Image

വരള്‍ച്ചയുടെ വക്കില്‍ കേരളം ...(അനില്‍ പെണ്ണുക്കര)

Published on 16 February, 2017
വരള്‍ച്ചയുടെ വക്കില്‍ കേരളം ...(അനില്‍ പെണ്ണുക്കര)
കേരളത്തിന് ജലം ഇനി കിട്ടാക്കനി .സംസ്ഥാനത്തെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ചയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനുവരിയില്‍ ലഭിക്കേണ്ട മഴയില്‍ 99 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പേര്‍ട്ടുകള്‍. 15 ദിവസത്തിനിടെ ഒരു മഴപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് വന്‍വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന നിഗമനത്തിന് കാരണം.കേരളത്തില്‍ ജനുവരിയില്‍ ഇതുവരെ ലഭിച്ചത് ഒരു ശതമാനം മാത്രം മഴയാണെന്നും ഈ സ്ഥിതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കൊടുവരള്‍ച്ചയാകും വരാനിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.കേരളത്തിന്റെ ജല സ്‌ത്രോതസ്സായ ഭാരതപ്പുഴയുടെ ഇപ്പോളത്തെ അവസ്ഥ മണല്‍ മാഫിയയെ കൊതിപ്പിക്കുന്ന തരത്തിലാണ് .വര്‍ഷം മുഴുവന്‍ വെള്ളം കെട്ടിനില്‍ക്കുന്ന ചാലിയാറിനെയും പെരിയാറിനെയും അപേക്ഷിച്ചു സ്വാഭാവികമായ ജലക്ഷമതയുള്ള നദിയാണു പഴയകാലങ്ങളിലെ ഭാരതപ്പുഴ.ചില വര്‍ഷങ്ങളില്‍ മഴ കുറഞ്ഞാലും നദിയുടെ ഉള്‍ത്തടങ്ങളിലെ ഉറവകളും വെള്ളക്കെട്ടുകളും മൂലം ജലലഭ്യതയുണ്ടാവുകയെന്നതാണു ജലക്ഷമത എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഭാരതപ്പുഴയുടെ ജലസംഭരണശേഷി ഏതാണ്ടു നഷ്ടപ്പെട്ടിരിക്കുന്നു. ഭാരതപ്പുഴയെ ആശ്രയിച്ചു നിലനിന്നിരുന്ന പാലക്കാട്, മലപ്പുറം ജില്ലകളിലെ ജലവിതരണപദ്ധതികള്‍ പലതും നിശ്ചലമായിക്കഴിഞ്ഞു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ നഗരസഭകളില്‍ ഇതിന്റെ കെടുതി കാണാന്‍ തുടങ്ങി.തുലാവര്‍ഷത്തില്‍ 62 ശതമാനത്തിന്റെയും ഇടവപ്പാതിയില്‍ 34 ശതമാനത്തിന്റെയും കുറവാണ്
രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെയാണ് ഓരോ മാസവും ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞു കൊണ്ടിരിക്കുന്നത്.ഇന്നു കാണുന്ന ഭാരതപ്പുഴ വറ്റിവരണ്ട മണല്‍പരപ്പു മാത്രമാണ്.

കേരളത്തില്‍ പല നദികളും ഇന്ന് ഇതേയവസ്ഥയിലാണ്. ഇരുപതുവര്‍ഷം മുന്‍പുവരെ തുലാംമാസത്തിന്റെ അവസാനത്തില്‍ ഭാരതപ്പുഴയില്‍ ഭേദപ്പെട്ട നിലയില്‍ നീരൊഴുക്കുണ്ടായിരുന്നു. പുഴയുടെ വിസ്തൃതിയില്‍ പകുതിഭാഗം വരെ വെള്ളം ഒഴുകിക്കൊണ്ടിരുന്നു. രണ്ടുപതിറ്റാണ്ടിനിടയില്‍ വര്‍ധിച്ചുവന്ന കൈയേറ്റങ്ങളും മണലെടുപ്പുമൊക്കെ ഭാരതപ്പുഴയുടെ ജലക്ഷമതയില്‍ വലിയ കോട്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. മഴക്കാലത്തു ഭേദപ്പെട്ട മഴ ലഭിച്ചാല്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയും ഏതാനും നാളുകള്‍ക്കകം ജലസമൃദ്ധി അപ്രത്യക്ഷമാവുകയും ചെയ്യുന്നു.ജലത്തിന്റെയും മഴയുടെയും കാര്യത്തില്‍ ചാക്രിക പരിചരണ വ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നു.

പക്ഷെ കേരളത്തിന്റെ ജലപരിസ്ഥിതി തന്നെ ഇന്ന് മാറിമറിഞ്ഞു കഴിഞ്ഞിരിക്കുന്നു .വീടിനു ചുറ്റുമായി പച്ചപ്പിന്റെ മണ്ഡലമാണു വീട്ടുപറമ്പ്. വര്‍ധിച്ചുവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പച്ചപ്പിനെയാകെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. 2007 നും 17നുമിടയില്‍ കേരളത്തിലെ വയലുകള്‍ പത്തിലൊന്നായി കുറഞ്ഞു. കൃഷിചെയ്യാന്‍ പറ്റുന്ന വയലുകള്‍ വെള്ളം കിട്ടാതെ വെറുതേയിട്ടിരിക്കുകയാണ്. കൊടുംവേനലിലും പാടത്തിന്റെ നടുക്ക് ആഴമുള്ള കുഴിയെടുത്താല്‍ ആവശ്യത്തിനു വെള്ളം
കിട്ടിയിരുന്നു. പാടങ്ങളിലും പള്ളിയാലുകളിലെയും കിണറുകളിലും ജലസമൃദ്ധി നിലനിന്നു. മഴവെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന ചതുപ്പുകളും ഒഴിവിടങ്ങളുമുണ്ടായിരുന്നു.

കേരളം പതുക്കെ മരുഭൂമിയാകുന്നതിന്റെ സൂചനതന്നെയാണു മഴയുടെ പിന്മാറ്റവും കാലം തെറ്റിയ കാറ്റുകളും മൂടല്‍മഞ്ഞും പൊടിപടലങ്ങളുമൊക്കെ. കേരളത്തിന്റെ ജലലഭ്യതയില്‍ പങ്കുവഹിച്ചിരുന്ന പല ഘടകങ്ങളുണ്ട്. പാടങ്ങള്‍, ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും, കുളങ്ങള്‍, കിണറുകള്‍, കൊക്കരണികള്‍, പാടങ്ങളുടെ ഓരം ചേര്‍ന്നൊഴുകിയിരുന്ന തോടുകള്‍, വെള്ളച്ചാലുകള്‍ ഇവയൊക്കെ അവയില്‍ ചിലതാണ്.

വേനലും വര്‍ഷവും തമ്മിലുള്ള വെള്ളത്തിന്റെ കൊടുക്കല്‍ വാങ്ങലുകളില്‍ മധ്യവര്‍ത്തികളായിരുന്നു പാടങ്ങളും കുളങ്ങളും കിണറുകളും ചതുപ്പുനിലങ്ങളുമൊക്കെ. ഇന്നു പ്രകൃതിയുടെ ജലസംഭരണികള്‍ക്കു വലിയ തോതില്‍ നാശം സംഭവിച്ചു. വീട്ടുകുളങ്ങളൊക്കെ മണ്ണിട്ടു നികത്തുകയാണ്. മഴയ്ക്കു പകരമായി മറ്റൊന്നുമില്ല. ഇനിയുള്ള കാലം മഴയുടെ അളവെത്രയായിരിക്കുമെന്നു പ്രവചിക്കാനാവില്ല. ഈ സ്ഥിതിയില്‍ വരുംകാലത്തെ വെള്ളപ്രശ്‌നത്തെക്കുറിച്ച് ഇപ്പോള്‍ ധാരണാരൂപീകരണം അസാധ്യമാണ്. കേരളം കൊടിയ ജലദാരിദ്ര്യത്തിലേക്കാണു പോകുന്നതെന്ന് ഉറപ്പ്. പാഴാക്കുന്ന ജലത്തെക്കുറിച്ചു ഖേദിക്കേണ്ട കാലമാണു വരാനിരിക്കുന്നത്.

കുപ്പിവെള്ളം പണം കൊടുത്തു വാങ്ങി ഭക്ഷണമുണ്ടാക്കേണ്ട കാലത്തേക്കുള്ള കേരളത്തിന്റെ കുതിപ്പിനെ തടഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് ജലസംഘര്‍ഷങ്ങളും കുടിനീര്‍ കലാപങ്ങളുമായിരിക്കും. മഴ പെയ്‌തോളും എന്നു കരുതിയുള്ള കാത്തിരിപ്പിന്റെ കാലം പൂര്‍ണമായും കേരളത്തില്‍ അവസാനിച്ചുകഴിഞ്ഞു.
വരള്‍ച്ചയുടെ വക്കില്‍ കേരളം ...(അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക