശെല്‍വത്തിനു പിന്നില്‍ മുന്നാമനായിരുന്ന പളനിസ്വാമിക്ക്‌ ശെല്‍വം വിമത ശബ്ദമുയര്‍ത്തി പുറത്ത്‌ പോയതാണ്‌ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴി തുറന്നത്‌.


ജയലളിതയുടെ മരണത്തിനുശേഷം നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക്‌ അവസാനമായാണ്‌ പളനിസ്വാമിയുടെ സത്യപ്രതിജ്ഞയെ കാണുന്നതെങ്കിലും ഭൂരിപക്ഷം തെളിയിക്കുക എന്ന വലിയൊരു കടമ്പ പളനിസ്വാമിക്കും പാര്‍ട്ടിക്കും മറികടക്കാനുണ്ട്‌. 

കൂവത്തുരിലെ റിസോര്‍ട്ടില്‍ നിന്ന്‌ മുഴുവന്‍ എം.എല്‍.എമാരും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല എന്നതും ശ്രദ്ധയോടെയാണ്‌ തമിഴ്‌ രാഷ്ട്രീയം നോക്കികാണുന്നത്‌.

എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്‌ഭവനിലെത്തി മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. 

124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. ഇതിനു ശേഷമായിരുന്നു ഗവര്‍ണര്‍ പളനിസ്വാമിയെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ക്ഷണിച്ചിരുന്നത്‌.

സേലം എടപ്പാടി താലൂക്ക്‌ നെടുമംഗലം ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഈ അറുപത്തിരണ്ടു വയസുകാരന്‍ 1980ലാണ്‌ എഐഎഡിഎംകെയില്‍ സജീവമായത്‌.

 1987ല്‍ എംജിആറിന്റെ മരണത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി പിളര്‍ന്നപ്പോള്‍, ജയയ്‌ക്കൊപ്പം ഉറച്ചുനിന്നു.

1989ലെ തെരഞ്ഞെടുപ്പില്‍ റൂറല്‍ എടപ്പാടിയില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ സീറ്റ്‌ നിലനിര്‍ത്തി. 2006ല്‍ മത്സരിച്ചെങ്കിലും തോറ്റു. 

2011ല്‍ ജയിച്ചെത്തിയ ഇദ്ദേഹത്തെ സംസ്ഥാന ഹൈവേ, ചെറുകിട തുറമുഖ വകുപ്പ്‌ മന്ത്രിയാക്കി. ഇതോടെ, ജയയുടെ വിശ്വസ്‌തരുടെ പട്ടികയിലേക്കു നടന്നു കയറി ഇദ്ദേഹം.

ഇത്തവണ 42,022 വോട്ടിന്റെ ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയ ഇദ്ദേഹത്തിന്‌ പൊതുമരാമത്ത്‌ വകുപ്പാണ്‌ ജയലളിത നല്‍കിയത്‌. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക