കാന്‍ബറ: കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍ മരിച്ച മലയാളി മനോജ് പി. കളീക്കലിന് കാന്‍ബറയിലെ മലയാളി സമൂഹം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അര്‍പ്പിക്കാനുമായി ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.
ഫെബ്രുവരി എട്ടിന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു നാല്പതുകാരനായ മനോജ് മരിച്ചത്. ദീര്‍ഘകാലം സിംഗപ്പൂരില്‍ എമിരേറ്റ്‌സില്‍ ജോലി ചെയ്തതിനുശേഷം ഒരു വര്‍ഷം മുന്പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇവിടെ ടാക്‌സി സര്‍വീസ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോട്ടയം കഞ്ഞിക്കുഴി കളീക്കല്‍ പോളിന്റെ മകനാണ് മനോജ്. ഭാര്യ ബിന്ദു കാന്‍ബറ ഹോസ്പിറ്റലിലെ നഴ്‌സും വയനാട് പുല്‍പ്പള്ളി മണിമല കുടുംബാംഗവുമാണ്.
ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയുടെ നേതൃത്വത്തില്‍ പൊതുദര്‍ശനവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടന്നു. ഓകോന്നെര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടന്ന പൊതുദര്‍ശനത്തില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. വിശുദ്ധ കുര്‍ബാനക്കും ഒപ്പീസിനും വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ടോമി പാട്ടുമാക്കിയില്‍, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ബൈജു തോമസ്, ഫാ. പ്രവീണ്‍ അരഞ്ഞാണിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
18ന് (ശനി) പുലര്‍ച്ചെ നെടുന്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങള്‍. സംസ്‌കാരം ഞായര്‍ രാവിലെ പത്തിന് മനോജിന്റെ മാതൃ ഇടവകയായ കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ (കലക്ടറേറ്റ് ജംഗ്ഷന്‍, കോട്ടയം) നടക്കും. കാന്‍ബറ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു പ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. പരേതന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, കാന്‍ബറ രൂപത ബിഷപ് ക്രിസ്റ്റഫര്‍ പ്രൗസ്, വികാരി ജനറാള്‍ ഫാ. ടോണി പേര്‍സി എന്നിവരും വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചിച്ചു.
റിപ്പോര്‍ട്ട്: ജോമി പുലവേലില്‍