Image

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: മാര്‍ക്കോ റൂബിയോക്ക് പിന്തുണ; മുസ്‌ലീം വിദ്യാര്‍ഥികളുടെ വൈബ്‌സൈറ്റ് നിരീക്ഷണം; ന്യായീകരണവുമായി ബ്ലൂംബെര്‍ഗ്

Published on 22 February, 2012
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: മാര്‍ക്കോ റൂബിയോക്ക് പിന്തുണ; മുസ്‌ലീം വിദ്യാര്‍ഥികളുടെ വൈബ്‌സൈറ്റ് നിരീക്ഷണം; ന്യായീകരണവുമായി ബ്ലൂംബെര്‍ഗ്
ട്രെന്‍ന്റണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ഭൂരിഭാഗം രജിസ്റ്റേര്‍ഡ് വോട്ടര്‍മാരും പിന്തുണയ്ക്കുന്നത് ഫ്‌ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോയെന്ന് സര്‍വെ.ഫെയര്‍ലൈ ഡികിന്‍സണ്‍ സര്‍വകലാശാല നടത്തിയ സര്‍വെ അനുസരിച്ച് മാര്‍കോ റൂബിയോയെയാണ് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത്. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ള പെന്‍സില്‍വാനിയ സെനറ്റര്‍ റിക് സാന്റോറമാണ് അഭിപ്രായ സര്‍വെയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഏറെ പ്രതീക്ഷയുണര്‍ത്തിയ ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ശ്രദ്ധേയമായി. എന്നാല്‍ മൂന്നുപേരും ഓരോ പോയിന്റ് വ്യത്യാസത്തില്‍ മാത്രമാണ് ലീഡ് നേടിയിരിക്കുന്നത്. സാറാ പാലിന്‍ നാലാമതും ന്യൂട്ട് ഗിന്‍ഗ്രിച്ച് അഞ്ചാം സ്ഥാനത്തുമെത്തി. ഫെബ്രുവരി ആറു മുതല്‍ 12 വരെ രാജ്യത്തെ 799 രജിസ്റ്റേര്‍ഡ് വോട്ടര്‍മാരെ ടെലിഫോണില്‍ വിളിച്ചാണ്‌ അഭിപ്രായമാരാഞ്ഞത്.

മുസ്‌ലീം വിദ്യാര്‍ഥികളുടെ വൈബ്‌സൈറ്റ് നിരീക്ഷണം; ന്യായീകരണവുമായി ബ്ലൂംബെര്‍ഗ്

ന്യൂയോര്‍ക്ക്: മുസ്‌ലീം വിദ്യാര്‍ഥികളുടെ വൈബ്‌സൈറ്റുകള്‍ നിരീക്ഷിക്കാനുള്ള ന്യൂയോര്‍ക്ക് പോലീസിന്റെ നടപടിയെ ന്യായീകരിച്ച് ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് രംഗത്തെത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാനുള്ളതാണ് പോലീസിന്റെ നടപടിയെന്ന് ബ്ലൂംബെര്‍ഗ് പറഞ്ഞു. സംശയം തോന്നുന്നു വെബ്‌സൈറ്റകള്‍ പോലീസ് പരിശോധിക്കുമെന്നും അതിനാണ് അവരെ നിയോഗിച്ചിരിക്കുന്നതെന്നും ജനങ്ങളും അതു തന്നെയാണ് പോലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ബ്ലൂംബെര്‍ഗ് വ്യക്തമാക്കി. യുഎസിലെ 16 പ്രമുഖ സര്‍വകലാശാലയിലെ മുസ്‌ലീം വിദ്യാര്‍ഥികളുടെ വെബ്‌സൈറ്റ്, ബ്ലോഗ്, ഫോറം എന്നിവ 2006 മുതലാണ് നിരീക്ഷിക്കാന്‍ തുടങ്ങിയത്.

യുഎസില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു മരണം

വാഷിംഗ്ടണ്‍: യുഎസിലെ ടെക്‌സാസില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. അല്‍ബേനി നഗരത്തില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയാണ് അപകടം. ടെക്‌സാസില്‍ നിന്നു ഒക്‌ലഹോമയിലേയ്ക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പൈലറ്റും യാത്രക്കാരനുമാണ് മരിച്ചതെന്ന് യുഎസ് വ്യോമയാന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ അല്‍ബേനിയ്ക്കു സമീപംവച്ച് വിമാനം റഡാറില്‍ നിന്നു അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടെത്തിയത്.

പെയ്‌ലിന്റെ അബദ്ധ പഞ്ചാംഗങ്ങളുമായി സിനിമ വരുന്നു

ന്യൂയോര്‍ക്ക്: യുഎസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തു നിറഞ്ഞുനിന്ന നാളുകളില്‍ സാറാ പെയ്‌ലിനു പറ്റിയ അബദ്ധങ്ങള്‍ പുറത്തുവരുന്നു. അബദ്ധങ്ങളുടെ പട്ടികയുമായി ചിത്രം തന്നെ നിര്‍മിക്കുകയാണ്. ഗ്ലാമര്‍ കൊണ്ടു ശ്രദ്ധ പിടിച്ചുപറ്റിയ പെയ്‌ലിന്റെ അന്നത്തെ രാഷ്ട്രീയ ഉയര്‍ച്ചയാണു ചിത്രത്തിന്റെ പൊതുവായ വിഷയം. വിദേശകാര്യ വിഷയങ്ങളില്‍ വളരെ പിന്നാക്കമായ പെയ്‌ലിനു പറ്റിയ ഒരു അബദ്ധ കഥ ഇങ്ങനെ: പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ മെക്കെയ്‌ന്റെ ഉപദേശകന്‍ സ്റ്റീവ് ഷ്മിഡ്റ്റിന്റെ ചോദ്യം: ഇറാഖ് യുദ്ധത്തില്‍ ബ്രിട്ടന്റെ പ്രതിബദ്ധതയില്‍ മാറ്റമുണ്ടായാല്‍ താങ്കള്‍ എന്തുചെയ്യും? പെയ്‌ലിന്റെ മറുപടി: രാജ്ഞിയുമായുള്ള തുറന്ന ചര്‍ച്ച തുടരും.

പെയ്‌ലിന്റെ അബദ്ധത്തിന് ഉപദേശകന്റെ തിരുത്ത്: തീരുമാനങ്ങളുടെ ഉത്തരവാദിത്തം രാജ്ഞിക്കല്ല, പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിനാണ് (അന്നു ഗോര്‍ഡന്‍ ബ്രൗണ്‍ ആയിരുന്നു പ്രധാനമന്ത്രി).ഇങ്ങനെ തുടരുന്ന മണ്ടത്തരങ്ങളുടെ പട്ടിക. ഏതായാലും ചിത്രത്തോടു പെയ്‌ലിന്‍ സഹകരിക്കുന്നില്ല. കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇതെന്നു പെയ്‌ലിന്റെ വക്താവ് പറഞ്ഞു.

മൊണാക്കോ രാജകുമാരനു നിശാ ക്ലബ്ബില്‍ ഉഗ്രന്‍ ഇടി

ന്യൂയോര്‍ക്ക്: മൊണാക്കോ രാജകുമാരന്‍ പിയറെ കാസിരാഗിക്കു ന്യൂയോര്‍ക്കിലെ നൈറ്റ് ക്ലബ് അടിപിടിയില്‍ മുഖത്തു തുരതുരെ ഉഗ്രന്‍ ഇടി. മുന്‍ ഹോളിവുഡ് നടി ഗ്രേസ് കെല്ലിയുടെ കൊച്ചുമകനാണു കാസിരാഗി(24). ഇടികൊണ്ട് അവശനായ കാസിരാഗ ഉടന്‍ ആശുപത്രിയിലാക്കി. മുന്‍ റസ്റ്ററന്റ് ഉടമ ആഡം ഹോക്കു(47)മായി ഉണ്ടായ അടിപിടിയില്‍ ഗ്രീക്ക് ഷിപ്പിങ് ഉടമയും പാരിസ് ഹില്‍ട്ടന്റെ മുന്‍ ബോയ്ഫ്രണ്ടുമായ സ്റ്റാവ്‌റോസ് നിയാര്‍ക്കോസിനും മര്‍ദനമേറ്റു. നാലുപേര്‍ കസ്റ്റമര്‍മാരെ ശല്യപ്പെടുത്തിയപ്പോള്‍ ഇടപെട്ടതാണെന്നാണു ഹോക്കിന്റെ വാദം. ഹോക്കിനെതിരെ കേസുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക