Image

തമിഴ്‌നാട്‌ നിയമസഭയില്‍ സംഘര്‍ഷം; സ്‌പീക്കറുടെ കസേര തകര്‍ത്തു ; വോട്ടെടുപ്പ്‌ നിര്‍ത്തിവെച്ചു

Published on 18 February, 2017
തമിഴ്‌നാട്‌ നിയമസഭയില്‍ സംഘര്‍ഷം; സ്‌പീക്കറുടെ കസേര തകര്‍ത്തു ; വോട്ടെടുപ്പ്‌ നിര്‍ത്തിവെച്ചു


ചെന്നൈ: തമിഴ്‌നാട്‌ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ സംഘര്‍ഷവും കൂട്ടത്തല്ലും. പ്രതിപക്ഷമായ ഡിഎംകെ അംഗങ്ങള്‍ സ്‌പീക്കറെ വളഞ്ഞ്‌ ഡയസില്‍ കയറി. സ്‌പീക്കറുടെ കസേര തകര്‍ത്തു.മൈക്കും അടിച്ചു തകര്‍ത്തു. ഇതോടെ വിശ്വാസവോട്ടെടുപ്പ്‌ നിര്‍ത്തിവെച്ച്‌ സ്‌പീക്കര്‍ ചേംബറിലേക്ക്‌ മടങ്ങി. സഭ ഒരുമണിവരെ നിര്‍ത്തിവെച്ചു. 

 രഹസ്യബാലറ്റ്‌ ആവശ്യപ്പെട്ടാണ്‌ ഡി.എം.കെയും പനീര്‍ശെല്‍വം പക്ഷവും രംഗത്തെത്തിയത്‌. രഹസ്യബാലറ്റിനായി ഡി.എം.കെ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കര്‍ അത്‌ നിഷേധിക്കുകയായിരുന്നു. 


സഭാനടപടികളെക്കുറിച്ച്‌ ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന്‌ തനിക്കറിയാമെന്നും സ്‌പീക്കര്‍ പി.ധനപാല്‍ നിലപാടെടുത്തു.
തുടര്‍ന്ന്‌ എം.എല്‍.എമാര്‍ മൈക്ക്‌ വലിച്ചെറിയുകയും സ്‌പീക്കറുടെ മുഖത്തേക്ക്‌ പേപ്പര്‍ കീറിയെറിയുകയുമായിരുന്നു. മീഡിയാ റൂമിലെ ശബ്ദസംവിധാനവും നീക്കം ചെയ്‌തിട്ടുണ്ട്‌.
നിയമസഭ 1 മണി വരെ നിര്‍ത്തിവെച്ചതായി ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്‌. പൊലീസ്‌ അസംബ്ലിക്കകത്തേക്ക്‌ കയറിയിട്ടുണ്ടെന്നാണ്‌ വിവരം. 


വോട്ടെടുപ്പു നീട്ടിവയ്‌ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന്‌ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായാണ്‌ പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും പ്രതിഷേധം.



രാവിലെ പളനിസ്വാമി സര്‍ക്കാരിനുള്ള വിശ്വാസവോട്ടെടുപ്പ്‌ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നും മൂന്ന്‌ ഘട്ടം വോട്ടെടുപ്പ്‌ നടത്തി. ഈ സാഹചര്യത്തിലാണ്‌ അക്രമങ്ങള്‍ അരങ്ങേറിയത്‌.

എം എല്‍ എ മാരെ ആറുവിഭാഗമാക്കി തിരിച്ചാണ്‌ വോട്ടെടുപ്പ്‌ തുടങ്ങിയത്‌. ഇതിനിടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. രഹസ്യ വോട്ടെടുപ്പ്‌ വേണമെന്ന്‌ പനീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടത്‌ സ്‌പീകര്‍ നിഷേധിച്ചിരുന്നു.

ജനങ്ങളുടെ ശബ്ദം എംഎല്‍എമാരിലൂടെ സഭയില്‍ മുഴങ്ങണമെന്ന്‌ പന്നീര്‍ശെല്‍വം ആവശ്യപ്പെട്ടു. ജനാധിപത്യം ഉയര്‍ത്തി പിടിക്കാന്‍ രഹസ്യ ബാലറ്റ്‌ വേണമെന്ന്‌ ഡിഎംകെ നേതാവ്‌ സ്റ്റാലിനും ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പ്‌ തീരുമാനിക്കാനുള്ള വിവേചനാധികാരം തനിക്കുണ്ടെന്നാണ്‌ ്‌ സ്‌പീക്കര്‍ പി. ധനപാല്‍ പറഞ്ഞത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക