Image

ഭയവും പ്രണയവും നിറഞ്ഞ എസ്ര

ആശ പണിക്കര്‍ Published on 16 February, 2017
ഭയവും പ്രണയവും നിറഞ്ഞ എസ്ര
നിഗൂഡതകള്‍ നിറഞ്ഞ ഭയം. പൃഥ്വിരാജ് നായകനായ എസ്രയെ അങ്ങനെ വിശേഷിപ്പിക്കാം.പ്രേക്ഷകനെ ഭയപ്പെടുത്തുമ്പോള്‍ തന്നെ ശക്തമായ ഒരു കഥയും തിരക്കഥയും കൂടി ഈ സിനിമയ്ക്ക് അവകാശപ്പെടാനാകും എന്നതാണ് അതിന്റെ സവിശേഷത.

ചിത്രീകരണ സമയത്തു തന്നെ സിനിമയുടെ സെറ്റില്‍ അരങ്ങേറിയ അസ്വാഭാവിക സംഭവങ്ങള്‍ കൊണ്ട് ശ്രദ്ധ നേടാന്‍ എസ്രയ്ക്ക് കഴിഞ്ഞിരുന്നു. പലപ്പോഴും ചിത്രീകരണം മുടങ്ങുമെന്ന ഘട്ടത്തില്‍ വരെയെത്തിയ സിനിമ പിന്നീട് പള്ളിയിലെ പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിച്ച ശേഷമാണ് പൂര്‍ണമാക്കാന്‍ സാധിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

പഴയകാല ജൂതന്‍മാരുടെ ആചാരരീതികള്‍. അത് മലയാള പ്രേക്ഷകന് ബോറടിക്കാത്ത വിധം പറഞ്ഞുകൊണ്ടാണ് എസ്ര ആരംഭിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ഡിബുക്ക് ബോക്‌സ് എന്നൊര ആവാഹനപെട്ടിയാണ്. ശരീരത്തില്‍ നിന്നും പുറത്തുകടക്കുന്ന ജൂതാത്മാവിനെ ആവാഹിച്ച് ഇരുത്തുന്നത് ഡിബുക്ക് ബോക്‌സിലാണ്. ഈ ഡിബുക്ക് ബോക്‌സ് തുറക്കുമ്പോള്‍ ഇതിലെ ആത്മാവ് മറ്റൊരു ജീവനുളള ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ ചിത്രത്തില്‍ ഡിബുക്കിനുളളിലുള്ളത് എബ്രഹാം എസ്ര എന്ന ആത്മാവാണ്. ലോകത്തോടു മുഴുവന്‍ പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുന്ന ആത്മാവ്. മനുഷ്യവംശത്തിന്റെ തന്നെ നാശം ലക്ഷ്യമാക്കിയാണ് എസ്ര വരുന്നത്.

ചിത്രം അവതരിപ്പിക്കുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും ഹൊറര്‍ സിനിമകള്‍ക്ക്. കാരണം പ്രേക്ഷകനെ ഭയപ്പെടുത്തുക എന്ന വലിയതോതിലുള്ള ഉത്തരവാദിത്വം ഈ ശ്രേണിയില്‍ പെട്ട ചിത്രങ്ങള്‍ക്കുണ്ട്. എസ്രയില്‍ ആ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതോടൊപ്പം ശക്തമായ കഥയും തിരക്കഥയും കൂടി സംവിധായകന്‍ പ്രേക്ഷകനു നല്‍കുന്നു.

പേടിപ്പിച്ചുകൊണ്ടു തന്നെയാണ് ചിത്രം ആരംഭിക്കുന്നത്. കഥയുടെ പശ്ചാത്തലം വിവരിക്കുന്നത് അല്‍പം നീണ്ടുപോകുന്നുണ്ടെങ്കിലും അത് പ്രേക്ഷകനെ അത്ര ബോറടിപ്പിക്കുന്നില്ല. ഭയം ഒരു ലഹരിയായി പതുക്കെ പ്രേക്ഷകരിലേക്ക് പടരുകയാണ്. ഭയത്തിന്റെ ഉറവിടം തേടി ചിത്രത്തിലെ നായകനായ രഞ്ജന്‍ തന്റെ യാത്ര ആരംഭിക്കുന്നതോടെ കഥയുടെ മൂഡു മാറുന്നു. രണ്ടാം പകുതി വളരെയേറെ നിഗുഡതകള്‍ നിറഞ്ഞതാണ്. ഒരിക്കലും പ്രേക്ഷകന് മുന്‍കൂട്ടി കാണാന്‍ കഴിയാത്ത വിധത്തിലുള്ള കഥാസഞ്ചാരം തികച്ചും രസകരമാണ്.

ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ രഞ്ജന്‍ ജോലിയുടെ ഭാഗമായിട്ടാണ് കൊച്ചിയില്‍ എത്തുന്നത്. ഇവിടെ താമസം തുടങ്ങുന്നതോടെ രഞ്ജനും ഭാര്യ പ്രിയക്കും ഡിബുക്ക് ബോക്‌സുമായി ബന്ധപ്പെടേണ്ടി വരുന്നു. എസ്രയാരാണ് എന്നു പറയുകയാണ് സിനിമ. ആ കഥയാണ് ശരിക്കും സിനിമയുടെ കാതല്‍. രണ്ടാം പകുതിയില്‍ സിനിമ വേഗം കൈവരിക്കുന്നു. ഒരു നിമിഷം പോലും പ്രേക്ഷകന് സിനിമയില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുന്നില്ല. ഭയത്തോടൊപ്പം നല്ല പ്രണയവും കൂടി ചേരുന്നതാണ് എസ്ര എന്നതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് എസ്ര ബോറടിപ്പിക്കില്ല എന്നതു സംശയമാണ്.

സാങ്കേതികവും സാമ്പത്തികവുമായ പരിമിതികള്‍ക്കുള്ളില്‍ നിന്നും എസ്ര പോലുള്ള മികച്ച ഹൊറര്‍ ത്രില്ലര്‍ സിനിമകളെടുക്കാന്‍ കഴിവുള്ള സംവിധായകര്‍ മലയാളത്തില്‍ ഉണ്ടാകുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ജെയ്ക്. കെ സിനിമയിലൂടനീളം കലാപരമായ കഴിവ് ഉപയോഗിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഫ്‌ളാഷ്ബാക്ക് രംഗങ്ങളും അതിമനോഹരമായി എടുത്തിട്ടുണ്ട്.

രഞ്ജനായി എത്തിയ പൃഥ്വിരാജ് മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. ഭനായിക പ്രിയ ആനന്ദും തന്റെ വേഷം മികച്ചതാക്കി. ടൊവിനോ തോമസ്, വിജയരാഘവന്‍, സുജിത് ശങ്കര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോാട് പരമാവധി നീതി പുലര്‍ത്തി.

സിനിമയിലെ എല്ലാ ഫ്രെയിമുകള്‍ക്കും ഒരേ കളര്‍ ടോണ്‍ തന്നെ നല്‍കിയെങ്കിലും ക്യാമറയിലെ കരവിരുത് കൊണ്ട് ഓരോ ഫ്രെയിമും അതിമനോഹരമാക്കാന്‍ ക്യാമറാമാന്‍ സുജിത് വസുദേവിനു കഴിഞ്ഞു. ഹൊറര്‍ സിനിമയിലെ സീനുകള്‍ ഭയപ്പെടുത്തുന്ന വിധം ചിത്രീകരിക്കുന്നതില്‍ ഒരു ക്യാമറാമാന്‍ പുലര്‍ത്തേണ്ട മികവ് സുജിത് കാഴ്ചവച്ചിട്ടുണ്ട്. എഡിറ്റിംഗില്‍ അല്‍പം കൂടി ശ്രദ്ധിച്ച് സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാമായിരുന്നു. ബോളിവുഡ് ഹൊറര്‍ ത്രില്ലര്‍ സിനിമകളോടു താരതമ്യം ചെയ്ത് എസ്ര കാണന്‍ പോകരുത്. എന്നാല്‍ മലയാളത്തിലും ഈ ശ്രേണിയില്‍ പെട്ട നിലവാരമുള്ള സിനിമകള്‍ ഉണ്ടാകും എന്ന് എസ്ര കാണുമ്പോള്‍ നമുക്ക് ബോധ്യമാവുകയും ചെയ്യും.
ഭയവും പ്രണയവും നിറഞ്ഞ എസ്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക