Image

വിവരാവകാശമില്ലാത്ത ഒരു'ലോ'അക്കാദമിക് കലഹം (എ.എസ് ശ്രീകുമാര്‍)

Published on 17 February, 2017
വിവരാവകാശമില്ലാത്ത ഒരു'ലോ'അക്കാദമിക് കലഹം (എ.എസ് ശ്രീകുമാര്‍)
മലയാള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ് യഥാക്രമം സി.പി.എമ്മും സി.പി.ഐയും. രണ്ട് അടുപ്പുകല്ല് പോലെയാണിവരെങ്കിലും കടുത്ത കുടുംബ കലഹത്തിലണ്. കാര്യം പരയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന ത്വത്തില്‍ വിശ്വസിക്കുന്ന സി.പി.ഐ കാനം രാജേന്ദ്രന്റെ സോഫ്റ്റ് നേതൃത്വത്തിലും വര്‍ഗ ശത്രുക്കളുടെ കൂമ്പിടിച്ചുവാട്ടുന്ന ഗര്‍വില്‍ സി.പി.എമ്മും ഒരേ മുന്നണിയിലും ഒരേ മന്ത്രിസഭയിലുമിരുന്ന് പരസ്പരം കടിച്ചുകീറി പോര്‍വിളി നടത്തുകയാണിപ്പോള്‍. ഈ കമ്മ്യൂണിസ്റ്റ് കലഹത്തിന് പുതുമയൊന്നുമില്ലെങ്കിലും ഇപ്പോഴതിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് ചൂരും ചൂടും കൈവന്നിരിക്കുന്നു. ലോ അക്കാദമി സമരം, മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിവയെ ചൊല്ലിയാണ് പരസ്പരമുള്ള പിച്ചലും മാന്തലും ഗോഗ്വാ വിളികളും കലശലായിരിക്കുന്നത്.

വിവരാവകാശത്തെക്കുറിച്ച് ചോദിച്ചാല്‍ ''വിവരമറിയും...'' എന്ന രീതിയിലാണ് ഇരട്ട ചങ്കുള്ള പിണറായിയുടെ പേടിപ്പിക്കല്‍...''ഇതുവരെ ഇതേക്കുറിച്ചൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ല. പറയാതിരിക്കുന്നത്, പറയാനുള്ള കഴിവ് നഷ്ടപ്പെട്ടുപോയി എന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. ഒന്നും അത്ര വേണ്ടല്ലോ എന്നതുകൊണ്ട് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ...'' ഇതാണ് പിണറായി വിജയന്റെ 'പറയാതെ'യുള്ള പറപറച്ചില്‍. മറയില്ലാതെ മറുചോരിയും തകര്‍ത്തു...''വിവരാവകാശത്തിന്റെ ചിറകരിയാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും. വിവരാവകാശ നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ പൗരന്‍മാര്‍ക്ക് അനുവദിച്ച് നല്‍കാന്‍ ശേഷിയുള്ള ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്...'' മുനവച്ച് കാനം രാജേന്ദ്രനും തിരിച്ചടിക്കുന്നു.

ഇതിനിടെ, ചേട്ടന്‍ ബാവയുടെയും അനിയന്‍ ബാവയുടെയും പിതൃത്വ പരിശോധനാ ഫലം ഒന്നുകൂടി പരിശോധിച്ചേക്കാം. കൃഷി ഭൂമി കര്‍ഷകന്, വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാല്‍ക്കരിക്കുക, പ്രായപൂര്‍ത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളില്‍, എട്ടു മണിക്കൂര്‍ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാര്‍ക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് 1935 മുതല്‍ ഇന്ത്യയില്‍ സി.പി.ഐ പണി തുടങ്ങി. എന്നാല്‍ സി.പി.ഐയില്‍ നിന്ന് ഉടക്കിമാറിയവരാണ് സി.പി.എം ഉണ്ടാക്കിയത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വസംഹിതകള്‍ നടപ്പിലാക്കി സോഷ്യലിസ്റ്റ് വ്യവസ്ഥിതി അടിസ്ഥാനമായുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കുക, നിലവിലുള്ള ബൂര്‍ഷ്വാ-ജന്മിവ്യവസ്ഥിതിക്കെതിരെ ഇടതു ജനാധിപത്യ മുന്നണിക്ക് രൂപം കൊടുക്കുക എന്ന തുടങ്ങിയവയാണ് ജ്യേഷ്ഠ സഖാക്കളുടെ നഷ്ട സ്വപ്നം.

ദോഷം പറയരുതല്ലോ, ഈ രണ്ട് കിടിലന്‍ ടീമുകളുടെയും വിപ്ലവം കേരള മണ്ണില്‍ വേരോടിയില്ലെന്ന് മാത്രമല്ല അണ്ടിയും മാങ്ങയും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം കൊണ്ട്പിടിച്ച് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. വിവരാവകാശ നിയമത്തെ ചൊല്ലിയാണല്ലോ ഇപ്പോഴത്തെ പുകില്. അതേകുറിച്ച് വിവരമുള്ളവര്‍ ഉണ്ടാക്കിവച്ചതിതാണ്...ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന 2005ലെ സുപ്രധാന നിയമമാണ് വിവരാവകാശനിയമം. 2005 ജൂണ്‍ 15ന് പാര്‍ലമെന്റ് പാസാക്കിയ നിയമം 2005 ഒക്ടോബര്‍ 12നാണ് പ്രാബല്യത്തില്‍ വന്നത് . ഈ നിയമത്തില്‍, വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഇന്ത്യന്‍ പൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍ സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിത തുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

പൊതു താല്പര്യങ്ങള്‍ക്കു ഹാനികരമാവാതെ, ഭരണകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും രഹസ്യ കാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏര്‍പ്പെടുത്തുക, ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക തുടങ്ങിയവയാണ് നിയമത്തിന്റെ ഉദ്ദേശ്യങ്ങള്‍. ജമ്മു-കശ്മീര്‍ സംസ്ഥാനമൊഴിച്ച് ഇന്ത്യയില്‍ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയില്‍ പെടും. എന്നാല്‍, കേന്ദ്ര രഹസ്യാന്വേഷണ സംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാ സ്ഥാപനങ്ങളെ ഈ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പോലീസും കോടതികളുമടക്കം മറ്റ് യാതൊരു സ്ഥാപനത്തേയും ഒഴിവാക്കിയിട്ടില്ല. മനസിലായല്ലോ. തികച്ചും വിപ്ലവകരവും ജനകീയവുമായാണ് നിയമം നടപ്പാക്കിയത്.

പക്ഷേ, അധികാരത്തിന്റെ മറവിലും ഇരുളിലും ഇന്ദ്രിയ-ഭൗതിക സുഖത്തല്‍ അര്‍മാദിക്കുന്നവര്‍ വിവരാവകാശ നിയമത്തിനു നേരേ കാര്‍ക്കിച്ചു തുപ്പി, ചീമുട്ടയെറിഞ്ഞു. 2005 ജൂണ്‍ 15ന് രാഷ്ട്രപതി ഈ നിയമത്തിന് അംഗീകാരം നല്‍കിയതോടെ ഇന്ത്യക്കാര്‍ക്കെല്ലാം അമൂല്യമായ ഒരു പൗരാവകാശം സ്വന്തമാകുകയായിരുന്നു. തലേ ദിവസം വരെ ജനപ്രതിനിധികള്‍ മാത്രം വച്ചഅനുഭവിച്ചിരുന്ന ഒരവകാശമാണ് ജനങ്ങളിലേയ്‌ക്കെത്തിയത്. ഭരണകൂടം സൂക്ഷിക്കുന്ന അറിവുകളില്‍ മഹാ ഭൂരിപക്ഷവും, ചോദിച്ച് 30 നാള്‍ക്കം പൗരന്റെ കൈയിലെത്തുന്ന മാന്ത്രിക നിയമത്തിന്റെ അത്ഭുത കാഴ്ചകളാണ് പൊതുജനം കാണാന്‍ തുടങ്ങിയത്.  ആ ഒരൊറ്റ കാര്യം കൊണ്ടുതന്നെ, ജനവിരുദ്ധര്‍ വിവരാവകാശ നിയമത്തെ കശാപ്പ് ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. വിവരാപേക്ഷ നല്‍കുന്നയാള്‍ ഇനിയൊരിക്കലും 'വിവരാവകാശം' എന്ന് മിണ്ടിപ്പോകരുതത്രേ...വിവരാപേക്ഷക്കാരോടുള്ള പക ഇത്രത്തോളം വളര്‍ന്നിരിക്കുന്നു. ഇവിടെയാണ് ഇതുസംബന്ധിച്ച സി.പി.എം-സി.പി.ഐ ചേരിതിരിവിന്റെ സത്യം വെളിപ്പെടേണ്ടത്.

''വിവരാവകാശ നിയമം സംരക്ഷിക്കാനുള്ള ബാധ്യത എല്ലാ സര്‍ക്കാരുകളെയും പോലെ എല്‍.ഡി.എഫിനുണ്ട്. ഇപ്പോഴത്തെ നിലപാട് ശരിയല്ല. നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെപ്പോലെ സംസാരിക്കുന്നതും അംഗീകരിക്കന്‍ കഴിയില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശത്തിന് വിടണം...'' പിണറായിക്കുള്ള പരോക്ഷ മറുപടിയെന്നോണം കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പക്ഷേ, പിണറായിക്ക് ചുട്ട മറുപടിയുണ്ട് കേട്ടോ...''തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്വമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ നയമല്ല ഈ സര്‍ക്കാരിനുള്ളത്. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്...'' പിണറായി പറഞ്ഞു. വിവരാവകാശത്തിന്റെ പേരില്‍ രണ്ടുപേരും കൂടി നാട്ടുകാരെ വിവരംകെട്ടവരാക്കരുതെന്നൊരപേക്ഷയുണ്ട്. 

ഇനിയല്‍പം എരിവും പുളിയുമുള്ള ലോ അക്കാദമി പാചകം. തമിഴ് നാട്ടില്‍ ശശികല അഴിയെണ്ണിക്കൊണ്ടിരിക്കുകയാണെങ്കിലും ലോ അക്കാദമിയുടെ എല്ലാമെല്ലാമായ ലക്ഷ്മി നായര്‍ക്ക് കൂസലൊന്നുമില്ല. ദളിത് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചതിന്റെ പേരിലുള്ള കേസില്‍ അവരെ 23-ാം തീയതിവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നു. നായരില്‍ നിന്ന് ദളിതന് നീതിലഭിക്കുമോ എന്ന് പറയാന്‍ പറ്റില്ല. കാരണം കേരളം ഇന്നും ആ പഴയ ഭ്രാന്താലയം തന്നെ. പക്ഷേ ലോ അക്കാദമി സമരത്തിന്റെ ക്രെഡിറ്റ് എസ്.എഫ്.ഐ പോക്കറ്റിലിട്ടിരിക്കുകയാണ്. വിരുന്നു വന്നവന്‍ വീട്ടുകാരനായി എന്ന് പറയുംപോലെയായി കാര്യങ്ങള്‍. ലോ അക്കാദമി സമരത്തില്‍ എസ്.എഫ്.ഐ നേടിയതില്‍ കൂടുതലൊന്നും പിന്നീട് ആരും നേടിയില്ലെന്ന് സി.പി.എം സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മേനിനടിക്കുകയുണ്ടായി. ഊതു കേട്ട് കാനം ചാടി വീണു. തങ്ങള്‍ ശരി, തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്യൂണിസ്റ്റ് സമീപനമല്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ 'ജനാധിപത്യം, സോഷ്യലിസം' എന്ന് കൊടിയില്‍ എഴുതിവെച്ചാല്‍ പോരാ. പ്രവര്‍ത്തനത്തിലും അത് വരണം...ഇതാണ് കാനത്തിന്റെ എരിവുള്ള പൊരിച്ച വാക്കുകള്‍.

ഇങ്ങനെ പല കാര്യത്തിലും സി.പി.ഐ-സി.പി.എം തര്‍ക്കത്തിന് ചൂടേറുകയാണ്. വരുന്ന നിയമസഭാ സമ്മേളനത്തിനുമുമ്പ് സംഗതി പറഞ്ഞൊതുക്കിയില്ലെങ്കില്‍ പ്രതിപക്ഷം അതേപ്പിടിച്ച് ഞാലും. ഈ പരസ്യ വിഴുപ്പലക്കലില്‍ മറ്റ് ഘടകക്ഷികളുടെ തൊലി ഉരിയുന്നുണ്ടെങ്കിലും കടിപിടി കൂടുന്നത് മുഴുത്തവരായതുകൊണ്ട് മിണ്ടുന്നില്ല. കൊമ്പുകോര്‍ക്കല്‍ അവസാനിപ്പിക്കാന്‍ ഈ ഇരുപതാം തീയതി ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. ഇതൊക്കെ എങ്ങനെയെങ്കിലും പറഞ്ഞു തീര്‍ക്കാം. എന്നാല്‍ ആ അച്ചുമ്മാമനെ എങ്ങനെ ഒതുക്കുമെന്നാതാണ് വിഷയം. പാമ്പാടി നെഹ്‌റു കോളേജിലെ, ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ വീട്ടില്‍ പോയ വി.എസ് ജിഷ്ണുവിന്റെ അമ്മയുടെ കണ്ണീരൊപ്പിയ ശേഷം, കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാരിന്റെ പിടിപ്പുകേടിനെ കണക്കിന് കുറ്റപ്പെടുത്തുകയുണ്ടായി. ജിഷ്ണുവിന്റെ വീട്ടില്‍ പിണറായി വിജയന്‍ പോകാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതാണ് വി.എസ് അവസരോചിതമായി 'മുലെടുത്ത'ത്. പണ്ട് സി.പി.എമ്മുകാര്‍ 53 തവണ വെട്ടിക്കൊന്ന ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയുടെ കണ്ണീരും ഇതേ പോലെ അച്യുതാനന്ദന്‍ ഒപ്പിയിരുന്നു. കണ്ണീരൊപ്പാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അദ്ദേഹം വിട്ടുകളയാറില്ല. ഇതൊക്കെ പിണറായിക്കിട്ടുള്ള ആത്മനിര്‍വൃതിയുള്ള ഒപ്പീരല്ലെന്നാരറിഞ്ഞു...

വിവരാവകാശമില്ലാത്ത ഒരു'ലോ'അക്കാദമിക് കലഹം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക