Image

കമലിനും മഞ്ജുവിനുമെതിരെ സാംസ്‌കാരിക ഫാസിസ്റ്റ് വേട്ട (എ.എസ് ശ്രീകുമാര്‍)

Published on 18 February, 2017
കമലിനും മഞ്ജുവിനുമെതിരെ സാംസ്‌കാരിക ഫാസിസ്റ്റ് വേട്ട (എ.എസ് ശ്രീകുമാര്‍)
ഒട്ടേറെ മോഹിപ്പിക്കുന്ന രചനകളിലൂടെ ലോകമറിയുന്ന എഴുത്തുകാരിയാണ് മലയാളത്തിനെന്നും അഭിമാനിക്കാവുന്ന മാധവിക്കുട്ടി എന്ന കമലാദാസും കമലാ സുരയ്യയും. മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിരവധി ക്ലാസിക് സിനിമകളുടെ ദേവശില്പിയാണ് കമല്‍ എന്ന കമാലുദ്ദീന്‍. ദേശീയ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയും നര്‍ത്തകിയും കലാകാരിയുമാണ് മഞ്ജു എന്ന മഞ്ജു വാര്യര്‍. ഈ മൂന്ന് വ്യക്തിത്വങ്ങളെയും ഒരു കമ്പാര്‍ട്ടുമെന്റിലാക്കിക്കൊണ്ട് അനാശാസ്യമായ ഒരു വിവാദമിവിടെ ഉടലെടുത്തിരിക്കുന്നു. അനവസരത്തിലുള്ളതും അനുചിതവുമായ ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നാം ഓര്‍ക്കുന്നത് വിശ്വവിജയിയായ സ്വാമി വിവേകാനന്ദനെയാണ്. എത്രയോ സംവത്സരങ്ങള്‍ക്കു മുമ്പ് അദ്ദേഹം തന്റെ ചൂണ്ടു വിരല്‍ തൊട്ട് ഹൃദയവേദനയോടെ പറഞ്ഞ ആ ഭ്രാന്താലയത്തിലേക്ക് കേരളം വേഗത്തിലടുക്കുകയാണോ എന്ന് വേദനയോടെ ആത്മപരിശോധന നടത്തേണ്ട സമയമായിരിക്കുന്നു. 

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന സിനിമയില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യുന്ന മഞ്ജു വാര്യര്‍ക്കു നേരെ സംഘപരിവാര്‍ ശക്തികള്‍ നടത്തിയ സൈബര്‍ ആക്രമണത്തെ അസഹിഷ്ണുതയുടെ അടയാളമായി വിശേഷിപ്പിക്കാമെങ്കില്‍ കമലിനു നേരെ മുസ്ലീം വര്‍ഗീയ വാദികള്‍ വാളെടുത്തതിനെ അതിലും ഹീനമായ ഭാഷയിലാണ് വിശേഷിപ്പിക്കേണ്ടത്. കമലിനെതിരെയുള്ള സംഘടിത ആക്രമണം നടന്നത് ഈ അടുത്ത നാളിലാണ്. തിരുവനന്തപുരത്ത് അരങ്ങേറിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ തീയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ചിലര്‍ ബോധപൂര്‍വം ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയുണ്ടായി.  അവര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലെന്ന തെറ്റിദ്ധാരണാജനകമായ കിംവദന്തി അഴിച്ചുവിട്ടാണ് കമലിനെ ക്രൂശിക്കാന്‍ സംഘികളും വെമ്പല്‍ കൊണ്ടത്. അതിന്റെയൊക്കെ തുടര്‍ച്ചയാണ് 'ആമി' എന്ന ചിത്രത്തിന്റെ പേരില്‍ മഞ്ജുവിന് പരോക്ഷമായും കമലിന് പ്രത്യക്ഷമായും ഭീഷണി വന്നിരിക്കുന്നത്. 

നമുക്കറിയാം, വിഖ്യാതനായ ജെ.സി ഡാനിയേലിന്റെ 'വിഗതകുമാരന്‍' എന്ന മഹാസിനിമയിലെ നായിക റോസി ദളിത സ്ത്രീയായതു കൊണ്ട് അവര്‍ക്ക് തന്റെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ഇപ്പോള്‍ മാധവിക്കുട്ടിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ മേക്കപ്പിടുന്ന മഞ്ജു വാര്യര്‍ക്ക് സിനിമയില്‍ നിന്നു തന്നെ പലായനം ചെയ്യേണ്ടി വരുമോ എന്നാണ് ഭയപ്പെടുത്തുന്ന സ്ഥിതി. സംഘപരിവാര്‍ ഈ വിവാദത്തിലൂടെ സാംസ്‌കാരിക ഫാസിസത്തിന്റെ യുദ്ധമുഖം തുറക്കുകയാണ്. മുസ്ലീം മതഭീകരര്‍ ചെയ്യുന്നതും അതു തന്നെ. ഇരു കൂട്ടരും ഒരേ തൂവല്‍ പക്ഷികളാണ്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പകയുടെയും ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തിരിക്കുകയാണീ കൂട്ടര്‍. ഇവര്‍ ഒരേ വാക്കുകള്‍ കൊണ്ടാണ്, ഒരേ ആയുധങ്ങള്‍ കൊണ്ടാണ,് ഒരേ ശൈലിയില്‍ തന്നെയാണ് കലാ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കുന്നത്. ധാബോല്‍ക്കര്‍ മുതല്‍ കല്‍ബുര്‍ഗി വരെയുള്ളവരുടെ ദുരന്തങ്ങള്‍ തന്നെ ഉദാഹരണം. എം.ടിയും കമലുമെല്ലാം അതിന്റെ പുതിയ ഇരകളാണ്. 

മാധവിക്കുട്ടി ഹിന്ദുമതത്തിന്റെ ഉന്നത ശ്രേണിയില്‍ നിന്ന് മുസ്ലീം മതത്തിലേക്ക് മാറിയ വ്യക്തിയാണ്. മാധവിക്കുട്ടിയുടെ ജീവിതം കമല്‍ സിനിമയാക്കുമ്പോള്‍ അതില്‍ ചില ദുഷ്ടലാക്കുകള്‍ ഉണ്ടെന്ന് ഈ ഫാസിസ്റ്റ് ശക്തികള്‍ പച്ചയ്ക്ക് പറയുന്നു.   ആമിയില്‍ മാധവിക്കുട്ടിയുടെ റോള്‍ ചെയ്യാനിരുന്നത് ബോളിവുഡ് നടി വിദ്യ ബാലനായിരുന്നു. എന്നാല്‍ വിവാദം രൂക്ഷമായതോടെ വിദ്യ പിന്മാറുകയായിരുന്നു. ഇതിന്റെ കാരണം വിദ്യാ ബാലന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. കേന്ദ്ര സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് വിദ്യാ ബാലന്‍. സ്വാഭാവികമായിട്ടും ആമിയില്‍ അഭിനയിക്കുന്നതിനെതിരെ വിദ്യാ ബാലന് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവാം. പരസ്യത്തിലഭിനയിക്കുന്നതിനപ്പുറം ഇവിടെയും കണ്ടത് അസഹിഷ്ണുതയുടെ വേരോട്ടം തന്നെയാണ്. ഒരു കലാകാരിക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരു കഥാപാത്രത്തെ പോലും തിരഞ്ഞെടുക്കാനുള്ള അവകാശം ഭീഷണിയുടെ സ്വരത്തില്‍ നിഷേധിക്കപ്പെടുകയാണ്. വിദ്യാബാലന്റെ പിന്‍മാറ്റത്തെ ഇങ്ങനെ കാണാം. 

അതേസമയം, തനിക്കു നേരെയുള്ള സൈബര്‍ ആക്രമണത്തിന്റെ വെളിച്ചത്തില്‍ മഞ്ജു വാര്യര്‍ പ്രതിരോധത്തിലാവുകയും ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിടുകയും ചെയ്തു. ''ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായി മാത്രം കാണുക...'' എന്നെഴുതിയിരിക്കുന്ന മഞ്ജു പറയുന്നത്, മാധവിക്കുട്ടി എന്ന എഴുത്തുകാരി ഒരു ഇതിഹാസമാണെന്നും അവരെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയെയും പോലെ തന്നെയും കൊതിപ്പിക്കുന്നുവെന്നുമാണ്. ''ഇന്ത്യയില്‍ ജനിച്ച ഏതൊരാളെയും പോലെ എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം. എന്നും രണ്ടു നേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതു പോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോക സിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് എന്റെ വിശ്വാസം...'' ഡിഫന്‍സ് എടുത്തു കൊണ്ട് മഞ്ജു ചൂണ്ടിക്കാട്ടുന്നു.

മതം വെറുമൊരു പുറംചട്ട മാത്രമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച സാഹിത്യകാരിയാണ് മാധവിക്കുട്ടി. എന്നാല്‍ അവര്‍ ലൗ ജിഹാദിന്റെ ഇരയാണെന്നൊക്കെപ്പറ്റിയുള്ള അഭിപ്രായ പ്രകടനം വന്നിട്ടുണ്ട്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് അത്രമേല്‍ പ്രാധാന്യം കല്‍പ്പിക്കേണ്ട കാര്യമില്ല. മാധവിക്കുട്ടിയുടെ ആത്മകഥ സാഹിത്യ രംഗത്ത് വലിയ സ്‌ഫോടനം ഉണ്ടാക്കി എന്നത് സത്യമാണ്. എന്നാല്‍ ഇതിലേറിയ പങ്കും തന്റെ ഭാവനയാണെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഒരു വിലാപഗാഥയാണത്രേ ഈ കൃതി. ഭാരത സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതെങ്ങിനെയെന്നും അവഹേളിക്കപ്പെടുന്നതെങ്ങിനെയെന്നും അവരുടെ ഈ ജീവചരിത്ര പുസ്തകം വെളിപ്പെടുത്തുന്നു. ഗുരുതരമായ ഈ പ്രശ്‌നം അനുവാചകരുടെ മനസ്സില്‍ പതിഞ്ഞു കിട്ടുന്നതിനു വേണ്ടിയാണ് മാധവിക്കുട്ടി ഇത് തന്റെ സ്വന്തം കഥയാണെന്ന് സങ്കല്‍പ്പിക്കുന്നത്. 

മാധവിക്കുട്ടിയില്‍ നാം കാണാത്ത വിവിധ ആശയങ്ങളുടെ പ്രകാശമുണ്ട്. എല്ലാവരെയും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുകയും മൂല്യങ്ങളെ ആരാധിക്കുകയും ചൂഷണത്തിനെതിരെ എഴുത്ത് ആയുധമാക്കുകയും ചെയ്ത പച്ച മനുഷ്യസ്ത്രീയാണ് മാധവിക്കുട്ടി. ആ സര്‍ഗ ജീവിതത്തിലെ സംഭവങ്ങളില്‍ ചിലതാണ് ദാമ്പത്യം, പ്രണയം, മാതൃത്വം, മതം മാറ്റം തുടങ്ങിയവ. ആ മതംമാറ്റം മാത്രമാണ് മാധവിക്കുട്ടി എന്ന് ചിന്തിക്കുമ്പോഴാണ് ഫാസിസം സടകുടഞ്ഞെഴുന്നേറ്റ് ആക്രമണോത്സുകരാകുന്നത്. ഒരു പക്ഷേ, ഒരു വ്യക്തിക്ക് അനുകൂലിക്കാനും അനുകൂലിക്കാതിരിക്കാനുമുള്ള കാര്യങ്ങള്‍ മാധവിക്കുട്ടി ചെയ്തിട്ടുണ്ടാവാം. അതൊക്കെ സ്വാഭാവികമാണ്. വ്യക്തിനിഷ്ഠമാണ്. 

തനിക്കെതിരെയുള്ള വര്‍ഗീയ ശക്തികളുടെ ഭീഷണികളെ തൃണ സമാനം തള്ളിക്കളഞ്ഞു കൊണ്ട് കമല്‍ പറയുന്നത് കേള്‍ക്കുക...''ഇത്തരം നിലപാടുകള്‍ പലരും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഭയമുണ്ടായിരുന്നെങ്കില്‍ ഞാനീ സിനിമയുമായി മുന്നോട്ടു പോകുമായിരുന്നില്ല. ഈ സിനിമയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തില്‍ തന്നെ മാധവിക്കുട്ടി ആരാണെന്നും അവരെ പൊതു സമൂഹം എങ്ങനെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒക്കെയുള്ള വ്യക്തമായ ധാരണ എനിക്കുണ്ട്. പക്ഷേ സിനിമ ഇറങ്ങട്ടെ, അപ്പോള്‍ ചര്‍ച്ച ചെയ്യാം. വിവാദങ്ങളെ പറ്റി അപ്പോള്‍ ആലോചിക്കാം. ഒരു എഴുത്തുകാരി എന്ന നിലയില്‍ മാധവിക്കുട്ടി സമൂഹത്തില്‍ എങ്ങിനെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്, ഒരു വ്യക്തി, ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ എത്രമാത്രം ബോള്‍ഡായി അവരുടെ തീരുമാനങ്ങളും നിലപാടുകളും എടുത്തിട്ടുണ്ട് എന്ന് പരിശോധിക്കപ്പെടുകയാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രത്തെ, അല്ലെങ്കില്‍ ജീവിച്ച ഒരു ആരാധനാ പാത്രത്തെ ആവിഷ്‌കരിക്കുമ്പോള്‍ തീര്‍ച്ചയായും എനിക്ക് അവരുടെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കേണ്ടി വരും...''

തന്റെ സങ്കല്പത്തിലുള്ള മാധവിക്കുട്ടിയെ അവതരിപ്പിക്കുവാന്‍ ഒരു കലാകാരന്‍, ഒരു ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ കമലിന് അവകാശമുണ്ട്. പക്ഷേ, കമല്‍ എങ്ങനെ സിനിമയെടുക്കണം എന്ന് അദ്ദേഹത്തോട് ആജ്ഞാപിക്കാന്‍ നമുക്കൊരിക്കലും അവകാശമില്ല. കമലിന്റേതൊരിക്കലും മതപരമായ സ്വത്വമല്ല. അതുകൊണ്ടാണ് മുസ്ലീം വര്‍ഗീയ വാദികളും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. മുമ്പ് സൂചിപ്പിച്ച ഒരേ തൂവല്‍ പക്ഷികള്‍ ഒരു മത സത്വം ആരോപിച്ച് കമലിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം അനാരോഗ്യകരമാണ്, അത് സംസ്‌കാര ശൂന്യമാണ്. അതിന്റെ ഏറ്റവും അടിത്തട്ടിലുള്ളത് ഇരുണ്ട ഒരു ഫാസിസ്റ്റ് മനസാണ് എന്ന് നാം തിരിച്ചറിയണം. മാധവിക്കുട്ടിയെ പ്രബുദ്ധരായ വായനാ ലോകം എപ്പോഴേ ഹൃദയത്തിലേറ്റിയിരുന്നു. കമലിനെയും മഞ്ജു വാര്യരെയും നമ്മുടെ ആസ്വാദനത്തിന്റെ ശ്രീലകങ്ങളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. നല്ല സിനിമയുടെ വക്താക്കള്‍ എന്നും സാംസ്‌കാരിക ഫാസിസത്തിന്റെ മുനയൊടിച്ചിട്ടേ ഉള്ളു. ഒരു പ്രണയനഷ്ടത്തിന്റെ പേരില്‍ വേദനിച്ച് മണ്‍മറഞ്ഞ മാധവിക്കുട്ടിയെ ഓര്‍ക്കുന്നതോടൊപ്പം കമലിന്റെ ആമിയെ വെള്ളിത്തിരയില്‍ കാണാന്‍, മഞ്ജുവിന്റെ പകര്‍ന്നാട്ടം കണ്ട് അഭിരമിക്കാന്‍ കാത്തിരിക്കുകയാണ് സഹൃദയര്‍. അങ്ങിനെ നമുക്ക്  ആ നീര്‍മാതളം പൂത്ത കാലത്തിലേക്ക് ഒരോര്‍മത്തേരിലേറി പോകാം...

കമലിനും മഞ്ജുവിനുമെതിരെ സാംസ്‌കാരിക ഫാസിസ്റ്റ് വേട്ട (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
James Mathew, Chicago 2017-02-18 08:48:48
മഞജു വാര്യർ നല്ല നടിയാണ്. എന്നാൽ മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ അവർ പോരാ. അഭിനയം മാത്രം പോരല്ലോ ആകാരവും വേണ്ടേ?
പാർവ്വതി ജയറാം നന്നാകുമായിരുന്നു. കന്നട നടി
വിനയപ്രസാദ്‌ നന്നാകും. ബാല്യ യൗവ്വന കാലത്തിനു ഒരു നടിയെ കണ്ടെത്തണം. അതിനായി കമല കണ്ടെത്തിയ പാർവതി മേനോൻ നല്ലതായിരുന്നു പക്ഷെ അവർക്ക് മുഴുനീള റോൾ വേണമെന്ന് ശാഠ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക